'വേദനിക്കുന്ന കോടീശ്വരന്‍'; തനിക്ക് ലക്ഷ്വറി കാറുകളില്ലെന്ന് കിംഗ് ഖാന്‍
ബോളിവുഡിന്റെ കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന നടനാണ് ഷാരൂഖ് ഖാന്‍. ലോകത്തിലെ ഏറ്റവും സമ്പന്നനായ നടന്‍മാരില്‍ ഒരാളായ ഷാരൂഖന്റെ പേരില്‍ ഒരു ആഢംബര കാര്‍ പോലുമില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. തന്റെ ഉടമസ്ഥതയിലുള്ള കാറുകളെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച ആഢംബര കാറുകളുടെ പട്ടിക വ്യാജമാണെന്നാണ് ഷാരൂഖ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ചലച്ചിത്ര പ്രേമികള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടനാണ് ഷാരൂഖ് ഖാന്‍. യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാതെ വന്ന് ബോളിവുഡിന്റെ ബാദ്ഷായായി അരങ്ങ് വാഴുന്ന ഷാരൂഖ് സമീപകാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ചലച്ചിത്ര ലോകം കണ്ട ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നാണ് ആരാധകര്‍ 'എസ്ആര്‍കെ' എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന ഷാരൂഖ് ബോളിവുഡിന് കാണിച്ച് കൊടുത്തത്.

കഴിഞ്ഞ പതിറ്റാണ്ടില്‍ തന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ഷാരൂഖ് അടുത്തിടെ പുറത്തിറങ്ങിയ പത്താനിലൂടെ റെക്കോഡുകള്‍ പഴങ്കഥയാക്കിയിരുന്നു. കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ചിത്രം കഴിഞ്ഞ ദിവസം 1000 കോടി ക്ലബിലും ഇടം നേടി. തന്റെ ചിത്രത്തിന്റെ വിജയത്തിനൊപ്പം തന്നെ ഷാരൂഖ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വളരെ ആക്ടീവാണ്. ട്വിറ്ററിലൂടെ അദ്ദേഹം ആരാധകരുമായി സംവദിക്കുന്നുണ്ട്.
#AskSRK എന്ന ഹാഷ്ടാഗ് സൃഷ്ടിച്ചാണ് അദ്ദേഹം ആരാധകരുമായി സംസാരിക്കുന്നത്. ആരാധകരുടെ ചോദ്യങ്ങളുടെ കുത്തൊഴുക്കിനിടയില്‍ നിന്ന് തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് എസ്ആര്‍കെ മറുപടി നല്‍കുന്നത്. 'നിങ്ങളുടെ കാര്‍നിരയിലെ ഏറ്റവും പ്രിയപ്പെട്ട കാര്‍ ഏതാണ്? ഒരിക്കലും വില്‍ക്കാന്‍ സാധ്യതയില്ലാത്ത കാര്‍' ഈ ചോദ്യത്തിനായിരുന്നു ഒരു ആരാധകന് ഉത്തരം ലഭിക്കേണ്ടിയിരുന്നത്. ഇതിന്റെ ഉത്തരമായിട്ടായിരുന്നു ഷാരൂഖിന്റെ ഞെട്ടിക്കുന്ന മറുപടി.

'വലിയ ആഡംബര കാറുകളൊന്നും എനിക്കില്ല. ഹ്യുണ്ടായി കാറുകള്‍ മാറ്റിനിര്‍ത്തിയാല്‍. എന്റെ ഉടമസ്ഥതയിലുള്ള ആഢംബര കാറുകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച എല്ലാ ലേഖനങ്ങളും വ്യാജമാണ്' ഷാരൂഖ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സിനിമയിലെ വിലപിടിപ്പുള്ള നടന്‍മാരില്‍ ഒരാളും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സൂപ്പര്‍ താരങ്ങളില്‍ ഒരാളും കൂടിയായ അദ്ദേഹത്തിന്റെ പേരില്‍ ആഢംബര കാറുകളൊന്നും ഇല്ല എന്ന വെളിപ്പെടുത്തല്‍ പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ബുഗാട്ടി വെറോണ്‍, ബിഎംഡബ്ല്യു i8, റോള്‍സ് റോയ്‌സ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെ എന്നീ ആഢംബര കാറുകള്‍ ഷാരൂഖിന്റെ ഗരാജിലുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ കാറുകള്‍ ഷാരൂഖിനുണ്ടെന്ന് വ്യക്തമാക്കുന്ന യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല. ഈ ലിസ്റ്റിലെ എല്ലാ കാറുകളും ഇന്ത്യയില്‍ ലഭ്യമാണെങ്കിലും ഷാരൂഖ് ഖാന്‍ അവയൊന്നും ഔദ്യോഗികമായി വാങ്ങിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ഈ വിവരങ്ങള്‍ വ്യാജമാണ് ഈ ആഢംബര കാര്‍ ശേഖരം ഇല്ലെന്നുമാണ് നടന്‍ വെളിപ്പെടുത്തുന്നത്. മുമ്പ് ഖാന്‍ കുടുംബത്തിന്റെ ഗരാജില്‍ ബിഎംഡബ്ല്യു 7 സീരീസ്, മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, പഴയ തലമുറ റേഞ്ച് റോവര്‍ സ്പോര്‍ട്ട് എന്നിവ അണിനിരന്നിരുന്നു. ഹ്യുണ്ടായിയുടെ സാന്‍ട്രോയും ക്രെറ്റയും ഷാരൂഖിന്റെ ഉടമസ്ഥതയിലുണ്ട്. ബ്രാന്‍ഡ് അംബാസഡറായ ഷാരൂഖിന് കൊറിയന്‍ കമ്പനി സമ്മാനിച്ചതായിരുന്നു ഈ കാറുകള്‍. അടുത്തിടെയാണ് ഹ്യുണ്ടായി ഷാരൂഖിന് ക്രെറ്റ എസ്‌യുവി സമ്മാനിച്ചത്.
ഷാരൂഖ് ഖാന്‍ മുമ്പ് മാരുതി ഒംനി, മിത്സുബിഷി പജേറോ, ഔഡി A6, ബിഎംഡബ്ല്യു 6 സീരീസ് എന്നീ കാറുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല. ഷാരൂഖ് ഖാന്റെ പേരില്‍ ഹ്യുണ്ടായി കാറുകള്‍ ആണുള്ളത്. താരം ഹ്യുണ്ടായിയുടെ ബ്രാന്‍ഡ് അംബാസഡറായതിനാലാണ് ഇത്. കൊറിയന്‍ കമ്പനി ഇന്ത്യന്‍ തീരത്ത് എത്തിയത് മുതലുള്ള സഹകരണമാണത്. ഹ്യുണ്ടായിയുടെ ഹിറ്റ് മോഡലായ സാന്‍ട്രോയുടെ ഷാരൂഖ് അഭിനയിച്ച പരസ്യം പലര്‍ക്കും ഇന്നും ഓര്‍മയുണ്ടാകും.
കഴിഞ്ഞ 25 വര്‍ഷമായി കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറാണ് ഷാരൂഖ്. തമിഴിലെ ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമ 'ജവാന്‍' ആണ് ഷാരൂഖിന്റെ അടുത്ത റിലീസ്. അതിന് ശേഷം പികെ, 3 ഇഡിയറ്റസ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഹിറ്റ്‌മേക്കര്‍ രാജ്കുമാര്‍ ഹിരാനിയുടെ ഡങ്കിയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു എസ്ആര്‍കെ ചിത്രം.


Click it and Unblock the Notifications








