അവൽ പൊതി അല്ല, സതീർഥ്യന് സമ്മാനം ബെൻസ് കാർ
നിങ്ങളുടെ ബാല്യകാല സുഹ്യത്തിന് ഇപ്പോൾ എന്തെങ്കിലും സമ്മാനം കൊടുത്തിട്ടുളളവരാണോ നിങ്ങൾ? ബാല്യകാല സുഹ്യത്തുമായി ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണോ നിങ്ങൾ? തൻ്റെ ബാല്യകാല സുഹൃത്തിന് ഒരു മെർസിഡീസ് ബെൻസ് സമ്മാനമായി കൊടുത്തിരിക്കുകയാണ് ബോളിവുഡ് പഞ്ചാബി ഗായകനായ മിഖ സിങ്ങ്.
80 ലക്ഷം രൂപയുടെ പുതിയ മെഴ്‌സിഡസ് ബെൻസ് GLE 250d എസ്‌യുവിയാണ് സമ്മാനമായി നൽകിയത്. മിഖ സിങ്ങ് നൽകിയ കാറിന്റെ ചിത്രം അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തായ കൻവൽജീത് സിംഗ് തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഷെയർ ചെയ്തിരുന്നു. ഞങ്ങൾ ഒരുമിച്ചിട്ട് 30 വർഷം കഴിഞ്ഞു എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു ബോസിനും സുഹൃത്തിനും മുകളിലാണ് തങ്ങൾ തമ്മിലുളള ആത്മബന്ധം എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം എനിക്ക് സമ്മാനിച്ചത് എന്റെ ഏറ്റവും പ്രിയപ്പെട്ടതും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നതുമായ കാറായിരുന്നു എന്നു പോസ്റ്റിൽ പറയുന്നു.

ഏറ്റവും മികച്ച ഗായകൻമാരിലൊരാളും അത് പോലെ തന്നെ വാഹനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് മിഖ സിങ്ങ്. അദ്ദേഹത്തിന് നിരവധി വാഹനങ്ങൾ സ്വന്തമായിട്ടുണ്ട്. ഒരു ഓറഞ്ച് ഷേഡിലുളള ഹമ്മർ H2 മോഡൽ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. അദ്ദേഹം കൂടുതലായും ഹമ്മറിലാണ് സഞ്ചരിക്കുന്നത്.ഒരു കോടി രൂപയാണ് വാഹനത്തിൻ്റെ വില. മൂന്നു നിരകളിലായി സീറ്റുകളുണ്ട് ഈ ഹമ്മറിന്. റിയല്‍ടൈം ട്രാഫിക് ഫീച്ചറോടുകൂടിയ സാറ്റലൈറ്റ് റേഡിയോ, 20 ഇഞ്ച് ബ്ലാക് ക്രോം വീലുകള്‍ എന്നിവയാണ് ഹമ്മർ H2ൻ്റെ പ്രത്യേകതകൾ.
5,700 rpm-ൽ 393 bhp പരമാവധി കരുത്തും 4,300 rpm-ൽ 415 Nm ടോർക്കും നൽകുന്ന ശക്തമായ 6.2-ലിറ്റർ V8 എഞ്ചിനാണ് മിഖ സിങ്ങിൻ്റെ ഹമ്മർ H2-ന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഹമ്മർ H2 സ്വന്തമാക്കിയിട്ടുള്ള മറ്റ് പ്രശസ്തരായ താരങ്ങൾ എന്ന് പറയുന്നത് ക്രിക്കറ്റ് താരങ്ങളായ എം.എസ്.ധോനിയും ഹർഭജൻ സിംഗുമാണ്. പ്രശസ്ത നടൻ സുനിൽ ഷെട്ടി, പഞ്ചാബി ഗായകനും ഗാനരചയിതാവുമായ ജാസി ബി എന്നിവർക്കും ഇന്ത്യയിൽ ഹമ്മർ H2 സ്വന്തമായിട്ടുണ്ട്.

മുൻ തലമുറ റേഞ്ച് റോവർ വോഗ് എസ്‌യുവിയാണ് മിഖ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാർ. 3.0 ലിറ്റർ V6 ഡീസൽ എഞ്ചിൻ 335 bhp പരമാവധി കരുത്തും 740 Nm ടോർക്കും പുറപ്പെടുവിക്കുന്നു. 70 ലക്ഷം രൂപ വിലയുള്ള ഫോർഡ് മസ്താങ് ആണ് മിഖ സിങ്ങിൻ്റെ കളക്ഷനിലുളള മറ്റൊരു താര. വലിയ Ti-VCT V8 എട്ട് സിലിണ്ടർ 5.0 ലിറ്റർ എഞ്ചിനാണ് ഫോർഡ് മസ്‌താംഗിന് തുടിപ്പേകുന്നത്. ഇത് ഏതാണ്ട് 396 bhp കരുത്തിൽ പരമാവധി 515 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയര്ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 7.9 കിലോമീറ്റർ സർട്ടിഫൈഡ് മൈലേജ് പറയുന്ന കാറിന് മണിക്കൂറിൽ 250 കിലോമീറ്റർ വരെ പരമാവധി വേഗത്തിൽ കുതിക്കാനാവും. അഞ്ച് സെക്കന്‍ഡില്‍ മസ്‌താംഗ് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. നോര്‍മല്‍, സ്‌പോര്‍ട് പ്ലസ്, ട്രാക്ക്, വെറ്റ് എന്നീ വ്യത്യസ്‌തമായ നാല് ഡ്രൈവിംഗ് മോഡുകളും ഇതിലുണ്ട്. ഇതോടൊപ്പം പാഡിൽ ഷിഫ്റ്റുകളും വാഹനത്തിന്റെ ഭാഗമാണ്.

പ്രൊജക്‌ടർ എൽഇഡി ഹെഡാലാമ്പ്, സ്പോര്‍ട്ടി ബമ്പര്‍, നീളമേറിയ വലിയ ബോണറ്റ്, കറുപ്പിൽ ഒരുക്കിയിട്ടുള്ള അലോയ് വീലുകള്‍, കൂപ്പെ സ്റ്റൈലിൽ ഒഴുകിയിറങ്ങുന്ന റൂഫ്, എല്‍ഇഡി ബാറുകളായി നല്‍കിയിട്ടുള്ള എൽഇഡി ടെയില്‍ലാമ്പുകൾ, ജിടി ബാഡ്‌ജിംഗ് എന്നിവയാണ് ഫോർഡിന്റെ കൊമ്പനെ കൂടുതൽ അഴകുളളതാക്കുന്നത്.
ഫോർഡ് മസ്താങ്ങ് സ്വന്തമായിട്ടുളള നിരവധി താരങ്ങൾ ഉണ്ട്. ഒളിമ്പിക്‌സ് ഗോൾഡ് മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്കും ഈ ഐക്കണിക്ക് കാർ സ്വന്തമാക്കിയവരാണ്. ഇവരെ കൂടാതെ പ്രശസ്ത ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടി, നടൻ ധനുഷ്, കാളിദാസ് ജയറാം, സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദർ എന്നിവരൊക്കെയാണ് ഇന്ത്യയിലെ ഫോർഡ് മസ്താങ്ങ് ഉടമകൾ.


Click it and Unblock the Notifications








