കാറും ബസുമല്ല, വേണ്ടി വന്നാല്‍ ട്രെയിനും തള്ളും..! വൈറലായി വീഡിയോ, കാരണമറിഞ്ഞാല്‍ കൈയ്യടിക്കും
പണ്ട് കാലത്ത് നമ്മുടെ നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം വളരെ കുറവായിരുന്നെങ്കിലും ഇന്ന് അതല്ല സ്ഥിതി. വാഹനങ്ങള്‍ കൂടിയതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും തകരാറിലായ കാറും ബസുമടക്കമുള്ള വാഹനങ്ങളും റോഡില്‍ ആളുകള്‍ തള്ളുന്ന സംഭവങ്ങള്‍ നമ്മള്‍ ഇന്നും കാണാറുണ്ട്. എല്ലാവരും ജീവിതത്തില്‍ ഒരു തവണയെങ്കിലും ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടാകും. എന്നാല്‍ നിങ്ങള്‍ ആരെങ്കിലും യാത്രക്കാരും മറ്റുള്ളവരും ചേര്‍ന്ന് ഒരു ട്രെയിന്‍ തള്ളിമാറ്റുന്നത് കണ്ടിട്ടുണ്ടോ?. എന്നാല്‍ നമ്മുടെ രാജ്യത്ത് അത്തരമൊരു സംഭവവും നടന്ന് കഴിഞ്ഞു. എന്തും ഏതും സെക്കന്‍ഡുകള്‍ കൊണ്ട് വൈറലാകുന്ന ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട വീഡിയോകളില്‍ ഒന്നായിരുന്നു. അത്.
സഞ്ചാരത്തിനിടെ ഓഫായിപ്പോകുകയോ തകരാറിലാകുകയോ ചെയ്യുന്ന വാഹനങ്ങളാണ് പൊതുവേ ആളുകള്‍ ചേര്‍ന്ന് തളളിമാറ്റുന്നത്. സ്റ്റാര്‍ട്ട് ആകാതെ വരുമ്പോള്‍ അറ്റകൈക്ക് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ വേണ്ടി പരസഹായം തേടേണ്ടതായി വരും. ചെറിയ വാഹനങ്ങള്‍ ആണെങ്കില്‍ നാലോ അഞ്ചോ പേര്‍ മതിയാകും. എന്നാല്‍ ബസ് പോലെയുള്ള വലിയ വാഹനങ്ങള്‍ തള്ളി സ്റ്റാര്‍ട്ട് ആക്കാനോ അതുമല്ലെങ്കില്‍ വശങ്ങളിലേക്ക് ഒതുക്കി മാറ്റി നിര്‍ത്താനോ പത്തോ ഇരുപതോ പേര്‍ വേണ്ടി വരും.

എന്നാല്‍ കഴിഞ്ഞ ദിവസം ബീഹാറില്‍ കുറേയാളുകള്‍ ചേര്‍ന്ന് ഒരു ട്രെയിന്‍ തള്ളുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കേട്ടുകേള്‍വിയില്ലാത്ത ഒരു സംഗതിക്ക് സാക്ഷ്യം വഹിച്ച നെറ്റിസണ്‍സ് ഇത് ഇന്ത്യയില്‍ മാത്രമേ നടക്കൂവെന്നാണ് പറയുന്നത്. എന്നാല്‍ പലര്‍ക്കും ഇതിന്റെ കാരണമായിരുന്നു അറിയേണ്ടിയിരുന്നത്. നിങ്ങള്‍ക്കും അത് അറിയാന്‍ താല്‍പര്യമുണ്ടാകും. അത് ചുവടെ വിവരിക്കാം.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 5:25ന് പട്‌നയില്‍ നിന്ന് ജസ്തിതിയിലേക്ക് പോകുകയായിരുന്നു ഈ ട്രെയിന്‍. സാധാരണ ദിവസത്തെ പോലെ ട്രെയിനില്‍ നൂറുകണക്കിനാളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്തു. ലഖിസരായിയിലെ കിയൂല്‍ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ യാത്രക്കാരെല്ലാം കോച്ചില്‍ നിന്ന് പുറത്തിറങ്ങി. വിവരം ഉടന്‍ തന്നെ റെയില്‍വേ സ്‌റ്റേഷന്‍ അധികൃതരെ അറിയിച്ചു.

ദ്രുതഗതിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച സ്‌റ്റേഷന്‍ അധികാരികള്‍ മുന്‍കരുതലെന്ന നിലയില്‍ ട്രെയിനിലെ എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു. തീ ബോഗിക്ക് സമീപമുണ്ടായിരുന്ന മറ്റ് ബോഗികള്‍ വേര്‍പെടുത്തി ദൂരേക്ക് മാറ്റാന്‍ ശ്രമിച്ചു. തീപിടിച്ച ബോഗിയില്‍ നിന്ന് അടുത്തുള്ള ബോഗികളിലേക്ക് തീ പടരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ കോച്ചുകളെ മാറ്റുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് കൂടുതല്‍ സമയമെടുക്കും. വൈകിയാല്‍ തീ പടരാനുള്ള സാധ്യത ഏറെയാണെന്ന കാരണം മുന്‍നിര്‍ത്തി സ്‌റ്റേഷന്‍ അധികൃതര്‍ പൊതുജനങ്ങളുടെ സഹായം തേടി.
ഇപ്രകാരം ബോഗികള്‍ വേര്‍പെടുത്തി പൊതുജനങ്ങള്‍ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകള്‍ തള്ളിമാറ്റുന്നതാണ് വൈറല്‍ വീഡിയോയില്‍ കാണുന്നത്. വീഡിയോ വൈറലായതോടെ ഇന്ത്യന്‍ റെയില്‍വേയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പൊതുമേഖല സ്ഥാപനത്തെ ടാഗ് ചെയ്ത് കൊണ്ടു ചോദ്യങ്ങള്‍ ഉന്നയിച്ചു. ബീഹാറില്‍ നടന്ന സംഭവമാണിതെന്നും ട്രെയിന്‍ രക്ഷിക്കാന്‍ പൊതുജനങ്ങള്‍ സഹായിച്ചെന്നും ഈസ്‌റ്റേണ്‍ റെയില്‍വേ മറുപടി നല്‍കി.

ട്രെയിനിന് തീപിടിക്കാനുണ്ടായ സാഹചര്യം റെയില്‍വേ അന്വേഷിച്ച് വരികയാണ്. ഷോര്‍ട്‌സര്‍ക്യൂട്ട് പോലെ വല്ല സാങ്കേതിക തകരാറോ മറ്റേ അണോ അതോ വല്ല അട്ടിമറി ശ്രമങ്ങളും നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ എല്ലാം അന്വേഷിക്കും. എന്നാല്‍ വൈറല്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ അതില്‍ തീവണ്ടിക്ക് തീപിടിച്ചതായി കാണാന്‍ സാധിക്കില്ല. എന്നാല്‍ നേരിയ തോതില്‍ തീ അണച്ചതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. തീപിടിത്തമുണ്ടായ ബോഗിയില്‍ നിന്ന് തെല്ലകലെ നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് തോന്നുന്നത്.
അതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഏതായാലും വീഡിയോ വൈറലായതോടെ റെയില്‍വേയെ ട്രോളി നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ ഇവിടെ പൊതുജനങ്ങള്‍ തീവണ്ടി തള്ളിയത് ഒരു വന്‍ അപകടം ഒഴിവാക്കാനുള്ള കൂട്ടായ ശ്രമമായിരുന്നു. പൊതുജനങ്ങളുടെ സഹായവും അധികൃതരുടെ സമയോജിതമായ പ്രവര്‍ത്തനവും വലിയ അപകടം ഒഴിവാക്കി എന്ന കാര്യത്തില്‍ സംശയമില്ല. ബീഹാറില്‍ നിന്നല്ല ഇനി ഒരുപക്ഷേ കേരളത്തില്‍ ആണെങ്കിലും ഇതാകും നടക്കുക. ഏതായാലും ഈ വൈറല്‍ വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








