ഫോര്‍ച്യൂണറിന് ഇത്രയും 'വില' കുറവോ! ലക്ഷങ്ങളുടെ കാര്‍ 'ധാബ'യാക്കി മാറ്റിയത് കണ്ടോ?
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫുള്‍സൈസ് എസ്‌യുവിയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. സെഗ്‌മെന്റില്‍ ഈ ടൊയോട്ട കാറിന് വെല്ലുവിളി ഉയര്‍ത്താന്‍ ഒരു എതിരാളികള്‍ പോലുമില്ലെന്നതാണ് സത്യം. സിനിമ താരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ട വാഹനമാണ് ഫോര്‍ച്യൂണര്‍. എന്നാല്‍ ഫോര്‍ച്യൂണര്‍ ഭക്ഷണശാലയാക്കി മാറ്റിയ സിക്കുകാരാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരങ്ങള്‍. അതിനെ കുറിച്ച് നമുക്ക് നോക്കാം.
ദീര്‍ഘദൂര യാത്രകള്‍ പോകുന്നയാളുകള്‍ക്ക് പരിചയമുള്ള സംഗതിയാണ് 'ധാബ'കള്‍. ചരക്കുകളുമായി മൈലുകള്‍ താണ്ടുന്ന ലോറിക്കാരുടെ താവളങ്ങളാണ് ഇത്തരം ഭക്ഷണശാലകള്‍. ഉത്തരേന്ത്യയിലാണ് ഇത് പൊതുവേ കണ്ടുവരുന്നത്. എന്നാല്‍ വറൈറ്റി ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കായി നോര്‍ത്തിന്ത്യന്‍ സ്‌റ്റൈലിലുള്ള ഇത്തരം ഭക്ഷണശാലകള്‍ ഇന്ന് കേരളത്തിലുമുണ്ട്. ഇന്ന് സ്വന്തം വാഹനങ്ങള്‍ വരുമാനമാര്‍ഗമാക്കി മാറ്റാന്‍ ജനങ്ങള്‍ പരീക്ഷിച്ച് വരുന്ന ഒരു മാര്‍ഗമാണ് അവയെ ഭക്ഷണശാലയാക്കി മാറ്റുന്നത്.

റോഡരികില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കാര്‍ റെസ്റ്റോറന്റുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധന കുറവായതിനാലും നികുതി അടക്കാതെ കുറഞ്ഞ ചെലവില്ലാതെ ആരംഭിക്കാന്‍ പറ്റുന്ന ബിസിനസ് ആയതിനാലും നിരവധി പേര്‍ ഈ ആശയം പിന്തുടരുന്നു. ചെറുഹാച്ച്ബാക്ക് കാറുകള്‍ മുതല്‍ ടെമ്പോ വാനുകള്‍ വരെ 'ഫുഡ് ഓണ്‍ വീല്‍സ്' ആയി രൂപാന്തരം പ്രപിക്കുന്നു.
എന്നാല്‍ വില കൂടിയ കാറുകള്‍ ഇത്തരത്തില്‍ ഭക്ഷണശാലകളാക്കി മാറ്റുന്നത് അപൂര്‍വ കാഴ്ചയാണ്. എന്നാല്‍ ടൊയോട്ടയുടെ വില കൂടിയ എസ്‌യുവിയായ ഫോര്‍ച്യൂണര്‍ ഭക്ഷണശാലയാക്കി മാറ്റിയ സിക്ക് യുവാവിന്റെ കഥയാണ് ഇനി നിങ്ങളോട് പറയാന്‍ പോകുന്നത്. ഇവിടെ ഒരു പഴയ ഫോര്‍ച്യൂണറാണ് റസ്റ്ററന്റായി രൂപാന്തരം പ്രാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ റസ്റ്ററന്റ് ഉടമ തങ്ങള്‍ വിളമ്പുന്ന ഭക്ഷണത്തെ കുറിച്ചും അതിന്റെ വിലയെ കുറിച്ചും വീഡിയോയില്‍ വിശദീകരിക്കുന്നു.

റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ ബൂട്ടിലാണ് ഭക്ഷണം നിറച്ച പാത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ഐറ്റം മാത്രമാണ് വീഡിയോയില്‍ കാണിക്കുന്നത്. കാറിനകത്തിരുന്നും പുറത്ത് സൂക്ഷിച്ച സ്റ്റൂളുകില്‍ ഇരുന്നും ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്. ഭക്ഷണങ്ങള്‍ക്കൊപ്പം ലസിയും ഈ ഫോര്‍ച്യൂണര്‍ ധാബയില്‍ കിട്ടും. പഞ്ചാബിലാണ് ഈ ഫോര്‍ച്യൂണര്‍ ധാബയെന്നാണ് തോന്നുന്നത്.
ദേശീയ തലസ്ഥാന പ്രദേശത്ത് (എന്‍സിആര്‍) 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ കാറുകള്‍ക്കും നിരോധനമുണ്ട്. ഡല്‍ഹി നിവാസികള്‍ക്ക് ഈ വയസ് കഴിഞ്ഞ വണ്ടികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ നിയമം കൊണ്ടുള്ള ഉപകാരം അയല്‍ സംസ്ഥനക്കാര്‍ക്കാണ്. ഇന്ന് കേരളത്തിലടക്കം ഡല്‍ഹി വണ്ടികള്‍ രീ-രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്.

ചുളുവിലക്ക് ആഡംബര കാറുകള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതിനാല്‍ ബിസിനസ് മൈന്‍ഡുള്ള ആളുകള്‍ ഡല്‍ഹിക്ക് വണ്ടി കയറി കാറുകളുമായി മടങ്ങി വരുന്നു. ഇവിടെ ഭക്ഷണശാലയാക്കി മാറ്റിയ ഫോര്‍ച്യൂണറിന്റെ സ്ഥിതി കണ്ടിട്ട് ഇത് ഡല്‍ഹിയില്‍ നിന്ന് കൊണ്ടുവന്ന മോഡലാണെന്നാണ് തോന്നുന്നത്. ഇന്ത്യയില്‍ 33.43 ലക്ഷം രൂപ മുതലാണ് ഈ ഫുള്‍സൈസ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
എന്നാല്‍ ഡല്‍ഹിയില്‍ നിന്നും 5 രൂപയില്‍ താഴെ വിലയില്‍ വരെ പഴയ ഫോര്‍ച്യൂണര്‍ വാങ്ങാന്‍ കിട്ടുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ മിക്കവാറും ഈ വണ്ടി സിക്ക് യുവാവ് അങ്ങനെ വാങ്ങിയാതാകാമെന്ന് സാധ്യത പറയുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ ഒരു യുവാവ് കിയ കാരെന്‍സ് എംപിവിയില്‍ സമാനമായ രീതിയില്‍ റസ്റ്ററന്റ് ആരംഭിച്ച സംഭവവും ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു.
വീട്ടില്‍ ഭാര്യ പാചകം ചെയ്ത ഭക്ഷണമായിരുന്നു യുവാവ് തന്റെ പുത്തന്‍ കാറിന് പിന്നില്‍ സജ്ജീകരിച്ച ഭക്ഷണശാലയില്‍ വിളമ്പിയിരുന്നത്. മൂന്നുവരി എംപിവിയുടെ പിറകിലെ സീറ്റുകള്‍ മടക്കിയാണ് ഭക്ഷണം വെക്കാനും വിളമ്പാനുമുള്ള സൗകര്യം ചെയ്തത്. എന്നാല്‍ ഇത്തരമൊരു ബിസിനസ് ആരംഭിക്കാനുള്ള കാരണം യുവാവ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറോട് വെളിപ്പെടുത്തുന്നില്ല. കാറുകള്‍ മാത്രമല്ല ബൈക്കുകളും ഇത്തരത്തില്‍ വരുമാനമാര്‍ഗമാക്കി മാറ്റുന്ന കാഴ്ചകളും നാം കണ്ടു.
എഞ്ചിനീയറിംഗ് ബിരുദധാരിയായ തപ്‌സി ഉപാധ്യായ് എന്ന പെണ്‍കുട്ടി ബുള്ളറ്റില്‍ പാനിപൂരി കച്ചവടം നടത്തുന്നതും വൈറലായിരുന്നു. തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന് പിന്നില്‍ ഫുഡ് കാര്‍ട്ട് സജ്ജീകരിച്ചായിരുന്നു 21-കാരിയുടെ പാനിപൂരി വില്‍പ്പന. എഞ്ചിനീയറായിട്ടും തന്റെ പാഷന്‍ പിന്തുടരാന്‍ തീരുമാനിച്ച പെണ്‍കുട്ടിക്ക് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് മുന്നേറുകയാണ്. ശുദ്ധമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് തയാറാക്കുന്ന പാനിപൂരി പ്രകൃതി സൗഹൃദമായി ഇലകള്‍ കൊണ്ട് തയാറാക്കുന്ന പാത്രങ്ങളിലാണ് വിളമ്പുകയും ചെയ്യുന്നത്.


Click it and Unblock the Notifications








