കഷ്ടം തന്നെ മൊതലാളീ! ഇതിന് തോന്ന്യാസം എന്നാല്ലാതെ എന്നാ പറയണ്ടേ? വ്യാജ നമ്പർ പ്ലേറ്റുമായി കറങ്ങി പൊലീസ് DGP
വാങ്ങളുടെ വ്യക്തിത്വം അല്ലെങ്കിൽ ഐഡന്റിറ്റിയാണ് നമ്പർ പ്ലേറ്റുകൾ, അതിനാൽ തന്നെ മറ്റൊരു വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത് ആൾമാറാട്ടത്തിന് സമാനമായ ഒരു കുറ്റം തന്നെയാണ്. പലപ്പോഴും കള്ളക്കടത്തുകാരും കുറ്റവാളികളും വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് രക്ഷപെടാറുണ്ട്. കള്ളന്മാർ ഇക്കാര്യങ്ങൾ ചെയ്യുന്നതിൽ അതിശയം ഒന്നുമില്ല, എന്നാൽ പൊലീസ് ഇങ്ങനെ ചെയ്താലോ? അതും ഉയർന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ! 'ആശാന് അടുപ്പിലും ആകാം' എന്ന പ്രയോഗം ഇക്കാര്യത്തിൽ കറക്ടാണ്.
തൻ്റെ ഔദ്യോഗിക വാഹനമായ കിയ കാർണിവൽ എംപിവിയിൽ വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചതിന് മേഘാലയയിൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസിന് (DGP) എതിരെ FIR രജിസ്റ്റർ ചെയ്തിരിക്കുകയാണ്. നിലവിൽ മേഘാലയയിൽ DGP -യായി ചുമതല വഹിക്കുന്ന ലജ്ജാ റാം ബിഷ്‌ണോയിക്കെതിരെയാണ് മേഘാലയ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

പല അവസരങ്ങളിലും വൈറ്റ് നിറത്തിലുള്ള കിയ കാർണിവൽ ഇദ്ദേഹം ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. മേഘാലയ പൊലീസ് സേനയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ജി കെ ഇയാങ്‌റായ് ഉന്നയിച്ച ആരോപണങ്ങൾ അനുസരിച്ച്, മുതിർന്ന IPS ഉദ്യോഗസ്ഥൻ ഈ എംപിവി വ്യാജ രജിസ്ട്രേഷൻ പ്ലേറ്റുകളോടെ പലതവണ ഉപയോഗിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു.
സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ ഡിജിപിക്കെതിരെ ഷില്ലോങ്ങിലെ സദർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. FIR പ്രകാരം, മേഘാലയ DGP ഔദ്യോഗിക പദവിയിൽ ഉപയോഗിച്ചിരുന്ന കാറിന് അനുയോജ്യമായ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഇല്ല എന്നാണ് സൂചിപ്പിക്കുന്നത്. അസം സർക്കാരിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കിയ കാർണിവൽ എംപിവിയാണ് DGP തൻ്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത് എന്ന് ഇയാങ്‌റായ് ചൂണ്ടിക്കാട്ടുന്നു.

ഈ കിയ കാർണിവലിൻ്റെ രജിസ്ട്രേഷൻ നമ്പർ ML 02 A 0001 എന്നാണ് വീഡിയോയിലും മറ്റ് ചിത്രങ്ങളിലും കാണുന്നത്. പരിശോധനയിൽ വാഹനത്തിൻ്റെ നമ്പർ പൊരുത്തപ്പെടുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. വാസ്തവത്തിൽ, കിയ കാർണിവലിൽ ഉപയോഗിച്ചിരിക്കുന്ന രജിസ്ട്രേഷൻ നമ്പർ സംസ്ഥാന ഗതാഗത വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത ഒരു ഹ്യുണ്ടായി വെർണ സെഡാനിന്റേത് ആയിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്.
കിയ കാർണിവൽ ഉപയോഗിക്കുന്ന നമ്പറിലുള്ള ഹ്യുണ്ടായി വെർണ യഥാർത്ഥത്തിൽ മേഘാലയ പൊലീസ് സേനയുടെ സെൻട്രൽ വർക്ക്‌ഷോപ്പിലാണ് പാർക്ക് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ 40 ലക്ഷം രൂപ വിലയുള്ള എംപിവിയാണ് DGP ഉപയോഗിക്കുന്നതെന്നും ഇത് പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തിനു അനുവദിച്ചിട്ടുള്ള 12 ലക്ഷം രൂപ ബജറ്റിൽ കവിയുന്നു എന്നും ഇയാങ്‌റായ് ചൂണ്ടിക്കാട്ടി.
വിവാദ നായകനായ ലജ്ജാ റാം ബിഷ്‌ണോയ് അസം-മേഘാലയ കേഡറിലെ 1991 ബാച്ച് IPS ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ രണ്ട് വർഷമായി മേഘാലയ DGP -യായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ഈ വർഷം മെയ് 19 ന് വിരമിക്കും എന്നതും ശ്രദ്ധേയമാണ്. റിട്ടയർമെന്റിന് തൊട്ടു മുമ്പാണ് ഈ വിവാദം എന്നത് വളരെ നിർഭാഗ്യകകരമാണ്.
സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ ഇയാങ്‌റായ് DGP -യ്‌ക്കെതിരെ മേഘാലയ ചീഫ് സെക്രട്ടറി ഡി പി വഹ്ലാങ്ങിന് മെയ് 7 -ന് പരാതി നൽകിയിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാലാണ് വാഹനത്തിൻ്റെ രജിസ്ട്രേഷനിൽ മാറ്റം വരുത്തിയത് എന്നാണ് ബിഷ്‌ണോയുടെ വാദം. ഏത് അന്വേഷണവുമായും സഹകരിക്കാൻ താൻ തയ്യാറാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

മുകളിൽ സൂചിപ്പിച്ചതു പോലെ, വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് കാറുകളും ബൈക്കുകളും കള്ളന്മാർ ഉപയോഗിക്കുന്നത് പൊലീസ് പിടികൂടിയ നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യാജ രജിസ്ട്രേഷൻ നമ്പറുള്ള വാഹനം ഉപയോഗിക്കുന്നതായിട്ടുള്ള ആരോപണം ഉയരുന്നത് ഇതാദ്യമായാണ് എന്നത് ശ്രദ്ധേയമാണ്.
രാജ്യത്തെ ഒട്ടുമിക്ക ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും തങ്ങളുടെ ഔദ്യോഗിക ആവശ്യത്തിനായി ഡിപ്പാർട്ട്‌മെൻ്റ് ഇഷ്യൂ ചെയ്ത വാഹനങ്ങളാണ് ലഭിക്കുന്നത്. മിക്ക കേസുകളിലും, ഈ വാഹനം സംസ്ഥാന സർക്കാർ നൽകുന്നതിനാൽ പൊലീസും മറ്റ് അധികൃതരും ഇവയുടെ വിശദാംശങ്ങളെക്കുറിച്ചോ രേഖകളെക്കുറിച്ചോ കാര്യമായി നോക്കാറില്ല എന്നതാണ് വാസ്തവം.
വ്യാജ നമ്പർ പ്ലേറ്റിലാണ് കിയ കാർണിവൽ ഓടുന്നത് എന്ന കാര്യം വളരെ വ്യക്തമാണ്. തുടർ അന്വേഷണത്തിൽ മാത്രമേ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കൂ. വ്യാജ രജിസ്ട്രേഷൻ നമ്പറുള്ള വാഹനം ഉപയോഗിക്കുന്നത് യഥാർത്ഥത്തിൽ നിയമവിരുദ്ധമാണ്, അതും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരു നിയമപാലകന്റെ ഇത്തരം പ്രവർത്തികൾ ന്യായീകരക്കാൻ കഴിയാത്തതാണ്.


Click it and Unblock the Notifications








