ഈ സംസ്ഥാനക്കാര്‍ ഓടുന്ന ബസിലും ഇനി പാര്‍ട്ടി ആഘോഷിക്കും! കേരള എംവിഡി കാണുന്നുണ്ടോ?
നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിനാളുകള്‍ യാത്രാമാര്‍ഗമായ ഉപയോഗിക്കുന്ന വാഹനമാണ് ബസ്. ചിലര്‍ ബസുകര്‍ കാരവാനുകളായി മാറ്റുന്നു. നമ്മുടെ നാട്ടില്‍ ടൂറിസ്റ്റ് ബസുകള്‍ രൂപമാറ്റം നടത്തുന്നതിനെതിരെ വടിയെടുക്കുന്നവരാണ് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി). എന്നാല്‍ നമ്മുടെ രാജ്യത്തെ തന്നെ മറ്റൊരു സംസ്ഥാനത്ത് ഇപ്പോള്‍ മൊബൈല്‍ പാര്‍ട്ടി ബസ് കണ്‍സെപ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
സമയമെന്നത് ഒരു ദിവസം എല്ലാവര്‍ക്കും 24 മണിക്കൂറാണെങ്കിലും സമയമില്ലെന്ന് പറഞ്ഞ് നെട്ടോട്ടേമോടുന്നവരെ നമുക്ക് കാണാം. എല്ലാവര്‍ക്കും തിരക്കോട് തിരക്കാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ആളുകളുടെ സൗകര്യങ്ങള്‍ പരിഗണിച്ച് പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ വരുന്നത്. ഇന്ന് നമ്മുടെ സമൂഹത്തില്‍ പാര്‍ട്ടി സംസ്‌കാരം കൂടി വരുന്നുണ്ട്. ജീവിതം ആഘോഷമാക്കുന്ന പുതുതലമുറയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് പാര്‍ട്ടികള്‍. പലപ്പോഴും പബുകള്‍, പാര്‍ട്ടിഹാളുകള്‍ എന്നിവ കൂടാതെ ഹൗസ് പാര്‍ട്ടികളും മറ്റും അരങ്ങേറാറുണ്ട്.

ഈ സമയത്താണ് പാര്‍ട്ടി-ഓണ്‍-വീല്‍ എന്ന ആശയവുമായി രാജസ്ഥാനിലെ മേവാര ട്രാവല്‍സ് രംഗത്തെത്തിയിരിക്കുന്നത്. ഇത് അനുസരിച്ച് താല്‍പ്പര്യമുള്ള ആളുകള്‍ക്ക് ആഘോഷങ്ങള്‍ക്ക് കൊണ്ടുപോകാന്‍ 'പബ്' ശൈലിയിലുള്ള സ്വകാര്യ ആഡംബര ബസ് ബുക്ക് ചെയ്യാം. ഇത്തരത്തിലുള്ള ബസുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സൈറ്റില്‍ ഒരു പബ് സജ്ജീകരണം നടത്താമെന്ന് മാത്രമല്ല ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഈ ബസില്‍ പാര്‍ട്ടികള്‍ ആസ്വദിക്കാമെന്ന് മേവാര ട്രാവല്‍സ് പറയുന്നു.
ഈ ലക്ഷ്വറി ബസിനകത്ത് നിരവധി കംഫര്‍ട്ട് ഫീച്ചറുകള്‍ കാണാം. ലോഞ്ച് മാതൃകയിലുള്ള സീറ്റുകള്‍, സോഫ, കട്ടിലുകള്‍, ഡാന്‍സ് ഫേ്‌ലാര്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ബസിനുള്ളിലെ താപനില ആവശ്യാനുസരണം ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റവും ഇതിന് ലഭിക്കുന്നു. പാര്‍ട്ടികള്‍ ലൈറ്റിന്റെയും മ്യൂസിക്കിന്റെയും കൂടി ആഘോഷമാണ്. അതുകൊണ്ട് പാര്‍ട്ടി-ഓണ്‍-വീല്‍ ബസില്‍ കസ്റ്റം ലൈറ്റിംഗ്, മ്യൂസിക് സിസ്റ്റം, എല്‍ഇഡി ടെലിവിഷന്‍ എന്നിവയും ഒരുക്കിയിരിക്കുന്നു.

മേവാര ട്രാവല്‍സിന്റെ ഈ സ്‌പെഷ്യല്‍ ബസില്‍ ഡ്രസിംഗ് റൂം അറ്റാച്ച്ഡ് വാഷ്‌റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. മാത്രമല്ല ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഭക്ഷണം റെഡിയാക്കാന്‍ ഒരു കൊച്ചു അടുക്കള പോലും ഇതിനകത്തുണ്ട്. 15 മുതല്‍ 23 വരെ ആളുകള്‍ക്ക് ഈ ബസുകളില്‍ സുഖമായി യാത്ര ചെയ്യാം.
ജന്മദിന പാര്‍ട്ടികള്‍, വിവാഹ പാര്‍ട്ടികള്‍, ബാച്ചിലര്‍ പാര്‍ട്ടികള്‍, ലേഡീസ് ഒണ്‍ലി പാര്‍ട്ടികള്‍ എന്നിവയടക്കമുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ അനുയേജ്യമാണ് 'പാര്‍ട്ടി ഓണ്‍ വീല്‍സ്' ബസുകള്‍ എന്നാണ് മേവാര ട്രാവല്‍സ് പറയുന്നത്. കൂടാതെ ഈ ബസുകള്‍ സിനിമ സ്‌ക്രീനിംഗുകള്‍ക്കും ഉപയോഗിക്കാം. ചെറിയ സംഘം ആളുകളാണെങ്കില്‍ ഔട്ട്‌സ്‌റ്റേഷന്‍ ടൂറുകള്‍ക്കും ഈ ബസ് അനുയോ്യമായിരിക്കും.

ഉപഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ ഭക്ഷണം ഒരുക്കാനും ട്രാവല്‍സ് തയാറാണ്. ഇന്നത്തെ ലക്ഷ്വറി ബസുകളുടെ നിര്‍മാണം ആഡംബര പൂര്‍ണമാണെന്ന് നമുക്കറിയാം. യാത്രയ്ക്കിടെ കുലുങ്ങാതിരിക്കാനും എഞ്ചിന്‍ വൈബ്രേഷനുകള്‍ പോലും ക്യാബിനിനുള്ളില്‍ അനുഭവപ്പെടാതിരിക്കാനും തക്ക രീതിയിലാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുറത്തുനിന്നുള്ള ശബ്ദങ്ങളും അകത്തുള്ളവരെ അലോസരപ്പെടുത്തില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പാര്‍ട്ടി ആഘോഷിക്കാം.
സംഭവം രാജസ്ഥാനിലാണെങ്കിലും ഭാവിയില്‍ ഈ ആശയം നമ്മുടെ സംസാഥാനത്തും എത്തുമെന്ന് പ്രതീക്ഷിക്കാം. ടൂറിസ്റ്റ് ബസുകളിലെ ലേസര്‍ ഷോയും ഭീമന്‍ സൗണ്ട് സിസ്റ്റവുമെല്ലാം അഴിപ്പിച്ച് കളയുന്നവരാണ് നമ്മുടെ സ്വന്തം എംവിഡി. ഇത്തരം ബസുകള്‍ കേരളത്തില്‍ എത്തിയാല്‍ എംവിഡി എന്ത് സമീപനം സ്വീകരിക്കുമെന്ന് നമുക്ക് കണ്ടറിയാം. ഈ പാര്‍ട്ടി ബസ് എന്ന ആശയത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. ഇത്തരമൊരു സൗകര്യം കേരളത്തില്‍ എത്തിയാല്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തുമോ?. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ എഴുതുമല്ലോ.


Click it and Unblock the Notifications








