വണ്ടികളെല്ലാം റെഡിയാക്കി കെഎസ്ആർടിസി, ഡ്രൈവിങ്ങ് സ്കൂൾ ഉദ്ഘാടനം ഈയാഴ്ച്ച മുഖ്യമന്ത്രി നിർവഹിക്കും
കെഎസ്ആർടിസിയുടെ ഡ്രൈവിങ്ങ് സ്കൂൾ ഇന്നു വരും നാളെ വരുമെന്ന് പറഞ്ഞിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. എന്നാൽ ഇനി അധികം കാത്തിരിക്കേണ്ട, കെഎസ്ആർടിസിയിൽ നിങ്ങൾക്ക് നിങ്ങളുടെ ഡ്രൈവിങ്ങ് പഠനം നടത്താം അടുത്ത ആഴ്ച്ച മുതൽ. പൊതുജനങ്ങള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ മുതല്‍ ബസ് വരെ ഓടിക്കാന്‍ വരെയുളള സംവിധാനമാണ് വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇനി ഡ്രൈവിങ്ങ് സ്കൂളുകളിൽ പോയി ക്യൂ നിൽക്കേണ്ട നിങ്ങൾക്കായി ആനവണ്ടിയുടെ പരിശീലകർ കാത്തിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി.യുടെ ആനയറ സ്റ്റേഷന് സമീപത്താണ് ഡ്രൈവിങ് പഠനത്തിനും പരിശീലനത്തിനുമായി ട്രാക്ക് തയ്യാറാക്കിയിരിക്കുന്നത്. തിയറി ക്ലാസിന് വേണ്ടി കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് ട്രെയിനിങ് കോളേജിലാണ് ഒരുക്കിയിരിക്കുന്നത്.
ഇരട്ട നിയന്ത്രണ സംവിധാനമുള്ള ബസുകള്‍ വകുപ്പിന് നേരത്തെയുണ്ടെങ്കിലും കാറും, ഇരുചക്രവാഹനങ്ങളും പുതിയത് വാങ്ങുകയായിരുന്നു. ആൾട്ടോ കെ 10 ആണ് ഫോർവീലറായി ഉപയോഗിക്കുക, ഹീറോ ബൈക്ക് എന്നിവയ്ക്ക് പുറമെ ഗിയറില്ലാത്ത സ്‌കൂട്ടറും വാങ്ങിയിട്ടുണ്ട്. എല്ലാം പുത്തൻ വാഹനങ്ങൾ തന്നെയാണ് കെഎസ്ആർടിസി തങ്ങളുടെ ഡ്രൈവിങ്ങ് സ്കൂളിന് വേണ്ടി വാങ്ങിയിരിക്കുന്നത്. രണ്ട് പരിശീലകരെയാണ് തുടക്കത്തിൽ നിയോഗിച്ചിരിക്കുന്നത്.

അട്ടക്കുളങ്ങരയിലുളള ഗ്രൗണ്ട് സജ്ജീകരിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. അവിടെയുളള പാര്‍ക്കിങ് സ്ഥലമാണ് മണ്ണിട്ട് ഉയര്‍ത്തി ട്രാക്ക് ആയി മാറ്റുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതിനൊപ്പം 10 ഡ്രൈവിങ് സ്‌കൂളുകള്‍കൂടി ആരംഭിക്കാനുള്ള നടപടിയും കെഎസ്ആർടിസിയുടെ അന്തിമഘട്ടത്തിലാണ്. ഡ്രൈവിങ്ങ് സ്കൂളുകളുമായി ടെസ്റ്റിൽ വരുത്തിയ പരിഷ്കരണവുമായി ബന്ധപ്പെട്ട് സമരത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ ഡ്രൈവിങ്ങ് സ്കൂൾ ആരംഭിക്കുന്നത്.
കേരളത്തിലെ 14 ജില്ലകളിലായി നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്.

ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണനയിലുണ്ട് എന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞിരുന്നത്. അതോടൊപ്പം തന്നെ സാധാരണക്കാർക്ക് ഇപ്പോൾ വഹിക്കേണ്ടി വരുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പരിശീലനം പൂർത്തിയാക്കുവാൻ സാധിക്കുന്ന നിലയിൽ കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി കെഎസ്ആർടിസി ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പിൻ്റെ പുതിയ വാർത്തകളിലേക്ക് വന്നാൽ ഇപ്പോൾ എംവിഡി സഞ്ജു ടെക്കിയുടെ വിഷയത്തിൽ കലിപ്പിൽ ഇരിക്കുകയാണ്. കാറിനുളളിൽ സ്വിമ്മിങ്ങ് പൂൾ ഉണ്ടാക്കി വാഹനത്തിന് കേടുപാട് വരുത്തകയും അത് പോലെ തന്നെ പൊതു നിരത്തിൽ വാഹനത്തിനുളളിലെ വെളളം ഒഴുക്കി കളഞ്ഞതുമാണ് കൂടുതൽ പ്രശ്നമായത്.

പണമുള്ളവന്‍ കാറിലല്ല സ്വിമ്മിങ് പൂള്‍ പണിയേണ്ടത്, പകരം വീട്ടില്‍ പണിയണം. ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് നമ്മളായി റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട, പഴയ കാലമല്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. ടാറ്റയുടെ നിലവിലെ മുൻനിര മോഡലായ സഫാരിയുടെ പ്രീ ഫെയ്സ്‌ലിഫ്റ്റ് മോഡലാണ് ഇവര്‍ വെള്ളം നിറച്ച് പൂൾ ഒരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
പിന്നിലെ പാസഞ്ചര്‍ സീറ്റിന്റെ ഭാഗത്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച് പ്ലാസ്റ്റിക് കയറുകൊണ്ട് ഫ്രണ്ട് സീറ്റിലും പിന്നിലുമെല്ലാം കെട്ടിയ ശേഷമാണ് പൈപ്പ് ഉപയോഗിച്ച് ഇതിൽ വെള്ളം നിറക്കുന്നത്. കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക്ക് കിട്ടിയെന്ന് സഞ്ജു പരിഹസിച്ചിരുന്നു. ആര്‍ടിഒക്കും മാധ്യമങ്ങൾക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞത്.


Click it and Unblock the Notifications








