ഹൈദ്രാബാദി അല്ല തനി മല്ലു! പ്രേമലുവിൽ നസ്‌ലിനും മമിതയ്ക്കും ഒപ്പം മിന്നിതിളങ്ങിയ ഇവനാണ് ഇൻഡി
അടുത്തിടെ തിയറ്ററുകളിൽ എത്തിയ പ്രേമലു എന്ന ഗിരീഷ് A.D ചിത്രം വളരെ മികച്ച പ്രതികരണവുമായി പ്രേക്ഷക മനസ്സുകൾ കീഴടക്കി ഹിറ്റിൽ നിന്ന് ഹിറ്റിലേക്ക് കുതിക്കുകയാണ്. ചിത്രത്തിൽ ഒരു വണ്ടിപ്രാന്തൻ എന്ന നിലയിൽ നമ്മൾ ശ്രദ്ധിക്കുന്ന പല എലമെന്റുകളുമുണ്ട്. ഫസ്റ്റ് ഹാഫിലും സെക്കൻഡ് ഹാഫിലും വളരെ പ്രധാന കാര്യക്ടറായി എത്തുന്ന മിനി കൂപ്പർ മുതൽ പല വാഹനങ്ങളും ചിത്രത്തിൽ മിന്നി മറഞ്ഞു പോവുന്നുണ്ട്.
എന്നാൽ ഇവയിൽ വളരെ കൗതുകം ഉയർത്തിയ ഒന്നാണ് ഒരു പാട്ട് സീക്വൻസിൽ നസ്‌ലിനും മമിതയും ചീറിപാഞ്ഞു പോകുന്ന ചുവപ്പ് നിറത്തിലുള്ള സ്റ്റൈലിഷ് സ്‌കൂട്ടര്‍. ഒറ്റയടിക്ക് ശ്രദ്ധ ആകർഷിക്കുന്ന വ്യത്യസ്ത രൂപമാണ് സ്കൂട്ടറിന്റെ ഹൈലൈറ്റ്. പലരുടേയും ശ്രദ്ധയാകര്‍ഷിച്ച ഈ സ്റ്റൈലിഷ് സ്‌കൂട്ടര്‍ ഒരു ഇവിയാണ് എന്നത് അതിന്റെ രജിസ്ട്രേഷൻ പ്ലേറ്റുകളുടെ ഗ്രീൻ കളർ കൊണ്ട് നിങ്ങളിൽ പലരും മനസിലാക്കിയിട്ടുണ്ടാവും.

ബെംഗളൂരു ആസ്ഥാനമായുള്ള റിവര് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി പുറത്തിറക്കിയ ഇന്‍ഡി എന്ന ഇ-സ്‌കൂട്ടറാണിത്. 1.38 ലക്ഷം രൂപ എക്സ് -ഷോറൂം വിലയ്ക്ക് റിവര്‍ ഇന്‍ഡി ലഭ്യമാവും. അരവിന്ദ് മണി, വിപിന്‍ ജോര്‍ജ് എന്ന രണ്ട് മലയാളികൾ ചേര്‍ന്ന് 2021 മാര്‍ച്ചിലാണ് റിവര്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി ആരംഭിക്കുന്നത്.
പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷത്തിനു ശേഷം അവര്‍ ഇന്‍ഡി എന്ന ഇലക്ട്രിക് സ്‌കൂട്ടറുമായി വിപണിയിൽ എത്തി. സ്കൂട്ടർ ലോകത്തെ എസ്‌യുവി എന്ന ടാഗ്ലൈനോടെയാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇൻഡിയെ കമ്പനി അവതരിപ്പിച്ചത്. ഇ-സ്കൂട്ടറിന്റെ അവതരണ സമയത്ത് കോ-ഫൗണ്ടർമാരിൽ ഒരാളായ വിപണിൻ ജോർജിനോട് വാഹനത്തിന്റെ പല കാര്യങ്ങൾ ഞങ്ങൾക്ക് ചോദിച്ചറിയാൻ അവസരം ലഭിച്ചിരുന്നു.

ഫ്രണ്ടിൽ നൽകിയിരിക്കുന്ന എക്സ്ട്ര ഫുട്ട് പെഗ്ഗിന്റെ പിന്നിലെ കഥയാണ് അതിൽ ഏറ്റവും രസകരവും അതോടൊപ്പം തന്നെ ഞങ്ങളെ ചിന്തിപ്പിക്കുകയും ചെയ്തത്. റബ്ബർ കർഷകനായ തന്റെ പിതാവ് സ്കൂട്ടറിൽ റബ്ബർ ഷീറ്റുകൾ അടുക്കി വെച്ച് പോവുമ്പോൾ പലപ്പോഴും കാൽ വെയ്ക്കാൻ ഇടയില്ലാതെ കഷ്ടപ്പെടുന്നത് കണ്ടിട്ടാണ് താൻ ഈ ഫ്രണ്ട് ഫുട്ട പെഗ് എന്ന ആശയത്തിലേക്ക് എത്തിയത് എന്ന് വിപിൻ വ്യക്തമാക്കി.
ഇനി സ്കൂട്ടറിനെക്കുറിച്ച് പറയുകയാണെങ്കിൽ മുന്നിലും പിന്നിലും 14 ഇഞ്ച് വലുപ്പമുള്ള വീലുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ഇ-സ്‌കൂട്ടറാണ് ഇന്‍ഡി എന്നത് ശ്രദ്ധേയമാണ്. മുന്നിൽ ട്വിൻ എല്‍ഇഡി ലൈറ്റുകളും ക്രാഷ് ഗാര്‍ഡുകളും ഫ്രണ്ട് ഫൂട്ട്‌പെഗ്ഗുകളും ഇതിലുണ്ട്. സെഗ്മെന്റിലെ തന്നെ ഏറ്റവും നീളവും വീതിയുമുള്ള സീറ്റുകളും ഇൻഡിയിൽ വരുന്നു.

ചുരുക്കി പറഞ്ഞാൽ സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന വിശേഷണം റിവര്‍ ഇന്‍ഡിക്ക് വളരെ അനുയോജ്യമാണ്. ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്നു റൈഡിംഗ് മോഡുകള്‍ വാഹനത്തിൽ വരുന്നുണ്ട്. സൈഡ് സ്റ്റാന്‍ഡ് മോട്ടോർ കട്ട് ഓഫ്, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ്, 90 ഡിഗ്രി വാല്‍വ് സിസ്റ്റം എന്നിങ്ങനെ ഉപകാരപ്രദമായ പലതരം ഫീച്ചറുകളും ഇതിലുണ്ട്.
ഇനി മികച്ച പ്രാക്ടിക്കാലിറ്റിയ്ക്കായി 43 ലിറ്ററിന്റെ അണ്ടർ സീറ്റ് സ്റ്റോറേജ് സ്‌പേസും 12 ലിറ്ററിന്റെ ഗ്ലൗ ബോക്‌സും വാഹനത്തിൽ വരുന്നു. കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകണം എങ്കില്‍ 25 ലിറ്റര്‍ ടോപ് ബോക്‌സും 40 ലിറ്റര്‍ വരെ ഉൾക്കൊള്ളാനാവുന്ന പാനിയർ സെറ്റും ഘടിപ്പിക്കാം. അതോടൊപ്പം രണ്ട് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും നിർമ്മാതാക്കൾ ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

സിംഗിൾ ചാർജിൽ 120 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. IP67 റേറ്റഡ് 4.0kWh ബാറ്ററിയാണ് ഇന്‍ഡിയുടെ ഹൃദയം. സ്റ്റാന്‍ഡേഡ് ചാര്‍ജര്‍ ഉപയോഗിച്ച് അഞ്ചു മണിക്കൂറിനുള്ളിൽ 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 3.9 സെക്കന്‍ഡുകളാണ്.
ഇ-സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ബാറ്ററിക്കും സ്‌കൂട്ടറിനും അഞ്ച് വര്‍ഷം അല്ലെങ്കില്‍ അര ലക്ഷം കിലോമീറ്റര്‍ വരെ വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്. 1.25 ലക്ഷം രൂപ ഇന്‍ട്രൊഡക്ടറി വിലയ്ക്ക് എത്തിയ റിവര്‍ ഇന്‍ഡിയുടെ വില ഇപ്പോള്‍ 1.38 ലക്ഷം രൂപയാണ്. ടാക്‌സും ഇന്‍ഷുറന്‍സും ചേര്‍ക്കുന്നതോടെ വില ഏകദേശം 1.70 ലക്ഷം രൂപയിൽ എത്തും എന്നത് ശ്രദ്ധേയമാണ്.

നിലവിൽ യമഹ മോട്ടോര്‍ അടക്കം റിവറില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതുവരെ 68 ദശലക്ഷം ഡോളറിന്റെ, ഏകദേശം 565 കോടി രൂപയുടെ നിക്ഷേപം റിവര്‍ നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. നിലവിൽ മെട്രോ സിറ്റികളെ ടാർഗറ്റ് ചെയ്യുന്ന റിവർ വൈകാതെ സര്‍വീസ് നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്താന്‍ പദ്ധതിയിടുന്നുണ്ട്.


Click it and Unblock the Notifications








