ചൂട് കുറയ്ക്കാന്‍ കാറില്‍ ചാണകം മെഴുകി ഡോക്ടര്‍
കാറിന് ചാണകം പൂശുന്നത് പുതു ട്രെന്‍ഡായി മാറിയിരിക്കുന്നു. അഹമ്മദാബാദ് സ്വദേശിനി സേജല്‍ ഷാ ടൊയോട്ട കൊറോള ആള്‍ട്ടിസിന് ചാണകം മെഴുകി ശ്രദ്ധ നേടിയതിന് പിന്നാലെ പൂനെയില്‍ നിന്നൊരു ഡോക്ടറും ചൂടു കുറയ്ക്കാന്‍ സമാന രീതി അവലംബിക്കുകയാണ്.

മുംബൈ ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ നവനാദ് ദുദ്ഹലാണ് കത്തുന്ന ചൂടില്‍ നിന്നും രക്ഷ തേടാന്‍ കാറിന് പുറത്ത് ചാണകം തേച്ചിരിക്കുന്നത്. ക്യാബിനകത്തെ ചൂടു കുറയ്ക്കുന്നതിനൊപ്പം എസിയുടെ ഉപയോഗം കുറച്ച് വായു മലിനീകരണം നിയന്ത്രിക്കാനും ഈ നടപടി സഹായിക്കുമെന്ന് ഇദ്ദേഹം പറയുന്നു.

ചാണകം മെഴുകിയ ആദ്യതലമുറ XUV500 -യ്‌ക്കൊപ്പം നില്‍ക്കുന്ന നവ്‌നാദിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. എസ്‌യുവിയില്‍ മൂന്നു കോട്ട് ചാണകമാണ് നവ്‌നാദ് പൂശിയിരിക്കുന്നത്. ഒരുമാസക്കാലം ഈ കോട്ടിങ് നിലനില്‍ക്കുമെന്ന് ഇദ്ദേഹം പറയുന്നു.

ചാണകം മെഴുകിയതിനാല്‍ സൂര്യന്റെ റേഡിയേഷന്‍ മേല്‍ക്കൂരയില്‍ പതിക്കില്ല. ക്യാബിനകത്തെ താപം അഞ്ചു മുതല്‍ ഏഴു ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ ചാണക കോട്ടിങ്ങിന് കഴിയുമെന്നാണ് നവ്‌നാദിന്റെ വാദം. ചാണകം പൂശുന്നതുകൊണ്ട് എസ്‌യുവിയുടെ നിറത്തിന് കേടുപാടു സംഭവിക്കില്ല. വെള്ളവും തുണിയും ഉപയോഗിച്ച് കാര്‍ കഴുകിയെടുക്കാമെന്നും നവ്‌നാദ് വ്യക്തമാക്കുന്നു.

എന്നാല്‍ ചാണകം മെഴുകിയാല്‍ കാറിനത്തെ ചൂട് കുറയുമെന്ന വാദത്തിന് നിലവില്‍ ശാസ്ത്രീയ അടിത്തറയില്ല. സാങ്കേതികപരമായി വിലയിരുത്തിയാല്‍ വിന്‍ഡ്ഷീല്‍ഡുകളും ജനാലകളുമാണ് കാറിനകത്തെ ചൂട് വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണക്കാര്‍. വിന്‍ഡ്ഷീല്‍ഡുകള്‍ കറിനുള്ളിലേക്ക് കടക്കുന്ന സൂര്യതാപത്തെ പുറത്തുപോകാന്‍ അനുവദിക്കാതെ ഗ്രീന്‍ഹൗസ് പ്രതിഭാസം സൃഷ്ടിക്കുന്നു. ഈ അവസരത്തില്‍ കാറിനകത്തെ ചൂടു പെട്ടെന്നു കുറയ്ക്കാനുള്ള ചില എളുപ്പവഴികള്‍ ഇവിടെ പരിശോധിക്കാം.

കാര്‍ ഏറെനേരം വെയിലത്തു നിര്‍ത്തിയിട്ടാല്‍ പുറത്തുള്ളതിനെക്കാള്‍ ചൂടു ക്യാബിനകത്ത് അനുഭവപ്പെടാറ് പതിവാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എസിയിട്ട് ചൂടു കുറയ്ക്കാന്‍ പലരും മുന്‍കൈയ്യെടുക്കും. എന്നാല്‍ ഇത് ഫലപ്രദമായ നടപടിയല്ല. എസിയിടുന്നതിന് പകരം ജനാലകള്‍ താഴ്ത്തി കാറിനകത്ത് തളംകെട്ടി നില്‍ക്കുന്ന ചൂടുവായു പുറത്തേക്ക് വിടുകയാണ് ശരിയായ സമീപനം.

സണ്‍റൂഫുണ്ടെങ്കില്‍ അതും തുറന്നുവെയ്ക്കാം. ജനാലകള്‍ തുറന്ന് കുറച്ചുനേരം ഡ്രൈവ് ചെയ്യുമ്പോള്‍തന്നെ ശുദ്ധവായു ക്യാബിന്‍ താപം കുറയ്ക്കും. ഇനിയാണ് എസിയിടേണ്ടത്. പക്ഷെ പൂര്‍ണ്ണ തോതില്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. കാരണം എസിയുടെ പ്രവര്‍ത്തനം പരമാവധി കൂട്ടിയാല്‍ കാറിനകത്തെ വായു വലിച്ചെടുത്ത് ക്യാബിന്‍ തണുപ്പിക്കാനായിരിക്കും എസി ശ്രമിക്കുക.

അതുകൊണ്ട് എസി സാധാരണ ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ശരിയായ നടപടി. ചൂടു തെല്ലൊന്നു കുറഞ്ഞെന്നു അനുഭവപ്പെട്ടാല്‍ ജനാലകള്‍ ഉയര്‍ത്തി പരമാവധി ശേഷിയിലേക്ക് എസിയിടാം. ഇത്രയുംകൊണ്ടുതന്നെ കാറിലെ താപം ക്രമപ്പെട്ടിരിക്കും.
Image Source: Sakal Times


Click it and Unblock the Notifications








