വെബ് ഡിസൈനിങ്ങ് രംഗത്തെ പുലികുട്ടി; കേരളത്തിലെ ആദ്യ ഡിഫൻഡർ ഒക്ട സ്വന്തമാക്കിയ ആളെ കണ്ടോ
ലാൻഡ് റോവർ ഡിഫൻഡർ എന്ന ഒറ്റ മോഡൽ കൊണ്ട് ഏതൊരു വണ്ടിപ്രാന്തൻ്റേയും മനസിൽ സ്ഥാനം നേടാൻ ബ്രാൻഡിന് സാധിച്ചു. അതിൽ തന്നെ ഒക്ട എന്ന വേരിയൻ്റ് അവതരിപ്പിച്ചതോടെ വിപണിയിൽ വലിയ കോളിളക്കം സൃഷ്ടിക്കാൻ സാധിച്ചു. കേരളത്തിലെ ആദ്യത്തെ ഒക്ട വേരിയൻ്റിൻ്റെ ഡെലിവറി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദുബായിലെ ഒരു മുൻനിര വെബ് ഡിസൈൻ കമ്പനിയായ പ്ലാനൻ്റ് ഗ്രീൻ സൊലൂഷ്യൻസിൻ്റെ ഉടമയായ രാജീവ് രവീന്ദ്രനാണ് സ്വന്തമാക്കിയിരിക്കുന്നത്. UI UX ഡിസൈൻ, റെസ്‌പോൺസീവ് ഡിസൈൻ, ഇ-കൊമേഴ്‌സ് സൊല്യൂഷനുകൾ, കസ്റ്റം വെബ് ഡെവലപ്‌മെന്റ് എന്നിവയുൾപ്പെടെ നിരവധി വെബ് ഡിസൈൻ സേവനങ്ങളിൽ 13 വർഷത്തെ പ്രവർത്തിപരിചയമുളള കമ്പനിയാണിത്. കൊച്ചിയിലെ മുത്തൂറ്റ് ഷോറൂമിൽ നിന്നാണ് വാഹനം ഡെലിവറി എടുത്തിരിക്കുന്നത്.
ഒക്ടയുടെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ഒരു കൊല്ലത്തേക്ക് മാത്രം നിർമിക്കുന്ന ഡിഫൻഡർ ഒക്‌ട എഡിഷൻ വൺ മോഡലും വിപണിയിൽ എത്തിയിട്ടുണ്ട്. ഈ ലിമിറ്റഡ് സീരീസിന് ഇന്ത്യയിൽ 2.85 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. എസ്‌യുവിയുടെ ഔദ്യോഗിക ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് ടാറ്റ മോട്ടോർസിൻ്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടുമുണ്ട്.

ലാൻഡ് റോവർ ഡിഫൻഡർ 110 അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഒക്‌ട ഹൈ-പെർഫോമൻസ് പതിപ്പൽ ചില വ്യതിരിക്തമായ ഡിസൈൻ ഘടകങ്ങൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. എസ്‌യുവി ഉയർന്ന റൈഡ് ഹൈറ്റും വിശാലമായ സ്റ്റാൻസും വീൽ ആർച്ചുകളുമായാണ് വരുന്നത്. കൂടുതൽ ശക്തവും കൂടുതൽ ഗംഭീരവുമായ റോഡ് പ്രസൻസും വണ്ടിക്കുണ്ട്. എസ്‌യുവിയുടെ മുന്നിലും പിന്നിലും റീഡിസൈൻ ചെയ്ത ബമ്പറുകൾ, മെച്ചപ്പെട്ട അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
പരുക്കൻ ഭൂപ്രദേശങ്ങളിൽ പോലും അനായാസം മുന്നേറാൻ ഡ്രൈവർമാരെ അനുവദിക്കുന്ന മികച്ച അണ്ടർബോഡി സംരക്ഷണമാണ് എസ്‌യുവിക്കുള്ളതെന്ന് ലാൻഡ് റോവർ അവകാശപ്പെടുന്നു. കൂടാതെ, ഒരു മീറ്റർ വരെ വെള്ളത്തിലൂടെ ഓടിക്കാൻ അനുവദിക്കുന്ന വാട്ടർ-വേഡിംഗ് കപ്പാസിറ്റിയും ഡിഫൻഡർ ഒക്‌ട പതിപ്പിനുണ്ട്. പുതിയ പെട്ര കോപ്പർ, ഫാറോ ഗ്രീൻ എക്സ്റ്റീരിയർ കളർ ഓപ്ഷനിലാണ് വാഹനം വരുന്നത്.

ഡിഫൻഡർ ഒക്ടയ്ക്ക് അതിന്റെ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 28 മില്ലീമീറ്റർ അധിക ഉയരമുണ്ട്. ഒപ്പം മികച്ച ഗ്രൗണ്ട് ക്ലിയറൻസിനും സ്റ്റെബിലിറ്റിക്കും വേണ്ടി 68 mm വീതികൂട്ടാനും കമ്പനി തയാറായി. ബ്രെംബോ കാലിപ്പറുകളോട് കൂടിയ 400 mm ഫ്രണ്ട് ബ്രേക്ക് ഡിസ്കുകളും ഇന്നുവരെയുള്ള ഏതൊരു ഡിഫൻഡറിലും കാണാനാവുന്നതിൽ വെച്ച് ഏറ്റവും വേഗതയേറിയ സ്റ്റിയറിംഗ് റേഷ്യോയും ഇതിലുണ്ട്.
ഡിഫെൻഡർ ഒക്‌ടയുടെ ഇന്റീരിയർ സ്റ്റാൻഡേർഡ് ഡിഫൻഡർ 110 മോഡലിന് സമാനമാണ്. ഓഫ്-റോഡിലും ഉയർന്ന പ്രകടനം ഉറപ്പാക്കുന്നതിനായി എസ്‌യുവിക്കൊരു ഒക‌്ട മോഡും ലഭിക്കുന്നുണ്ട്. ഇത് ലൂസ് സർഫസുകളിൽ ഒപ്റ്റിമൽ ആക്സിലറേഷൻ പ്രാപ്തമാക്കുന്ന കാര്യമാണ്. സാന്റ്, മഡ്, റൂട്ട്സ്, ഗ്രാസ് ഗ്രാവൽ സ്നോ, റോക്ക് ക്രോൾ എന്നിവയ്‌ക്കായി പ്രത്യേക കാലിബ്രേഷനുകൾ വാഗ്ദാനം ചെയ്യുന്ന പരിചിതമായ ടെറൈൻ റെസ്‌പോൺസ് മോഡുകളും വണ്ടിയിൽ ലാൻഡ് റോവർ സമ്മാനിച്ചിട്ടുണ്ട്.
ക്ലിയർസൈറ്റ് ഗ്രൌണ്ട് വ്യൂ 2 പോലെയുള്ള ഓഫ്-റോഡ് ഡ്രൈവർ അസിസ്റ്റ് സിറ്റംസും ലാൻഡ് റോവർ ഡിഫൻഡർ ഒക്‌ടയ്ക്ക് ലഭിക്കുന്നുണ്ട്. എസ്‌യുവിക്ക് കരുത്തേകുന്നത് 4.4 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് മൈൽഡ്-ഹൈബ്രിഡ് V8 എഞ്ചിനാണ്. ഇത് എക്കാലത്തെയും ശക്തമായ ഡിഫൻഡർ ആക്കുന്നു. ഹൈ, ആൻഡ് ലോ-റേഞ്ച് ഗിയറുകളുള്ള 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
അങ്ങനെ പരമാവധി 626 bhp പവറിൽ 750 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ഡിഫൻഡർ ഒക്‌ട എസ്‌യുവിയിലെ എഞ്ചിന് കഴിയും. വെറും നാല് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ അത്യാഡംബര സ്പോർട് യൂട്ടിലിറ്റ് വാഹനത്തിന് സാധിക്കുമെന്നാണ് ലാൻഡ് റോവർ അവകാശപ്പെടുന്നത്. എന്തായാലും ഇന്ത്യയിൽ ഈ സെഗ്മെന്റിൽ പകരക്കാരനില്ലാത്ത മോഡലായി ഒക്‌ട മാറുമെന്ന് ഉറപ്പാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








