ഇനി ഈ കാറുകള്‍ കാണാനാവുക പഴയ സിനിമകളില്‍ മാത്രം! മുംബൈയുടെ മറ്റൊരു അടയാളം കൂടി മായുന്നു

ഓരോ നഗരങ്ങളുടെയും മുഖമുദ്രയായി ചില വാഹനങ്ങള്‍ കാണും. നമ്മുടെ കേരളത്തിലെ ചില നഗരങ്ങളിലെ പച്ച, നീല, ചുവപ്പ് എന്നീ നിറങ്ങളിലുള്ള സിറ്റി ബസുകള്‍ ആ നഗരങ്ങളുടെ കൂടി അടയാളങ്ങളാണ്. ഇത്തരത്തില്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മുംബൈ മഹാനഗരത്തിന്റെ പൈതൃകത്തോട് ഇഴചേര്‍ന്ന് നിന്ന വാഹനങ്ങളാണ് മഞ്ഞയും കറുപ്പും നിറത്തിലുള്ള പ്രീമിയം പത്മിനി ടാക്‌സികള്‍.

മുംബൈക്കാര്‍ സ്‌നേഹത്തോടെ ഇവയെ ഖാലി-പീലി എന്ന് വിളിച്ച്‌പോന്നിരുന്നു. ഖാലി-പീലി ടാക്‌സികള്‍ 6 പതിറ്റാണ്ടിലേറെയായി നഗരത്തില്‍ ഉപയോഗത്തിലുണ്ട്. എന്നാല്‍ ഇനി മുംബൈ നഗരത്തിലെത്തിയാല്‍ പഴമയുടെ അടയാളം കൂടിയായ ഈ ടാക്‌സികള്‍ കാണാനാകില്ലെന്ന സങ്കടവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇനി ഈ ടാക്‌സികള്‍ കാണണമെങ്കില്‍ പഴയ ബോളിവുഡ് സിനിമകള്‍ എടുത്ത് കാണേണ്ടി വരുമെന്ന് സാരം.

mumbai premier padmini taxis

നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറക്കാനായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിവിധ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തിലെ ജനപ്രിയ ഡബിള്‍ ഡക്കര്‍ ബസുകള്‍ അടുത്തിടെ നിര്‍ത്തലാക്കിയിരുന്നു. സെപ്റ്റംബര്‍ 15 മുതലാണ് ഈ ബസുകള്‍ നിരത്തൊഴിഞ്ഞത്. മുംബൈ നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു ഈ ഡബിള്‍ ഡക്കര്‍ ബസുകള്‍. മലിനീകരണം കൂടിയ സാഹചര്യത്തില്‍ ഡീസലില്‍ ഓടുന്ന ഈ ബസുകള്‍ സര്‍വീസ് നിര്‍ത്താന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ഇതിന് പിന്നാലെയാണ് മറ്റൊരു വിഖ്യാത വാഹനം കൂടി നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ പോകുന്നത്. ഐക്കണിക് ബ്ലാക്ക് ആന്‍ഡ് യെല്ലോ പ്രീമിയര്‍ പത്മിനി ടാക്‌സി കാറുകള്‍ ഘട്ടം ഘട്ടമായാണ് നിര്‍ത്തലാക്കാന്‍ പോകുന്നത്. 2003 ഒക്ടോബര്‍ 29-നാണ് മുംബൈ നഗരത്തില്‍ അവസാനമായി മഞ്ഞയും കറുപ്പും നിറത്തിലുള്ള പ്രീമിയര്‍ പത്മിനി ടാക്‌സി രജിസ്റ്റര്‍ ചെയ്തത്. മുംബൈയിലെ ടാര്‍ഡിയോ ആര്‍ടിഒയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

mumbai premier padmini taxis

20 വര്‍ഷത്തിലധികം പഴക്കമുള്ള ക്യാബുകള്‍ നഗരത്തില്‍ ഓടിക്കാന്‍ പാടില്ല. അതിനാല്‍ ഇന്ന് (തിങ്കള്‍) മുതല്‍ പ്രീമിയര്‍ പത്മിനി ടാക്‌സി ഔദ്യോഗികമായി മുംബൈയില്‍ നിന്ന് വിടപറയും. ഏകദേശം 60 വര്‍ഷമായി ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രീമിയര്‍ പത്മിനി ടാക്‌സികള്‍ മുംബൈയുടെ അഭിമാനവും തങ്ങളുടെ ജീവിതവുമായിരുന്നുവെന്നാണ് നഗരത്തിലെ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു പ്രഭാദേവി സ്വദേശി അബ്ദുല്‍ കരീം പറയുന്നത്.

നഗരത്തിലെ പൈതൃകം പേറുന്ന കാലപ്പഴക്കം ചെല്ലുന്ന പല കെട്ടിടങ്ങളും സംരക്ഷിക്കം പോലെ കുറഞ്ഞത് ഒരു പ്രീമിയര്‍ പത്മിനി ടാക്‌സിയെങ്കിലും സംരക്ഷിച്ചു പോരണമെന്നും പല കോണില്‍ നിന്നായി ആവശ്യമുയര്‍ന്നിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ ടാക്‌സി യൂണിയന്‍ ഇതേ ആവശ്യം ഉന്നയിച്ച് സര്‍ക്കാറിനെ സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. നിലവില്‍ നഗരത്തിലെ ചുമരുകളില്‍ മ്യൂറല്‍ പെയിന്റിംഗുകളായി അവ അവശേഷിക്കുമെന്നും കാലക്രമേണ അവ ജനങ്ങളുടെ ഹൃദയത്തില്‍ മാത്രമായി ചുരങ്ങുമെന്നുമാണ് ഖാലി-പീലി ഫാന്‍സിന്റെ സങ്കടം.

mumbai premier padmini taxis

മുംബൈ നഗരത്തില്‍ ഇപ്പോള്‍ മഞ്ഞയും കറുപ്പും നിറത്തിലുള്ള 40000 ക്യാബുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. 1990-കളുടെ അവസാനത്തില്‍ ഇവയുടെ എണ്ണം 63000 ആയിരുന്നു. ബ്ലൂ-സില്‍വര്‍ നിറത്തിലുള്ള എസിയുള്ള കൂള്‍ ക്യാബുകളും അന്ന് സജീവമായിരുന്നു. 1964-ല്‍ ഫിയറ്റ് 1100 മോഡലായാണ് പ്രീമിയര്‍ പപത്മിനി ടാക്‌സിയായി അരങ്ങേറ്റം കുറിച്ചത്.

ഈ പേരിലാണ് പ്രീമിയര്‍ പത്മിനി നേരത്തെ അറിയപ്പെട്ടിരുന്നത്. പിന്നീട് പേര് പ്രീമിയര്‍ പ്രസിഡന്റ് എന്നാക്കി മാറ്റി. ഇതിനെ തുടര്‍ന്നാണ് പ്രീമിയര്‍ പത്മിനി എന്ന പേര് ലഭിച്ചത്. ഇതിനുശേഷം, 2001-ല്‍ നിര്‍ത്തലാക്കുന്നതുവരെ ഈ പേരിലാണ് കാര്‍ വില്‍പ്പനക്കെത്തിയത്. പ്രീമിയര്‍ ഓട്ടോമൊബൈല്‍ ലിമിറ്റഡായിരുന്നു ഈ കാര്‍ നിര്‍മ്മിച്ച് പോന്നത്.

നേരത്തെ മഹാരാഷ്ട്രയില്‍ ടാക്‌സികളുടെ ആയുസ്സ് 25 വര്‍ഷമായിയിരുന്നുവെങ്കിലും 2013-ല്‍ ഇത് 20 വര്‍ഷമായി കുറക്കുകയായിരുന്നു. പഴയ വാഹനങ്ങള്‍ കാരണം വായു മലിനീകരണം കൂടുന്നുവെന്ന വസ്തുത കണക്കിലെടുത്താണ് പഴയ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കെതിരെ രാജ്യത്ത് കര്‍ശന നടപടികള്‍ സ്വീകരിച്ച് വരുന്നത്. ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം പരിഗണിച്ച് രാജ്യതലസ്ഥാന മേഖലയായ ഡല്‍ഹിയില്‍ 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലിനീകരണം കുറക്കുകയെന്ന ലക്ഷ്യത്തോടെ ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തി ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ സിഎന്‍ജി, ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗവും അധികാരികള്‍ പ്രോത്സാഹിപ്പിക്കുന്നു.

വരുംനാളുകളില്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങളും ഇന്ത്യയില്‍ എത്തും. ഇതിനുള്ള നടപടികള്‍ക്ക് നല്ല പിന്തുണയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കുന്നത്. ഘട്ടം ഘട്ടമായി മാത്രമേ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂ. അതിന്റെ ഭാഗമാണ് ഇതിഹാസങ്ങളായ പല വാഹനങ്ങളുടെയും ഈ വിടപറച്ചില്‍.

More from DriveSpark

Article Published On: Monday, October 30, 2023, 11:44 [IST]
English summary
Premier padmini taxis retire from mumbai roads after six decades service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X