വില്‍ക്കുന്നത് സ്വര്‍ണമാണെങ്കിലും മനസ്സ് തനിതങ്കം! മാതാപിതാക്കള്‍ക്ക് കോടികളുടെ കാര്‍ സമ്മാനിച്ച് മകന്‍
ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കള്‍ വലിയ നിലയില്‍ എത്തപ്പെടാന്‍ ആഗ്രഹിക്കുന്നു. അവര്‍ അതിന് വേണ്ടി വിയര്‍പ്പൊഴുക്കുന്നു. ചില മക്കള്‍ തങ്ങള്‍ നല്ല നിലയില്‍ എത്തുമ്പോള്‍ മാതാപിതാക്കളെ മറന്ന് അവരെ വൃദ്ധസദനങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ക്ക് ഇന്നും കുറവൊന്നും വന്നിട്ടില്ല. എന്നാല്‍ തങ്ങളുടെ മാതാപിതാക്കളെ ജീവനുതുല്യം സ്‌നേഹിക്കുന്ന മക്കളുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. ചെറുപ്പം തൊട്ടേ നമുക്ക് സമ്മാനങ്ങള്‍ തരുന്ന മാതാപിതാക്കള്‍ക്ക് തിരിച്ച് എന്തെങ്കിലും ചെയ്യാനുള്ള സമയമാണ് അവരുടെ വാര്‍ധക്യകാലം. ഇപ്പോള്‍ പ്രായമായ തന്റെ മാതാപിതാക്കള്‍ക്ക് കോടികള്‍ വില മതിക്കുന്ന ഒരു മെര്‍സിഡീസ് ബെന്‍സ് കാര്‍ സമ്മാനിച്ച മകനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പൂനെ സ്വദേശിയായ പ്രകാശ് നഗര്‍ക്കറാണ് ഈ കഥയിലെ നായകന്‍. ഇദ്ദേഹം ഒരു ജ്വല്ലറി വ്യാപാരിയാണ്. തന്റെ മാതാപിതാക്കള്‍ക്ക് 1.7 കോടി രൂപ വില വരുന്ന പുതിയ ആഡംബര എസ്‌യുവി സമ്മാനിക്കുന്നതിന്റെ ഹൃദയസ്പര്‍ഷിയായ വീഡിയോ അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. പ്രസാദും ഭാര്യയും മാതാപിതാക്കളെ മെര്‍സിഡീസ് ബെന്‍സ് ഡീലര്‍ഷിപ്പിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാനാകുക.

സര്‍പ്രൈസ് ഒരുക്കാനായി മെര്‍സിഡീസ് ബെന്‍സ് GLS എസ്‌യുവി കറുത്ത ഷീറ്റില്‍ മറച്ച് വെച്ചിരിക്കുകയായിരുന്നു. കണ്ണുകെട്ടിക്കൊണ്ട് മാതാപിതാക്കളെ കാറിന് അടുത്തേക്ക് കൊണ്ടുവന്ന ശേഷം ആഡംബര എസ്‌യുവിയുടെ ബോണറ്റില്‍ അവരുടെ കൈകള്‍ വെച്ചു. താമസിയാതെ കറുത്ത തുണിമാറ്റി അവരുടെ പുത്തന്‍ പുതിയ മെര്‍സിഡീസ് ബെന്‍സ് GLS എസ്‌യുവി വെളിപ്പെടുത്തിയപ്പോള്‍ മാതാപിതാക്കള്‍ അതിയായി സന്തോഷിച്ചു.
ചടങ്ങിന് സാക്ഷിയായ ഡീലര്‍ഷിപ്പ് ജീവനക്കാര്‍ കൈയ്യടികളോടെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഹൈസിന്ത് റെഡ് മെറ്റാലിക്ക കളറിലുള്ള GLS എസ്‌യുവിയാണ് പ്രഭാകര്‍ മാതാപിതാക്കള്‍ക്ക് സമ്മാനിച്ചത്. മെര്‍സിഡീസിന്റെ ജനപ്രിയ മോഡലുകളില്‍ ഒന്നായ GLS പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. എന്നാല്‍ പ്രകാശ് എസ്‌യുവിയുടെ ഏത് വേരിയന്റാണ് മാതാപിതാക്കള്‍ക്ക് സമ്മാനിച്ചതെന്ന് വ്യക്തമല്ല.

മെര്‍സിഡീസ് ബെന്‍സ് GLS 450 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 362 bhp പവറും 750 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. മറുവശത്ത് GLS 450 എ്‌സ്‌യുവിയിലെ് 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 375 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും ഓള്‍-വീല്‍ ഡ്രൈവിനൊപ്പം 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറെ ഇഷ്ടപ്പെടുന്ന മൂന്ന്-വരി എസ്‌യുവികളില്‍ ഒന്നാണ മെര്‍സിഡീസ് ബെന്‍സ് GLS. നിരവധി ബോളിവുഡ് താരങ്ങളും ബിസിനസുകാരും ഈ ആഡംബര എസ്‌യുവി ഇതിനോടകം വാങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യമാണ് എസ്‌യുവി മുഖംമിനുക്കി വിപണിയില്‍ എത്തിയത്. തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്ന 4-സ്ലാറ്റ് സില്‍വര്‍ റേഡിയേറ്റര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുതിയ എയര്‍ ഇന്‍ലെറ്റ് ഗ്രില്ലുകള്‍, ഹൈ-ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവയാണ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

പുതിയ കാറ്റലാന ബ്രൗണ്‍, ബഹിയ ബ്രൗണ്‍ അപ്ഹോള്‍സ്റ്ററി ഓപ്ഷനുകള്‍, പുതുക്കിയ MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതുക്കിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 13-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ 590-വാട്ട് സൗണ്ട്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ് എന്നിങ്ങനെ ഫീച്ചറുകളാല്‍ സമ്പന്നമാണ് ഈ ജര്‍മന്‍ എസ്‌യുവി.
ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവ ആഡംബര എസ്‌യുവിക്ക് സുരക്ഷയൊരുക്കുന്നു. GLS കൂടാതെ ലംബോര്‍ഗിനി ഹുറാകാന്‍ EVO സ്‌പൈഡര്‍, കസ്റ്റമൈസ്ഡ് മെര്‍സിഡീസ് G63 AMG എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ആഡംബര വാഹനങ്ങളും ജ്വല്ലറി വ്യാപാരിയുടെ ഗരാജിലുണ്ട്. തന്റെ മാതാപിതാക്കള്‍ക്ക് മെര്‍സിഡീസ് ബെന്‍സ് സമ്മാനിച്ച പ്രകാശ് നഗര്‍ക്കറുടെ പ്രവൃത്തി കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ തെളിവ് കൂടിയാണ്.


Click it and Unblock the Notifications








