'സഫാരി' വേണമെന്ന് പോര്‍ഷ; നഹീന്ന് പറഞ്ഞാ നഹീന്ന് ടാറ്റ

വാഹനം ഏതായാലും അതിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് നെയിംപ്ലെയിറ്റ്. ആദ്യം ഉപഭോക്താവിന്റെ മനസ്സിലേക്ക് തുളച്ച് കയറി സ്ഥാനം പിടിക്കേണ്ടത് അതിന്റെ പേരാണ്. ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍ എന്നാണല്ലോ. അതിനാല്‍ തന്നെ ആദ്യം വാഹനത്തിന്റെ പേര് ആകര്‍ഷകമായിരിക്കണം.

അതിനാല്‍ തന്നെ പേരിന്റെ പേരില്‍ പല വന്‍കിട കമ്പനികള്‍ തമ്മില്‍ ട്രേഡ്മാര്‍ക്കിനായുള്ള പോരാട്ടം തന്നെ അരങ്ങേറാറുണ്ട്. 2022 നവംബറിലായിരുന്നു പോര്‍ഷ 911 ഡക്കാര്‍ അവതരിപ്പിച്ചത്. കാണാന്‍ മികച്ച ലുക്കുള്ള ഓഫ് റോഡിംഗ് കഴിവുകളുള്ള കാറിന് അന്ന് മുതല്‍ റാലി പ്രേമികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിക്കാനായി. എന്നാല്‍ കാറിന്റെ പിറവിക്ക് പിന്നിലുള്ള ചില കഥകളാണ് ഇപ്പോള്‍ സംസാര വിഷയമാകുന്നത്. പോര്‍ഷ 911 ഡക്കാറിന്റെ വികസന ഘട്ടത്തില്‍ ഇന്‍േറണല്‍ ടീമുകളില്‍ നിന്നുണ്ടായ എതിര്‍പ്പുകളടക്കം നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു.

സഫാരി വേണമെന്ന് പോര്‍ഷ; നഹീന്ന് പറഞ്ഞാ നഹീന്ന് ടാറ്റ

പോര്‍ഷ 911 ഡക്കാറിന് പിന്നിലുള്ള കഥകള്‍ പ്രോഗ്രാം ഡയറക്ടര്‍ തോമസ് ക്രിക്കല്‍ബെര്‍ഗ് പങ്കുവെച്ചപ്പോള്‍ അതില്‍ നമ്മുടെ ടാറ്റ മോട്ടോര്‍സുമായി ബന്ധമുള്ള ചില കാര്യങ്ങളുമുണ്ടായിരുന്നു. മുന്‍ തലമുറ 911 വികസിപ്പിക്കുന്നതിനിടയില്‍ പോര്‍ഷ അതിനെ 911 സഫാരി എന്ന് വിളിക്കാന്‍ തീരുമാനിച്ചു. സഫാരി ശൈലിയിലുള്ള വാഹനങ്ങള്‍ പരുക്കനും ഏത് ഭൂപ്രദേശവും കീഴടക്കാന്‍ തക്ക ശേഷിയുള്ളതുമായതിനാല്‍ പുതിയ വാഹനത്തിന് ഏറ്റവും അനുയോജ്യമായ പേരുകളില്‍ ഒന്നായിരുന്നു സഫാരി എന്നായിരുന്നു അവര്‍ കണക്ക് കൂട്ടിയത്.

കഴിവുറ്റ ഒരു ഓഫ്‌റോഡറാക്കി മാറ്റുന്നതിനായി സാധാരണയായി ഇവക്ക് ശക്തമായ സസ്പെന്‍ഷനും വലിയ ടയറുകളും മറ്റ് നിരവധി സവിശേഷതകളും നല്‍കുന്നു. പ്രൊഡക്ഷന്‍ മോഡലിന്റെ ടീസറായി ഉപയോഗിക്കേണ്ട 911 വിഷന്‍ സഫാരി എന്ന പ്രോട്ടോടൈപ്പ് പോര്‍ഷ വികസിപ്പിച്ചെടുത്തിരുന്നു. സഫാരി എന്ന പേരന്റെ അവകാശം ടാറ്റ മോട്ടോര്‍സിനായതിനാല്‍ അത് ഉപയോഗിക്കാന്‍ പോര്‍ഷക്ക് സാധിച്ചില്ല. 1998-ല്‍ വിപണിയിലെത്തിയ ടാറ്റ സഫാരി ഇന്ത്യയിലെ ജനപ്രിയ മോഡലുകളിലൊന്നായി പേരെടുത്തിരുന്നു. 2021-ല്‍ പുതിയ അവതാരത്തില്‍ പിറവിയെടുത്ത സഫാരി ഇന്ന് ചില ആഗോള വിപണികളിലും ലഭ്യമാണ്.

സഫാരി നെയിംപ്ലെയിറ്റ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് തങ്ങള്‍ ടാറ്റ മോട്ടോര്‍സിനോട് അഭ്യര്‍ത്ഥിച്ചതായി ക്രിക്കല്‍ബര്‍ഗ് വെളിപ്പെടുത്തി. എന്നാല്‍ 'നോ' ആയിരുന്നു ടാറ്റയില്‍ നിന്ന് ലഭിച്ച മറുപടി. ഇതോടെയാണ് കാറിന് 911 ഡക്കാര്‍ എന്ന പേര് സ്വീകരിക്കാന്‍ പോര്‍ഷ തീരുമാനിച്ചത്. എന്നാല്‍ ഡാക്കര്‍ എന്ന പേരിടുന്നതിനും ചില വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ഓട്ടോമൊബൈല്‍ രംഗത്ത് 'ഡക്കാര്‍' എന്ന പേരിന്റെ പകര്‍പ്പവകാശം ഡക്കാര്‍ റാലി സംഘടിപ്പിക്കുന്ന അമൗറി സ്പോര്‍ട് ഓര്‍ഗനൈസേഷന്‍ അല്ലെങ്കില്‍ എഎസ്ഒയുടെ കൈവശമാണ്.

ഡക്കാര്‍ എന്നത് ഒരു നഗരത്തിന്റെ പേര് കൂടി ആയതിനാല്‍ അത് ഉപയോഗിക്കാന്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നായിരുന്നു പോര്‍ഷ പ്രതീക്ഷിച്ചത്. എന്നാല്‍ പകര്‍പ്പാവകാശ പ്രശ്‌നങ്ങള്‍ കാരണം ഡക്കാര്‍ എന്ന പേരിനായി പോര്‍ഷക്ക് എഎസ്ഒയില്‍ നിന്ന് അനുമതി വാങ്ങേണ്ടതായി വന്നു. എന്നാല്‍ ടാറ്റയില്‍ നിന്ന് വ്യത്യസ്തമായി അവരില്‍ നിന്ന് അനുകൂലമായ മറുപടി ലഭിച്ചതോടെ എല്ലാം ശുഭം. ടാറ്റയെപ്പോലെ എഎസ്ഒ ഒരു കാര്‍ നിര്‍മ്മാതാവോ പോര്‍ഷയുടെ എതിരാളിയോ അല്ലാത്തതിനാല്‍ അത് സാധ്യമായി എന്ന് പറയാം.

എന്നിരുന്നാലും ഡക്കാര്‍ എന്ന പേര് ഉപയോഗിക്കുന്നതിന് പോര്‍ഷ അത്യാവശ്യത്തിന് പണം മുടക്കേണ്ടി വന്നുവെന്ന് മാത്രം. പോര്‍ഷ 911 ഡക്കാറിന്റെ വികസന സമയത്ത് ആന്തരികമായി എതിര്‍പ്പുകള്‍ നേരിട്ടുവെന്ന് മുകളില്‍ സൂചിപ്പിച്ചിരുന്നുവെല്ലോ. പോര്‍ഷ 911 ഡക്കാര്‍ ഹിറ്റാകുമെന്ന കാര്യത്തില്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് ടീമിന് നല്ല ആത്മവിശ്വാസവും ഉറപ്പും ഉണ്ടായിരുന്നു. എന്നാല്‍ കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ടീം നേരെ വിപരീതമായായിരുന്നു ചിന്തിച്ചത്. ഓഫ്-റോഡ് 911-ന് വിപണിയിലുള്ള സാധ്യതയെക്കുറിച്ച് അവര്‍ക്ക് അത്ര ആത്മവിശ്വാസമില്ലായിരുന്നു.

മാത്രമല്ല അതിന് കാര്യമായ ലാഭമുണ്ടാക്കാന്‍ കഴിയില്ലെന്നും സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ ടീം വിശ്വസിച്ചു. ഇക്കാരണത്താല്‍ തന്നെ 911 ഡക്കാറിന്റെ വികസനം മന്ദഗതിയിലാകുകയും ചെയ്തു. 2020-ല്‍ 911-ന്റെ പുതിയ തലമുറ വിപണിയില്‍ എത്തിയതോടെ ഡാക്കര്‍ പ്രൊജക്ടില്‍ വലിയ മാറ്റങ്ങള്‍ വന്നു. ആന്തരിക വെല്ലുവിളികള്‍ മായാന്‍ തുടങ്ങി. വാഹനത്തില്‍ നിന്ന് ലാഭം ലക്ഷ്യമിട്ട് ഉല്‍പ്പാദന ലക്ഷ്യം 2,000-ത്തില്‍ നിന്ന് 2,500 യൂണിറ്റായി ഉയര്‍ത്തി. ഒപ്പം തന്നെ വികസനച്ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങളും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായി.

223,450 ഡോളര്‍ പ്രാരംഭ വിലയായി നിശ്ചയിക്കുകയും ചെയ്തു. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ടീം 911 ഡക്കാറിനെ അടുത്തറിഞ്ഞതോടെ ടീം അവസാന കടമ്പയും ചാടിക്കടന്നു. അവര്‍ കാര്‍ ഓടിച്ചതോടെ ഇതിന്റെ കഴിവും സാധ്യതകളും തിരിച്ചറിയാന്‍ അധികം സമയം വേണ്ടിവന്നില്ല. ഇതോടെ പ്രൊജക്ടിന് വേഗത്തില്‍ അംഗീകാരം ലഭിച്ചു. 911 ഡക്കാര്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ കൂടി ഹിറ്റടിച്ചാല്‍ മക്കാന്‍, കയീന്‍, ടെയ്കാന്‍ മോഡലുകളില്‍ കൂടി ഡക്കാര്‍ ടെംപ്ലെയിറ്റ് ഭാവിയില്‍ നമുക്ക് കാണാന്‍ കഴിഞ്ഞേക്കും.

Most Read Articles

Malayalam
English summary
Porsche requested tata motors to use safari name for 911 dakar but answer was no
Story first published: Tuesday, January 31, 2023, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X