നമുക്കെന്താ ഈ ബുദ്ധി തോന്നാഞ്ഞേ എന്ന് മാരുതി മുതലാളി! 'ആള്‍ട്ടോ പിക്കപ്പ്' എങ്ങനെയുണ്ട്?
ഇന്ത്യയില്‍ എല്ലാ കാലത്തും ബജറ്റ് വിലയുള്ള ഹാച്ച്ബാക്കുകള്‍ക്ക് വലിയ ജനപ്രീതിയുണ്ട്. എസ്‌യുവി ട്രെന്‍ഡിംഗിനിടയിലും വില്‍പ്പന ചാര്‍ട്ടുകളില്‍ മുന്നിലെത്തുന്ന ഹാച്ച്ബാക്കുകള്‍ ഉണ്ട്. മാരുതി സുസുക്കിയുടെ എക്കാലത്തെയും വലിയ ഹിറ്റ് മോഡലുകളില്‍ ഒന്നാണ് ആള്‍ട്ടോ. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ആള്‍ട്ടോ കാണാം. കഴിഞ്ഞ ദിവസം ഓഫ്‌റോഡര്‍ എസ്‌യുവികളെ വരെ നാണിപ്പിച്ച് ഹിമാലയന്‍ മലമടക്കുകളിലൂടെ അനായാസം പായുന്ന ആള്‍ട്ടോയുടെ വീഡിയോ വൈറലായിരുന്നു. ഇന്നും ആള്‍ട്ടോയെ സംബന്ധിച്ച ഒരു വീഡിയോയെ കുറിച്ചാണ് പറയാനുള്ളത്. എന്നാല്‍ ഇത് കാറിന്റെ പെര്‍ഫോമന്‍സിനെ കുറിച്ചുള്ളതല്ല. മറിച്ച് അതിന്റെ അനന്തമായ മോഡിഫിക്കേഷന്‍ സാധ്യതയെ കുറിച്ചുള്ളതാണ്. അതിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
പിക്ക്-അപ്പ് ട്രക്ക് (pickup) എന്ന് വിളിക്കപ്പെടുന്ന വാഹനങ്ങളെ കുറിച്ച് വാഹനപ്രേമികള്‍ക്ക് ഒരു ആമുഖം ആവശ്യമില്ല. ഇവ ഒരു കാറായും അതോടൊപ്പം ചരക്ക് നീക്കത്തിന് സഹായിക്കുന്ന വാഹനമായും ഉപയോഗിക്കാം. ഒരു ടണ്‍ വരെ ഭാരമുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഇതില്‍ പറ്റും. എന്നാല്‍ ഇന്ത്യയില്‍ പൊതുവേ പിക്ക്-അപ്പ് ട്രക്കുകള്‍ക്ക് അത്ര വലിയ പ്രചാരമില്ല. ഹൈറേഞ്ചിലും മറ്റുമുള്ള കര്‍ഷകരില്‍ ചിലരാണ് പലപ്പോഴും പിക്കപ്പ് ട്രക്കുകള്‍ വാങ്ങുന്നത്.

ബിസിനസ് ആവശ്യങ്ങള്‍ ഉള്ളവര്‍ കാറിനൊപ്പം ഗുഡ്‌സ് കാരിയറായി മറ്റ് വാഹനങ്ങളും വാങ്ങിയിടും. അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളിലും ചില ഗള്‍ഫ് രാജ്യങ്ങളിലും പിക്കപ്പ് ട്രക്കുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. ചെറിയ ചരക്കുകള്‍ കൊണ്ടുപോകാന്‍ ഉയര്‍ന്ന വിലയ്ക്ക് പിക്ക്-അപ്പ് ട്രക്കുകള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ തയാറല്ല. അങ്ങനെ വല്ല സാഹചര്യവും വന്നാല്‍ അതിനായി വാടകയ്ക്ക് വണ്ടി വിളിക്കുന്നതാണ് പതിവ്.
എന്നാല്‍ ഇപ്പോള്‍ ഒരു മാരുതി ആള്‍ട്ടോ പിക്ക്-അപ്പ് ട്രക്കാക്കി (Maruti Alto Pickup) മാറ്റിയിരിക്കുകയാണ് ഒരു ഇന്ത്യക്കാരന്‍. രാജ്യത്ത് ഇത്തരം വാഹന മോഡിഫിക്കേഷനുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരം പ്രവര്‍ത്തികള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. മാരുതി വാഗണ്‍ആറിന്റെ പിന്‍ഭാഗത്ത് ട്രാക്ടര്‍ ഭാഗങ്ങള്‍ ഘടിപ്പിച്ച വിരുതന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മോഡിഫിക്കേഷനുകള്‍ക്ക് പേരുകേട്ട പഞ്ചാബില്‍ നിന്നുള്ളതാണ് ഈ ആള്‍ട്ടോ പിക്കപ്പ് ട്രക്കിന്റെ വീഡിയോ എന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് രജിസ്‌ട്രേഷനിലുള്ളതാണ് ഈ സില്‍വര്‍ കളര്‍ ആള്‍ട്ടോ. ഇന്റര്‍നെറ്റില്‍ വൈറലായ ആള്‍ട്ടോ കാര്‍ ഒരു കാര്‍ഷിക മേഖലയിലാണ് കാണപ്പെട്ടത്. ചിലപ്പോള്‍ തന്റെ വിളകളും മറ്റും കൊണ്ടുപോകാനുള്ള സൗകര്യത്തിനായി ഏതെങ്കിലും കര്‍ഷകന്‍ കാര്‍ പിക്ക്-അപ്പ് ട്രക്കാക്കി മോഡിഫൈ ചെയ്തതാകാം.
ഈ വാഹനത്തിന്റെ മുന്‍വശം മാരുതി സുസുക്കി ആള്‍ട്ടോ പോലെ നിലനിര്‍ത്തിയപ്പോള്‍ പിന്‍ഭാഗത്ത് സീറ്റുകള്‍ ഉള്‍പ്പെടെ പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ വാഹനത്തില്‍ രണ്ടുപേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. പിന്നില്‍ സീറ്റിരുന്ന സ്ഥാനത്ത് വലിയ കാര്‍ഗോ ബെഡ് സ്ഥാപിച്ചിട്ടുണ്ട്. അതിന് അനുസരിച്ച് കാറിന്റെ റൂഫ് വെട്ടിമാറ്റി ബോഡിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അവര്‍ ടെയില്‍ലൈറ്റ് ഏരിയയില്‍ കൈവെച്ചിട്ടില്ല.

പകരം നടുവില്‍ ചെറിയ ഡോര്‍ നല്‍കിയിട്ടുണ്ട്. അത് തുറക്കാന്‍ സാധിക്കില്ലെന്നാണ് തോന്നുന്നത്. ഏതായാലും ഉപയോഗശൂന്യമായ കാര്‍ മോഡിഫൈ ചെയ്തതല്ല ഇതെന്ന് ഉറപ്പിച്ച് പറയാം. കാരണം വീഡിയോയുടെ അവസാനത്തില്‍ ഈ ആള്‍ട്ടോ കാര്‍ അനായാസം ഓടിച്ച് പോകുന്നത് കാണാം. കാര്‍ ഈ രീതിയില്‍ മോഡിഫൈ ചെയ്യുമ്പോള്‍ രണ്ട് സീറ്റുകള്‍ നഷ്ടപ്പെടുമെങ്കിലും സാധനങ്ങള്‍ കയറ്റാന്‍ സാധിക്കും. അതുതന്നെയാകും പഞ്ചാബുകാരന്‍ ചെയ്തിട്ടുള്ളത്.
എന്നിരുന്നാലും കാറിന്റെ ഘടനാപരമായ സമഗ്രതയെ ബാധിക്കുന്ന ഏത് തരത്തിലുള്ള മോഡിഫിക്കേഷനും സുരക്ഷിതമല്ല. അതുകൊണ്ടാണ് നിയമം വഴി ഇത് നിരോധിക്കപ്പെട്ടത്. സംസ്ഥാനത്തെ ഉള്‍പ്രദേശങ്ങളില്‍ ആയത് കൊണ്ടായിരിക്കും ഇത് അധികാരികളുടെ ശ്രദ്ധയില്‍ പെടാതിരുന്നത്. ഈ വണ്ടിയും കൊണ്ട്് നഗരപ്രദേശങ്ങളില്‍ ചെന്നാല്‍ നാലുപേര്‍ നോക്കുമായിരിക്കും. എന്നാല്‍ മിക്കവാറും പൊലീസിന്റെ വലയില്‍ ചെന്നായിരിക്കും അവസാനിക്കുക. ഈ ആള്‍ട്ടോ പിക്കപ്പ്-ട്രക്കിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.


Click it and Unblock the Notifications








