ബൈക്കും സ്‌കൂട്ടറുമൊന്നുമല്ല, ദീപാവലി സമ്മാനം ടാറ്റ പഞ്ച് എസ്‌യുവി; ഇതൊക്കെയാണ് മൊതലാളി!
ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. ആഘോഷവേളയില്‍ മധുരപലഹാരങ്ങള്‍ കൈമാറുന്ന ആചാരങ്ങള്‍ നാം കാണാറുണ്ട്. ഉത്സവകാലത്ത് മുതലാളിമാരില്‍ നിന്ന് ബോണസും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനാല്‍ തൊഴിലാളികളും വളരെ ഹാപ്പി ആയിരിക്കും. എന്നാല്‍ അടുത്ത കാലത്തായി ജീവനക്കാരുടെ ആവേശം കൂട്ടാന്‍ മുതലാളികള്‍ പല 'സര്‍പ്രൈസ്' സമ്മാനങ്ങളും കൊടുക്കുന്നത് നാം കണ്ടുവരുന്നു.
പല കമ്പനികളും ഗിഫ്റ്റ് ബോക്‌സുകളും ഗൃഹോപകരണങ്ങളും നല്‍കി ജീവനക്കാരെ കൈയ്യിലെടുക്കുമ്പോള്‍ ഹരിയാനയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ദീപാവലി സമ്മാനം വേറെ ലെവലാക്കി മാറ്റി. പഞ്ച്കുളയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മിറ്റ്സ്കാര്‍ട്ടിന്റെ ഉടമയാണ് തന്റെ ജീവനക്കാര്‍ക്ക് 12 ടാറ്റ പഞ്ച് കാറുകള്‍ സമ്മാനിച്ചത്. ഉടമ തന്റെ ജീവനക്കാര്‍ക്ക് പുതിയ കാറുകള്‍ സമ്മാനിക്കുന്ന വീഡിയോ ഇതിനകം ഇന്റര്‍നെറ്റില്‍ വൈറലാണ്.

മിറ്റ്സ്കാർട്ട് ഫാര്‍മ കമ്പനി ഉടമ തന്റെ ജീവനക്കാര്‍ക്ക് പുതിയ കാറുകള്‍ സമ്മാനിച്ച വാര്‍ത്ത പിടിസി ന്യൂസ് അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ജീവനക്കാരെ വെറും ജീവനക്കാരായി കണക്കാക്കുന്നില്ലെന്നും അവര്‍ യഥാര്‍ത്ഥത്തില്‍ താരങ്ങളോ സെലിബ്രിറ്റികളോ ആണെന്നുമാണ് മിറ്റ്സ്കാർട്ട് ഉടമയായ എംകെ ഭാട്ടിയ പറയുന്നത്. ജീവനക്കാരുടെ കഠിനാധ്വാനത്തിലും അര്‍പ്പണബോധത്തിലും ആകൃഷ്ടനായാണ് ഭാട്ടിയ ഈ ഉത്സവകാലം കളറാക്കാന്‍ അവര്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത 'സ്‌പെഷ്യല്‍' സമ്മാനം നല്‍കാന്‍ തീരുമാനിച്ചത്.
കാര്‍ സമ്മാനിക്കാനായി തന്റെ കമ്പനിയിലെ 12 ജീവനക്കാരെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു. ഏകദേശം മൂന്ന് വര്‍ഷം മുമ്പ് ഓഫീസ് ബോയ് ആയി ജോലിക്ക് ചേര്‍ന്ന ഒരാളടക്കം ഭാഗ്യശാലികളില്‍ ഉള്‍പ്പെടുന്നു. കമ്പനിയോട് വിശ്വസ്തയും കൂറും പുലര്‍ത്തുന്ന ഈ ജീവനക്കാര്‍ സ്ഥാപനത്തിന്റെ വളര്‍ച്ചക്കായി അഹോരാത്രം പണിയെടുക്കുകയും ചെയ്യുന്നവരാണ്. തുടക്കം മുതല്‍ തന്നെ മിറ്റ്സ്കാർട്ട്ന്റെയും ഭാട്ടിയയുടെയും ഒപ്പമുള്ള ജീവനക്കാരും അക്കൂട്ടത്തിലുണ്ട്.

സമ്മാനം സ്വീകരിക്കുന്ന ചില ജീവനക്കാര്‍ വാര്‍ത്താസംഘത്തോട് തങ്ങളുടെ പ്രതികരണം അറിയിക്കുന്നുണ്ട്. തങ്ങളുടെ സ്വന്തം സ്ഥാപനത്തില്‍ നിന്ന് ഇത്തരം ഒരു വില കൂടിയ സമ്മാനം ലഭിച്ചതില്‍ അതീവ സന്തുഷ്ടരാണ് ജീവനക്കാര്‍. ടാറ്റ പഞ്ച് ലഭിച്ചവരില്‍ ചിലര്‍ ഡ്രൈവിംഗ് പഠിച്ച് വരുന്നതേ ഉള്ളൂവെന്നതാണ് രസകരം. ഇന്നും ടൂവീലര്‍ പോലുമില്ലാത്ത ദശലക്ഷക്കണക്കിന് ആളുകള്‍ വസിക്കുന്ന ഇന്ത്യയില്‍ കാര്‍ എന്നത് പലരുടെയും സ്വപ്‌നമാണ്.
കാര്‍ വാങ്ങാന്‍ ഇന്ന് പല സാഹചര്യങ്ങളും ഉണ്ടെങ്കിലും സാമ്പത്തിക സാഹചര്യം പലരെയും ആ സ്വപ്‌നം എത്തിപ്പിടിക്കാന്‍ അനുവദിക്കുന്നില്ല. എന്നാല്‍ കഠിനാധ്വാനവും അര്‍പ്പണബാധവും വിശ്വാസ്യതയും വെച്ച് പുലര്‍ത്തുന്ന ഏതൊരു ജീവനക്കാരനും ഇത്തരം സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാമെന്നാണ് ഭാട്ടിയ പറയുന്നത്. ഫാര്‍മ കമ്പനി ജീവനക്കാര്‍ക്ക് ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയുടെ ഏത് വേരിയന്റാണ് സമ്മാനിച്ചത് എന്നതിനെ കുറിച്ച് നമുക്ക് അറിവില്ല.

ടാറ്റ പഞ്ചിനെ കുറിച്ച് പറയുമ്പോള്‍ ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയായ ഈ മോഡല്‍ 2021-ലാണ് പുറത്തിറങ്ങിയത്. ലുക്ക് കൊണ്ടും ഫീച്ചര്‍ കൊണ്ടും അതുലുപരി സേഫ്റ്റി കൊണ്ടും പഞ്ച് ചുരുങ്ങിയ നാള്‍കൊണ്ട് ജനങ്ങളുടെ കണ്ണിലുണ്ണിയായി. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ ഇന്ത്യന്‍ കാറാണ് പഞ്ച്.
86 bhp പവറും 115 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പഞ്ചിന്റെ കരുത്ത്. 5-സ്പീഡ് മാനുവല്‍, AMT ഗിയര്‍ബോക്‌സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. അടുത്ത കാലത്ത് ടാറ്റ പഞ്ചിന്റെ സിഎന്‍ജി പതിപ്പും വിപണിയില്‍ എത്തിച്ചിരുന്നു.

6 ലക്ഷം മുതല്‍ 10.10 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ചിന്റെ എക്‌സ്‌ഷോറൂം വില. ഈ വര്‍ഷം ദീപാവലിക്കാലത്ത് ജീവനക്കാര്‍ക്ക് വാഹനം സമ്മാനിക്കുന്ന ആദ്യ മുതലാളിയല്ല ഭാട്ടിയ. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഊട്ടിയിലെ ഒരു വ്യവസായി. തേയിലതോട്ടത്തിലെ ജീവനക്കാര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്, ഹണ്ടര്‍, ഹിമാലയന്‍ ബൈക്കുകളാണ് ജീവനക്കാര്‍ക്ക് സമ്മാനമായി ലഭിച്ചത്.


Click it and Unblock the Notifications








