E20 പെട്രോള്‍ 'പണി' തരുമോ? കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് പറയാനുള്ളത് ഇതാണ്
വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറിന്റെ അസംസ്‌കൃത എണ്ണയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് നമ്മുടെ രാജ്യം ഇറക്കുമതി ചെയ്യുന്നത്. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറച്ച് പണം ലാഭിക്കാനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നുണ്ട്. വൈദ്യുതി, സിഎന്‍ജി എന്നിവയുള്‍പ്പെടെയുള്ള ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ അതില്‍ പ്രധാനപ്പെട്ടവയാണ്.
ഇതോടൊപ്പം തന്നെ രാജ്യത്ത് ഉപയോഗിക്കുന്ന പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന രീതിയും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേരത്തെ പെട്രോളില്‍ 10% എഥനോള്‍ ആയിരുന്നു കലര്‍ത്തിയിരുന്നത്. ഇതിനെ E10 പെട്രോള്‍ എന്ന് വിളിച്ചുപോരുന്നു. 20% എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വ്യാപകമാക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. ഈ വര്‍ഷം മുതല്‍ പെട്രോള്‍ പമ്പുകളില്‍ പെട്രോളില്‍ 80% പെട്രോളും 20% എഥനോളും അടങ്ങിയിരിക്കുന്ന E20 ലഭ്യമായി തുടങ്ങി.

കരിമ്പ്, ചോളം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നാണ് എഥനോള്‍ നിര്‍മ്മിക്കുന്നത്. എഥനോള്‍ മിശ്രിതം ഉപയോഗിക്കുന്നത് വഴി എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിന് പുറമെ രാജ്യത്തെ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്കും അവശിഷ്ടങ്ങള്‍ക്കും നല്ല വില ലഭിക്കുന്നത് കൊണ്ട് വരുമാനം വര്‍ധിപ്പിക്കാനും സഹായകരമാകും. ഇത് കൊണ്ട് കൂടിയാണ് സര്‍ക്കാര്‍ എഥനോള്‍ കലര്‍ന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഹോണ്ടയടക്കം നിരവധി വാഹന നിര്‍മാതാക്കള്‍ E20 പെട്രോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ വാഹനങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
രാജ്യം E20 ലക്ഷ്യങ്ങളിലേക്ക് പതുക്കെ നടന്നടുക്കുന്ന വേളയിലാണ് ചില ഭാഗങ്ങളില്‍ നിന്ന് മുറുമുറുപ്പുകള്‍ ഉയര്‍ന്നത്. പഴയ വാഹനങ്ങളില്‍ E20 പെട്രോള്‍ ഉപയോഗിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും മൈലേജ് കുറയുന്നുവെന്നുമായിരുന്നു ആരോപണങ്ങള്‍. E10 പതിപ്പുകളില്‍ E20 ഇന്ധനം നിറച്ച് ഏതെങ്കിലും ഭാഗങ്ങള്‍ തകരാറിലായാല്‍ വാറണ്ടി നല്‍കില്ലെന്ന് ടൊയോട്ട കമ്പനി ഉപഭോക്താവിന് നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് തുടക്കമിട്ടു.

ഓണേഴ്‌സ് മാനുവലില്‍ പറയുന്ന ഇന്ധനം മാത്രം നിറയ്ക്കണമെന്നായിരുന്നു ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഉടമയുടെ ചോദ്യങ്ങള്‍ക്ക് ഇ-മെയിലിലൂടെ മറുപടി പറഞ്ഞത്. ഈ വിഷയത്തില്‍ ഇപ്പോള്‍ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക 'എക്‌സ്' പേജിലൂടെ ഒരു പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. 20% എഥനോള്‍ കലര്‍ത്തിയ ഇന്ധനം വാഹനങ്ങളുടെ ആക്‌സിലറേഷനും യാാത്രാനുഭവവും മെച്ചപ്പെടുത്തുമെന്നും ഇത്തരത്തിലുള്ള ഇന്ധനം ഉപയോഗിക്കുന്നത് വാഹനത്തിന്റെ ഇന്‍ഷുറന്‍സിനെ ബാധിക്കുമെന്ന പ്രചരിക്കുന്ന കിംവദന്തികള്‍ പൂര്‍ണമായും തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി.
E10 ഇന്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ E20 കാര്‍ബണ്‍ പുറന്തള്ളല്‍ ഏകദേശം 30% കുറയ്ക്കുന്നു. എഥനോളിന് (108.5) പെട്രോളിനെ അപേക്ഷിച്ച് (84.4) ഉയര്‍ന്ന-ഒക്ടേന്‍ നമ്പര്‍ ഉണ്ട്. ഇത് ഉയര്‍ന്ന ഒക്‌ടേന്‍ ആവശ്യകതകളുള്ള മോഡേണ്‍ ഹൈ-കംപ്രഷന്‍ എഞ്ചിനുകള്‍ക്ക് മികച്ച ബദലായി മാറുന്നു. E20 ഇന്ധനങ്ങള്‍ നടപ്പാക്കി വിജയിപ്പിച്ച ബ്രസീലിലെ മാതൃകയും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യത്തെ വാഹനങ്ങള്‍ വര്‍ഷങ്ങളായി E27 ഇന്ധനത്തില്‍ വിജയകരമായി ഓടുന്ന കാര്യമാണ് പെട്രോളിയം മന്ത്രാലയം എടുത്തുപറഞ്ഞത്. ടൊയോട്ട, ഹോണ്ട, ഹ്യുണ്ടായി തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് അവിടെയും വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സ്‌പെസിഫിക്കേഷനുകളും ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡുകളും വഴിയാണ് E20 ഇന്ധനങ്ങളുടെ സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
'ഡ്രൈവബിലിറ്റി, സ്റ്റാര്‍ട്ടബിലിറ്റി, മെറ്റല്‍ കോംപാറ്റിബിലിറ്റി, പ്ലാസ്റ്റിക് കോംപാറ്റിബിലിറ്റി എന്നിവയുള്‍പ്പെടെ മിക്ക പാരാമീറ്ററുകളിലും പ്രശ്നങ്ങളൊന്നുമില്ല. ചില പഴയ വാഹനങ്ങളില്‍ ചില റബ്ബര്‍ ഭാഗങ്ങളും ഗാസ്‌കറ്റുകളും പതിവിലും നേരത്തെ മാറ്റിസ്ഥാപിക്കേണ്ടി വന്നേക്കാം. ഇത് ചെലവ് കുറഞ്ഞതും സാധാരണ സര്‍വീസിംഗ് സമയത്ത് എളുപ്പത്തില്‍ ചെയ്യാവുന്നതുമാണ്. ഏതെങ്കിലും അംഗീകൃത വര്‍ക്ക്ഷോപ്പില്‍ എപ്പോഴെങ്കിലും ഒരിക്കല്‍ മാത്രം ചെയ്യേണ്ടി വരുന്ന ലളിതമായ പ്രക്രിയയാണിത്' മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications








