ജനം ഉപയോഗിച്ചാല്‍ സുരക്ഷയെ വരെ ബാധിക്കുമെന്ന് പമ്പ് ഉടമകള്‍! ടോയിലെറ്റ് ഉപഭോക്താക്കള്‍ക്ക് മാത്രമെന്ന് കോടതി
ദീര്‍ഘദൂര യാത്രകളില്‍ പൊതുജനങ്ങള്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നത് സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ ദീര്‍ഘ, ഹ്രസ്വദൂര യാത്രകളില്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കുന്നവരെ ബാധിക്കുന്ന ഒരു സുപ്രധാന ഉത്തരവ് പുറത്തുവിട്ടിരിക്കുകയാണ് കേരള ഹൈകോടതി. പെട്രോള്‍ പമ്പുകളിലെ ശുചിമറുകള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇനി പെട്രോള്‍ പമ്പിലെ ശുചിമുറകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളിലെ ആളുകള്‍ക്ക് മാത്രമായി പമ്പുകളിലെ ശുചിമുറി ഉപയോഗം നിയന്ത്രിക്കണമെന്ന് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ നല്‍കിയ റിട്ട് ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുവായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ ബെഞ്ചാണ് നിരീക്ഷിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശം പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളാണെന്ന ധാരണ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും ഇത് പെട്രോള്‍ പമ്പിന്റെ സുരക്ഷയെ ബാധിക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
പെട്രോള്‍ പമ്പ് ജീവനക്കാരും ശുചിമുറി ഉപയോഗിക്കുന്നവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഉണ്ട്. ടൂറിസ്റ്റ് ബസുകളില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ശുചിമുറികള്‍ ഉപയോഗിക്കുന്നത് സുരക്ഷയെ ബാധിക്കുന്നു. പമ്പുടമകള്‍ പണം മുടക്കി ഉപഭോക്താക്കളുടെ ആവശ്യത്തിനാണ് ശുചിമുറികള്‍ നിര്‍മ്മിക്കുന്നതും പരിപാലിക്കുന്നതും. എന്നാല്‍ പൊതുജനം ഇത് വ്യാപകമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ എതിര്‍ഭാഗം കേരള സര്‍ക്കാരാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനും മറ്റ് ചില പ്രാദേശിക ഭരണകൂടങ്ങളും പെട്രോള്‍ പമ്പുകളില്‍ പൊതുജനങ്ങള്‍ക്ക് ശുചിമുറികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചില പമ്പുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പൊതുശുചിമുറികള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടതി നിര്‍ദ്ദേശം നല്‍കി. പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
ഏപ്രില്‍ മാസത്തില്‍ പെട്രോള്‍ പമ്പില്‍ ശുചിമുറിയുടെ താക്കോല്‍ നല്‍കാത്തതിന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി പമ്പുടമയ്ക്ക് 165000 രൂപ പിഴ വിധിച്ചിരുന്നു. ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ സിഎല്‍ ജയകുമാരി നല്‍കിയ പരാതിയിലായിരുന്നു നടപടി. കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെയായിരുന്നു കമ്മീഷന്റെ ഉത്തരവ്.
പെട്രോള്‍ പമ്പ് അനുവദിക്കുമ്പോള്‍ ടോയ്ലറ്റ് സൗകര്യങ്ങള്‍ നിര്‍ബന്ധമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ് പമ്പ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇവിടെ കാസര്‍ഗോഡ് നിന്ന് വരുന്ന വഴി പെട്രോള്‍ നിറയ്ക്കാന്‍ പമ്പില്‍ കയറിയ സമയത്തായിരുന്നു ജയകുമാരി ശുചിമുറിയുടെ താക്കോല്‍ ആവശ്യപ്പെട്ടത്. പൊലീസ് എത്തി ശുചിമുറി ചവിട്ടിത്തുറന്നാണ് അന്ന് ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്തത്.
പൊലീസിന്റെ തന്നെ നിര്‍ദേശപ്രകാരമാണ് അധ്യാപികയായ ജയകുമാരി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. ഏതായാലും പെട്രോള്‍ പമ്പുകളിലെ ശുചിമുറികളുടെ ഉപയോഗം സംബന്ധിച്ച് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. ഇതിന്റെ ബാക്കി വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ വരുന്നതായിരിക്കും. ശുചിമുറിയല്ലാതെ പെട്രോള്‍ പമ്പുകള്‍ വാഹനയുടമകള്‍ക്ക് മറ്റ് ചില അടിസ്ഥാന സേവനങ്ങള്‍ സൗജന്യമായി വാഗ്ദാനം ചെയ്യേണ്ടതുണ്ട്.
അതില്‍ ഒന്നാണ് വാഹനങ്ങളില്‍ എയര്‍ നിറയ്ക്കുന്നത്. യാതൊരു ഫീസും ഈടാക്കാതെ വേണം പെട്രോള്‍ പമ്പുകള്‍ വാഹനത്തില്‍ എയര്‍ നിറച്ച് തരാന്‍. ഇത് പൂര്‍ണ്ണമായും സൗജന്യ സേവനമാണ്. ഇത് പോലെ തന്നെ പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളുടെ അളവും ഗുണനിലവാരവും നിങ്ങള്‍ക്ക് പരിശോധിക്കാം. ഇതും പൂര്‍ണ്ണമായും സൗജന്യമാണ്. ഈ പരിശോധനയ്ക്ക് നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ പെട്രോള്‍ പമ്പ് മാനേജ്മെന്റ് അത് നിരസിക്കാന്‍ പാടില്ല. പക്ഷേ നമ്മളില്‍ പലരും ഇതുപോലുള്ള സൗജന്യ സേവനങ്ങള്‍ ഉപയോഗിക്കുന്നില്ല.


Click it and Unblock the Notifications









