കേരളത്തിനെ കേന്ദ്രം അവഗണിക്കുകയാണോ; പിഎം ഇ-സേവ ബസുകൾ കേരളത്തിന് ലഭിക്കില്ലേ
രാജ്യത്തെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 'പി.എം. ഇ-ബസ് സേവ' പദ്ധതി ആദ്യഘട്ടത്തില്‍ പത്തുസംസ്ഥാനങ്ങളിലാണ് നടപ്പാക്കുക. 3600 ബസുകള്‍ വാങ്ങാനും അതിൻ്റെ നടത്തിപ്പിനും പരിപാലനത്തിനുമടക്കമുള്ള കരാറാണ് ഇപ്പോൾ വിളിച്ചിരിക്കുന്നത്. വാങ്ങുന്ന ബസുകള്‍ 45 നഗരങ്ങളിലായി ഓടിക്കാനാണ് തീരുമാനം.
ബിഹാര്‍, ചണ്ഡീഗഢ്, ഗുജറാത്ത്, ഹരിയാന, ജമ്മു-കശ്മീര്‍, മഹാരാഷ്ട്ര, മേഘാലയ, ഒഡിഷ, പുതുച്ചേരി, പഞ്ചാബ് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ കേന്ദ്രം കരാര്‍ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ 10 നഗരങ്ങള്‍ കേന്ദ്രത്തിന്റെ മുന്‍ഗണനപ്പട്ടികയിലുള്ളതാണ് എന്നാൽ ആദ്യ ലിസ്റ്റിൽ കേരളത്തിന് ബസുകൾ ലഭിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. മൊത്തം 169 നഗരങ്ങളുടെ പട്ടികയാണ് നഗരകാര്യമന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. അടുത്തഘട്ടത്തില്‍ കേരളത്തിന് ഇ-ബസുകള്‍ ലഭിച്ചേക്കാനുളള സാധ്യതകൾ തളളിക്കളയാനാവില്ല.

ഗതാഗതസംവിധാനം പരിസ്ഥിതിസൗഹൃദമാവുകയെന്ന ലക്ഷ്യവും കൂടിയാണ് പദ്ധതിക്ക് പിന്നിലുളളത്. ജനസംഖ്യാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത രാജ്യത്തെ 100 നഗരങ്ങൂളില്‍ 10,000 ബസുകളിറക്കും. 57,613 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 20,000 കോടി രൂപയുടെ കേന്ദ്രസഹായമുണ്ട്. ബാക്കി സംസ്ഥാന സര്‍ക്കാരുകള്‍, പദ്ധതിയില്‍ ചേരുന്ന സ്വകാര്യപങ്കാളികള്‍ എന്നിവരിൽ നിന്ന് ഈടാക്കും.
ഈ പദ്ധതിയിൽ നിന്ന് നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനികളുടെ ഓഹരികൾ മന്ത്രിസഭാ തീരുമാനത്തിന് ശേഷം ഉയർന്നിട്ടുണ്ട്. ഇലക്‌ട്രിക് ബസ് നിർമാതാക്കളായ ഒലെക്‌ട്ര ഗ്രീൻടെക്കിന്റെയും ജെബിഎം ഓട്ടോയുടെയും ഓഹരികൾ യഥാക്രമം 8.8 ശതമാനവും 10.1 ശതമാനവും വരെ ഉയർന്നിരുന്നു. ടാറ്റ മോട്ടോഴ്‌സ് ഓഹരി വില 1.9% വർധിച്ചു. അതേസമയം ഇലക്ട്രിക് ബസ് നിർമാണ യൂണിറ്റുള്ള അശോക് ലെയ്‌ലാൻഡിന്റെ ഓഹരികൾ 2.5% വരെ ഉയർന്നിരുന്നു.

ഈ ബസ് സർവീസുകൾ നടത്തുന്നതിനും ബസ് ഓപ്പറേറ്റർമാർക്ക് പേയ്‌മെന്റുകൾ നൽകുന്നതിനും അതത് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കുമാണ് ഉത്തരവാദിത്തം. സ്കീമിൽ പറഞ്ഞിരിക്കുന്ന നിർദിഷ്ട പരിധി വരെ സബ്സിഡി നൽകി കേന്ദ്ര സർക്കാർ ഈ ബസ് സർവീസുകളെ പിന്തുണയ്ക്കും ചെയ്യുമെന്നാണ് ഈ പദ്ധതിയെ കുറിച്ച് ലഭ്യമായ വിവരങ്ങളിൽ നിന്ന് മനസിലാകുന്നത്.
തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗത സൗകര്യങ്ങള്‍ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി 104 കോടി ചെലവിൽ 113 ഇലക്ട്രിക് ബസുകൾ വാങ്ങിയിരുന്നു. തമിഴ്‌നാട് സർക്കാർ തങ്ങളുടെ റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനു വേണ്ടി 1400 സിറ്റി, അർബൻ ബസുകൾ വാങ്ങാനുളള പദ്ധതിയിലാണ്. അതുപോലെ തന്നെ പഴയ ബസുകളുടെ രൂപമാറ്റം വരുത്തിയ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ പഴയ എസ്ഇടിസി ബസുകളും നവീകരിച്ചുകൊണ്ടിരിക്കുകയാണ്.
കോയമ്പത്തൂർ, സേലം, മധുരൈ, ട്രിച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് ദീർഘദൂര സർവീസിനായിട്ടായിരിക്കും ഈ ബസുകൾ ഉപയോഗിക്കുക. തമിഴ്നാട്ടിലെ ബസുകളിലെ അപാകതകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പുതിയ നടപടികൾ. ഇതിനോടനുബന്ധിച്ച് 600 സിറ്റി ബസുകളും 800 സിറ്റി ബസുകളും വാങ്ങാൻ ഓർഡർ നൽകിയിട്ടുണ്ട്. വൈകാതെ ഈ ബസുകൾ തമിഴ്നാട്ടിൽ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ കെഎസ്ആർടിസിയും ഒരുപാട് മാറ്റങ്ങളും നവീകരണങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സമയമാണ്. അതിൻ്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളില്‍ നാലെണ്ണം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയിരുന്നു. 113 ബസുകളിൽ അറുപതെണ്ണം ഐഷർ ബസുകളും അൻപത്തിമൂന്നെണ്ണം പിഎംഎ ഫോട്ടോണിൻ്റേയുമാണ്. 113 ബസുകളും സിറ്റി സർവീസിനായി വാങ്ങിയിരിക്കുന്നതാണ്. നിലവിൽ ഇപ്പോൾ 50 ഇലക്ട്രിക് ബസുകളാണ് സിറ്റിയിൽ സർവീസ് നടത്തുന്നത്.
ഒരു ഡീസൽ ബസുകൾ പോലുമില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹരിത നഗരമാക്കി തലസ്ഥാനത്തെ മാറ്റാനാണ് ഈ പരിഷ്കാരങ്ങൾ. നഗരത്തിൻ്റെ ഗതാഗത സംവിധാനങ്ങളെല്ലാം വ്യക്തമായി പഠിച്ചതിന് ശേഷമായിരിക്കും ബസുകൾ സർവീസ് തുടങ്ങുക. ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഡീസൽ ബസുകളെല്ലാം കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മാറ്റാനാണ് തീരുമാനമായിരിക്കുന്നത്. അത് മാത്രമല്ല 455 കോടി രൂപയ്ക്ക് 225 ഇലക്ട്രിക് ബസുകൾ കൂടെ വാങ്ങാനുളള പദ്ധതിയും സർക്കാർ സമർപ്പിച്ചിട്ടുണ്ട്. കിഫ്ബിയുടെ രണ്ടാംഘട്ട ധനസഹായത്തിൽ നിന്ന് വാങ്ങാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.


Click it and Unblock the Notifications








