ആരാധകരേ ശാന്തരാകുവിന്‍...'മസില്‍ കാറുകള്‍' കാണാന്‍ തിക്കിത്തിരക്കി ജനം; ബെംഗളൂരുവില്‍ ട്രാഫിക് ജാം
വിദേശ രാജ്യങ്ങളില്‍ നിന്ന് പലപ്പോഴും ചില കോടീശ്വരന്‍മാരായ ആളുകള്‍ കോടികള്‍ മുടക്കി കാറുകള്‍ ഇറക്കുമതി ചെയ്യാറുണ്ട്. അതിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യും. ഈ അടുത്ത കാലത്തായി വിദേശത്ത് നിന്ന് 'കാര്‍നെറ്റ്' വഴി നിരവധി കാറുകള്‍ വാഹനപ്രേമികള്‍ ഇന്ത്യയില്‍ എത്തിക്കുന്നു.
പുതിയ കാര്‍ ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ വളരെ എളുപ്പമായതിനാല്‍ ആണ് ആളുകള്‍ കാര്‍നെറ്റ് വഴി വണ്ടി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ താല്‍പ്പര്യപ്പെടുന്നത്. സാധാരണയായി വണ്ടിപ്രാന്തന്‍മാര്‍ വിലകൂടിയ എസ്‌യുവികളും നമ്മുടെ നാട്ടില്‍ അധികം കണ്ടിട്ടില്ലാത്ത ടൈപ്പ് സ്പോര്‍ട്സ് കാറുകളുമാണ് കാര്‍നെറ്റ് വഴി ഇറക്കുന്നത്. ഇത്തരത്തില്‍ ഡോഡ്ജ് വൈപ്പര്‍, ഫോര്‍ഡ് റാപ്റ്റര്‍ എസ്‌യുവി തുടങ്ങിയ കാറുകള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. വളരെ അപൂര്‍വമായി മാത്രമേ ആളുകള്‍ ശരിയായ മസില്‍ കാര്‍ ഇന്ത്യയിലേക്ക് ഈ മാര്‍ഗത്തില്‍ കൊണ്ടുവരുന്നത് കണ്ടിട്ടുള്ളൂ.

എന്നാല്‍ അത്തരത്തില്‍ ഒരു കാര്‍ ബെംഗളൂരു നഗരത്തില്‍ സൃഷ്ടിച്ച ഗതാഗതക്കുരുക്കിനെ കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്. ഒരു ഡോഡ്ജ് ചാര്‍ജര്‍ SRT-യുടെയും ചലഞ്ചര്‍ SRT-യുടെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ അത്യപൂര്‍വ്വ കാഴ്ചയായ ഈ കാറുകള്‍ കണ്ട് ആളുകള്‍ ആവേശഭരിതരായി. ഇതിന് പിന്നാലെയാണ് ബെംഗളൂരു നഗരത്തിലെ തിരക്കേറിയ ചില റോഡുകളില്‍ ഗതാഗത തടസ്സമുണ്ടായത്. SPOTTER INDIA എന്ന യൂട്യൂബ് ചാനലിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ കര്‍ണാടക തലസ്ഥാനം കുപ്രസിദ്ധമാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മെട്രോ നഗരത്തില്‍ നിരവധി സ്പോര്‍ട്സ് കാറുകളും നമുക്ക് കാണാന്‍ സാധിക്കും. ബെംഗളൂരു നഗരത്തിലെ ഒരു ഇടുങ്ങിയ നഗരവീഥിയിലാണ് ഡോഡ്ജ് ചലഞ്ചറും ചാര്‍ജറും ആളുകളെ ഇളക്കി മറിച്ചത്. നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള ചലഞ്ചറും റെഡ് ഷേഡിലുള്ള ചാര്‍ജറും തിരക്കേറിയ സ്ട്രീറ്റിലൂടെ സഞ്ചരിക്കവേ അവയുടെ നിറവും എക്സ്ഹോസ്റ്റ് സൗണ്ടും കാരണം തെരുവിലുള്ള ആളുകള്‍ പെട്ടെന്ന് ശ്രദ്ധിച്ചു.

റോഡിലുള്ള ആളുകള്‍ ഉടന്‍ തന്നെ കാറിന് ചുറ്റും കൂടുകയും ഫോട്ടോസ് എടുക്കാനും മൊബൈലില്‍ വീഡിയോ പകര്‍ത്താനും തുടങ്ങി. കാറിനു ചുറ്റും കൂടിയിരിക്കുന്ന ചിലര്‍ക്ക് കാറിന്റെ ബ്രാന്‍ഡ് അറിയാത്തതിനാലാണെന്ന് തോന്നുന്നു അത് ഫെറാറിയെന്ന് തെറ്റിദ്ധരിച്ച് വിളിച്ച് കൂവുന്നത് വീഡിയോ ശ്രദ്ധിച്ചാല്‍ കാണാം. തെരുവില്‍ ഉണ്ടായിരുന്ന ഒട്ടുമിക്കയാളുകളും മൊബൈലില്‍ കാറുകളുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നുണ്ടായിരുന്നു. കാര്‍ കാണാനും ചിത്രങ്ങള്‍ എടുക്കുന്നതിനുമായി ആള്‍ക്കൂട്ടം റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങി.
ഇതോടെയാണ് റോഡില്‍ ഗതാഗതം തടസം രൂപപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ആണ് കാറുകള്‍ റോഡില്‍ നിന്ന് മാറ്റാന്‍ ഉടമകളോട് ആവശ്യപ്പെട്ടത്. ഗതാഗതം സാധാരണ നിലയിലാക്കാന്‍ അവര്‍ ചുറ്റും കൂടിയ ജനങ്ങളോടും ആവശ്യപ്പെട്ടു. ചലഞ്ചറും ചാര്‍ജറും റോഡുകളിലൂടെ പോകുമ്പോഴുള്ള കാതടപ്പിക്കുന്ന എക്സ്ഹോസ്റ്റ് മുഴക്കവും ഇരമ്പലുകളും കാരണം ജനങ്ങള്‍ പെട്ടെന്ന് തന്നെ തിരിഞ്ഞ് വണ്ടി നോക്കുന്നതായി കാണാം. ദുബൈ രജിസ്‌ട്രേഷനിലുള്ള കാര്‍ ബെംഗളൂരു സന്ദര്‍ശിക്കാനെത്തിയ മലയാളികളുടേതാണെന്ന് യൂട്യൂബ് ചാനല്‍ മറ്റൊരു വീഡിയോയില്‍ പറയുന്നുണ്ട്.
ബെംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലൂടെ കാര്‍ പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ചരക്കുകള്‍ക്കുള്ള താല്‍ക്കാലിക 'പാസ്പോര്‍ട്ട് എന്നാണ് കാര്‍നെറ്റിനെ കുറിച്ച് പറയാറ്. കാര്‍നെറ്റ് ഉപയോഗിച്ച്, ഒരു വ്യക്തിക്ക് ആ പ്രത്യേക വാഹനത്തിന് ഇറക്കുമതി നികുതിയും തീരുവയും നല്‍കാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയും. കാര്‍ സാധാരണയായി 6 മുതല്‍ 12 മാസം വരെയാണ് ഇത്തരത്തില്‍ ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ടാണ് ഇറക്കുമതി നികുതിയില്‍ നിന്നും തീരുവയില്‍ നിന്നും ഒഴിവാക്കുന്നത്.
വീഡിയോയില്‍ കാണുന്ന ഡോഡ്ജ് ചലഞ്ചര്‍ ഒരു മൂന്നാം തലമുറ SRT വേരിയന്റ് ആണെന്നാണ് തോന്നുന്നത്. 485 bhp പവറും 644 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 6.4 ലിറ്റര്‍ V8 എഞ്ചിനുമായി വരുന്ന 2 ഡോര്‍ മസില്‍ കാറാണിത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് കാര്‍ ജോടിയാക്കിയിരിക്കുന്നത്. ഇവിടെ നമ്മള്‍ പറഞ്ഞ് കൊണ്ടിരിക്കുന്ന മറ്റൊരു കിടിലന്‍ മസില്‍ കാര്‍ ആയ ഡോഡ്ജ് ചാര്‍ജര്‍ 2015-ല്‍ വീണ്ടും പുറത്തിറക്കിയ ഒരു ഫെയ്സ്ലിഫ്റ്റ് മോഡലാണ്. കട്ട വാഹനപ്രേമികളായ ആളുകളാണ് ഇത്തരത്തില്‍ കാര്‍നെറ്റ് വഴി ഇന്ത്യയിലേക്ക് കാറുകള്‍ എത്തിക്കുന്നത്. ഇത്തരം കാറുകള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള ആവേശം ആണ് ഈ വീഡിയോയില്‍ കാണാനാകുക. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ അടുത്ത കാലത്തായി ഇന്ത്യന്‍ നിരത്തുകളില്‍ അത്യപൂര്‍വ്വമായി കാണപ്പെടുന്ന ഇത്തരം കാറുകള്‍ രാജ്യത്തെത്തിക്കുന്നുണ്ട്.


Click it and Unblock the Notifications








