വെള്ളക്കെട്ടിലൂടെ ഇവി സ്കൂട്ടർ ഓടിച്ചാലുള്ള എട്ടിൻ്റെ പണി ഇങ്ങനെ, വഡോദരയിൽ നിന്നുള്ള വൈറൽ വീഡിയോ
രാജ്യത്ത് പല സംസ്ഥാനങ്ങളിലും മഴ പെയ്യുകയാണ്. കാര്യം ചൂടിന് ആശ്വാസം ഉണ്ടെങ്കിലും വെള്ളക്കെട്ടുകൾ ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. റോഡിലെ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ പോകുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ എല്ലാവരും കാണാറുള്ളതാണ്. കാറുകൾ പോകുന്നത് പോലെയല്ല, സ്കൂട്ടറുകൾ വെള്ളക്കെട്ടിലൂടെ ഓടിക്കുക എന്നത്, അതൊരു ഇലക്ട്രിക് സ്കൂട്ടർ കൂടിയാണെങ്കിൽ പറയുകയും വേണ്ട. പലരും തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറിൻ്റെ ശേഷി പരിശോധിക്കാൻ വെള്ളക്കെട്ടിലൂടെ ഓടിക്കുന്നത് പതിവാണ്. അത്തരത്തിൽ വഡോദരയിലുളള യുവാവ് തൻ്റെ ഓല സ്കൂട്ടർ വെളളത്തിലൂടെ ഓടിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
വെള്ളക്കെട്ടിലൂടെ ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചിട്ട് എന്ത് സംഭവിച്ചു എന്നും, അങ്ങനെ ചെയ്താലുള്ള ദോഷവശങ്ങൾ എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്യുകയും 2 ദശലക്ഷത്തിലധികം വ്യൂസ് യുവാവ് നേടുകയും ചെയ്തു. പൊതുവെ നന്നായി അടച്ചിരിക്കുകയാണെങ്കിലും, ബാറ്ററി പായ്ക്കുകൾ പൂർണ്ണമായും വാട്ടർപ്രൂഫ് അല്ല. ആഴത്തിലുള്ള വെള്ളം അടിച്ചു കയറുന്നത് കേടുപാടുകൾക്കും വൈദ്യുത പ്രശ്‌നങ്ങൾക്കും, കൂടാതെ അത്യധികമായ സന്ദർഭങ്ങളിൽ വൈദ്യുത ആഘാതങ്ങൾക്കും തീപിടുത്തത്തിനും വരെ കാരണമാകാൻ വഴിവയ്ക്കും.

ദീർഘനേരം വെള്ളത്തിലിടുന്നത് മോട്ടോറിന് കാര്യമായ കേടുപാടുകൾ വരുത്തുകയും ചെലവേറിയ അറ്റകുറ്റപ്പണികൾക്ക് കാരണമാവുകയും ചെയ്യും. വെള്ളപ്പൊക്കം വന്ന തെരുവുകളിൽ പലപ്പോഴും മറഞ്ഞു കിടക്കുന്ന കുഴികളുണ്ടാകും. ഇവ വെള്ളത്തിനടിയിലൂടെ പോകുമ്പോൾ സ്കൂട്ടറിൻ്റെ അടിയിൽ മോട്ടോറിനും സാരമായ കേടുപാടുകൾ സംഭവിക്കും. വലിയ ആഴമേറിയ കുഴിയാണെങ്കിൽ അത് സ്കൂട്ടറിനെയും യാത്രക്കാരനെയും താഴേക്ക് വീഴ്ത്തുകയും ചെയ്യും.
ഇതോടൊപ്പം തന്നെ നിർമ്മാതാവിൻ്റെ വാറൻ്റികൾ സാധാരണയായി അശ്രദ്ധമായ റൈഡിംഗും വെള്ളം കയറുന്നതും മൂലമുണ്ടാകുന്ന നഷ്ടം കവർ ചെയ്യുന്നതല്ല എന്ന് പ്രത്യേകം ഓർക്കുക, നിങ്ങൾ അബദ്ധത്തിൽ വെളളക്കെട്ടിൽ പെട്ട് പോകുന്നത് പോലെ അല്ല മനപ്പൂർവ്വം വെളളത്തിലൂടെ സഞ്ചരിച്ച് വാഹനത്തിന് കേടുപാടുണ്ടാകുന്നത്. പോക്കറ്റിൽ നിന്ന് കാശ് ചോരുന്ന വഴി കാണില്ല. അത് കൊണ്ട് ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരാതിരിക്കുക എന്നതാണ് ചെയ്യേണ്ടത്.

ഓലയുടെ പുതിയ വിശേഷങ്ങൾ എന്തൊക്കെ ആണ് എന്ന് പരിശോധിക്കുകയാണെങ്കിൽ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ പുത്തന്‍ ടെക്‌നോളജി അവതരിപ്പിക്കാന്‍ പോകുകയാണ് ഓല. ലോക പ്രശസ്തമായ സോളിഡ് സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയാണ് ഓല തങ്ങളുടെ വാഹനങ്ങളില്‍ കൊണ്ടുവരാന്‍ പോകുന്നത്. നിലവില്‍ മിക്ക ഇലക്ട്രിക് വാഹനങ്ങളും ഇലക്ട്രോലൈറ്റിനെ അടിസ്ഥാനമാക്കിയുള്ള ലിഥിയം-അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്.
ഇതിന് നിരവധി ന്യൂനതകള്‍ ഉണ്ട്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ ഇവികളില്‍ ഈ ബാറ്ററി ഉപയോഗിക്കുന്നതാണ് ഗുണം. സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയാല്‍ അതാകും മികച്ചത്. സോളിഡ് സ്‌റ്റേറ്റ് ബാറ്റികളെ കുറിച്ച് പറയുമ്പോള്‍ ഇത് ബാറ്ററി ടെക്‌നോളികളിലെ ഏറ്റവും നൂതനവും ശക്തവുമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. വാഹനങ്ങള്‍ ചാര്‍ജ് ചെയ്താല്‍ ഓടുന്ന ദൂരത്തെയാണ് നമ്മള്‍ റേഞ്ച് എന്ന് പറയുന്നത്.

ഈ ബാറ്ററി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് കൂടുന്നു. മാത്രമല്ല ഇത്തരം ബാറ്ററികള്‍ കൂടുതല്‍ സുരക്ഷിതവുമാണ്. സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ ഭാരം കുറവാണ്.ഇത് മൊത്തത്തിലുള്ള വാഹനത്തിന്റെ ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ഇതുമൂലം വാഹനത്തിന്റെ റേഞ്ച് വര്‍ധിക്കുകയും ചെയ്യും. സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ക്ക് മികച്ച തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റവും ഉണ്ട്.
ഇത് റൈഡര്‍ക്ക് മികച്ച റൈഡിംഗ് അനുഭവവും നല്‍കുന്നു. സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ക്ക് വേറെയും മെച്ചങ്ങളുണ്ട്. ഇവ ലിഥിയം അയോണ്‍ ബാറ്ററികളേക്കാള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. ആഗോള തലത്തില്‍ ഇതിനകം തന്നെ മികച്ച അഭിപ്രായം നേടിയ സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന രംഗത്തും വിപ്ലവം സൃഷ്ടിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








