കൂടുതൽ വെളച്ചിലെടുത്താൽ കുപ്പായം അഴിപ്പിച്ച് വീട്ടിലിരുത്തും; നിയമപാലകന് MLA -യുടെ ശകാരം
പൊലീസുകാർ സ്വയം നിയമങ്ങൾ പാലിക്കാത്തതോ നിയമവിരുദ്ധമായി പല വിഷയങ്ങളിൽ കൈകടത്തുന്നതോ അതിന് ശിക്ഷിക്കപ്പെടുന്നതും നാം പല സന്ദർഭങ്ങളിൽ സിനിമകളിലും ജീവിതത്തിലും കണ്ടിരിക്കാം. അധികാരികളുടെ അതിക്രമങ്ങൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയകളിൽ പരക്കുന്ന കാലമാണ് ഇപ്പോൾ. എന്നാൽ ഈ ലേഖനത്തിലെ വില്ലൻ പൊലീസ് അല്ല മറിച്ച് നിയപാലകന് എതിരെ ഭീഷണി മുഴക്കിയ ജനപ്രതിനിതിയാണ്.
ഇത് ഇപ്പോ എന്നാ ഇത്ര വല്യ കാര്യം? നിനക്കൊന്നും വേറെ പണിയില്ലേ എന്ന് ചിന്തിച്ച് എന്നെ മനസിൽ രണ്ട് തെറിയും പറഞ്ഞ് ബാക്ക് ബട്ടൺ അടിക്കാൻ വരട്ടെ, ഒരു 30 സെക്കൻഡ് നിങ്ങൾ എനിക്ക് താ. സംഭവം നടക്കുന്നത് ഉത്തർപ്രദേശിലെ സിധൗലിയിലാണ്, റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിന് ചെക്കിംഗിൽ പിടിക്കപ്പെടുന്നവർക്ക് പിഴ ചുമത്തുന്നതിന് ഒരു നിയമ പാലകനെ സ്ഥലം എംഎൽഎ പൊതു നിരത്തിൽ വെച്ച് ശകാരിച്ചാൽ എങ്ങനെയിരിക്കും? സിനിമയിലും മറ്റും ലേശം മാസും മസാലയും പഞ്ച് ഡയലോഗും ബിജിഎമ്മും ചേർത്താൽ ഒരു പൊളി സീനാക്കാം.

എന്നാൽ ശരിക്കും ഇവിടെ ആരുടെ ഭാഗത്താണ് ന്യായം? നിയമങ്ങൾ പാലിക്കാതെ റോഡ് അപകടങ്ങൾ സംഭവിച്ചാൽ ആർക്കാണ് നഷ്ടം? ഡീകോഡ് ട്രെൻഡ് എന്ന ഒരു യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ, നിയമങ്ങൾ പാലിക്കാൻ നിർബന്ധിച്ച് ജനങ്ങളെ 'ഹരാസ്' ചെയ്യുന്ന പൊലീസുകാരനെ റാവത്ത് ശകാരിക്കുന്നത് കാണാം.
വീഡിയോയിൽ, പൊലീസുകാരൻ നിയമങ്ങൾ പാലിക്കുകയും പൗരന്മാരെ അതേ നിയമങ്ങൾ പാലിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന തന്റെ കടമ നിർവഹിക്കുക മാത്രമാണെന്നും അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ചലാൻ നൽകി പിഴ ഈടാക്കുകയുമായിരുന്നു. എന്നിരുന്നാലും, എംഎൽഎയ്ക്ക് ഇത് അത്ര സുഖിച്ചില്ലെന്ന് തോന്നുന്നു, അദ്ദേഹം പൊലീസുകാരനെ ശകാരിക്കുകയും മറ്റെവിടേക്കെങ്കിലും അയാളെ സ്ഥലം മാറ്റും എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. സാധാരണ ജനങ്ങളുടെ പിന്തുണ നേടാനാവാം എംഎൽഎ ഈ പ്രകടനം എന്ന് തോന്നുന്നു.
എന്നാൽ, എംഎൽഎയുടെ നടപടിക്ക് അദ്ദേഹം ആഗ്രഹിച്ച പിന്തുണയ്ക്ക് പകരം വിമർശനങ്ങളാണ് ലഭിക്കുന്നത്. പൊലീസുകാരൻ തന്റെ പ്രാഥമിക കർത്തവ്യം പാലിക്കുകയായിരുന്നു, എംഎൽഎ വിഷയം തെറ്റായി കൈയിലെടുക്കുകയായിരുന്നു എന്ന് വേണം പറയാൻ. 'തന്റെ ഡ്യൂട്ടി പാലിച്ചതിന്' എംഎൽഎ പൊലീസുകാരനെ ശകാരിക്കുമ്പോൾ, മറ്റ് കുറച്ച് ആളുകൾ സംഭവസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കുന്നതും നമുക്ക് കാണാം.
ആദ്യം സൂചിപ്പിച്ചതു പോലെ ഒരു എംഎൽഎ ഒരു പൊലീസുകാരനെ ശകാരിക്കുന്നത് ഇതാദ്യമായല്ല, എന്നിരുന്നാലും, തന്റെ ജോലി കൃത്യമായി ചെയ്യുന്നതിന് ഒരു പൊലീസുകാരനെ ശകാരിക്കുന്ന പ്രവണത സ്വീകാര്യമല്ല. തങ്ങളുടെ പതവിയും അധികാരവും തെറ്റായി ഉപയോഗിക്കുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ഒരു പറ്റം അധികാരികൾ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്.
ട്രാഫിക്കിൽ പോലും, അമിതവേഗത, ഔദ്യോഗിക വാഹനങ്ങളുടെ തെറ്റായ ഉപയോഗം, പതിവ് മാനദണ്ഡങ്ങൾ ലംഘിച്ച് രാഷ്ട്രീയക്കാർ നിയമങ്ങൾ ലംഘിക്കുന്ന സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. ഇതുമാത്രമല്ല, ഹെൽമെറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിക്കുകയോ തെറ്റായ പാതയിൽ വാഹനമോടിക്കുകയോ ചെയ്യുക തുടങ്ങിയ അടിസ്ഥാന നിയമങ്ങൾ ലംഘിച്ച് പിടിക്കപ്പെട്ടാൽ പല ഉന്നതരും അവരുടെ അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും പിന്തുണയ്ക്കുന്നു. ഇതും വെച്ചുവളർത്തേണ്ട പ്രവണതയല്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം.
2019 -ൽ, രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്ന കാറുകളെ കുറിച്ച് നടത്തിയ ഒരു പഠനം കാണിക്കുന്നത് അവരിൽ ഭൂരിഭാഗവും നിയമങ്ങൾ ലംഘിക്കുന്നവരാണെന്നാണ്. ഔട്ട്‌ലുക്ക് ഇന്ത്യ സമാഹരിച്ച കണക്കുകൾ പ്രകാരം 18 പ്രമുഖ രാഷ്ട്രീയക്കാർക്കോ അവരുടെ ജീവിതപങ്കാളിക്കോ പിഴകൾ ലഭിച്ചിട്ടുണ്ട്. ഡൽഹി പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ളതാണ് വിവരങ്ങൾ. പ്രമുഖ കോൺഗ്രസ് നേതാവായ സൽമാൻ ഖുർഷിദ് ഏറ്റവും കൂടുതൽ തവണ പിഴകൾ ചുമത്തപ്പെടുകയും പതിനാറ് തവണ നിയമങ്ങൾ ലംഘിക്കുകയും ചെയ്തിട്ടുണ്ട്. റെഡ് ലൈറ്റ് ജംപിംഗ്, സ്പീഡ് ലിമിറ്റിന് മുകളിൽ വാഹനമോടിക്കുക തുടങ്ങിയ കാര്യങ്ങളും ഈ പറഞ്ഞ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








