രാജ്യം വിട്ടാലും താഴത്തില്ലെടാ! ഫയറായ പുഷ്പയുടെ വൈൽഡ് ഫയർ ശകടം; വീണ്ടും ഹിറ്റായി പജേറോ
ഇന്ത്യൻ വിപണിയിൽ പജേറയോളം റോഡ് പ്രസൻസ് വാഗ്ദാനം ചെയ്യുന്ന ഒരു ബോൾഡ് എസ്‍യുവി ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. സ്റ്റോക്ക് മോഡലിൽ തന്നെ വളരെ ബോൾഡ് ലുക്കാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്നും വാഹന പ്രേമികളുടെ മനസിൽ ഒരു പ്രത്യേക സ്ഥാനം പജേറോയ്ക്കുണ്ട്. ഇപ്പോൾ ഓഫ്റോഡ് എസ്‍യുവിയുടെ ഡിമാൻഡ് വീണ്ടും വർധിച്ചിരിക്കുകയാണ്. അല്ലു അർജുന്റെ പുഷ്പ 2 എന്ന ചിത്രമാണ് ഇതിനു കാരണം. തെന്നിന്ത്യൻ ചിത്രം വമ്പൻ കളക്ഷനുമായി മുന്നേറുമ്പോൾ അതിലെ നായകന്റെ മാസ് വണ്ടിക്കും ആരാധകരേറി വരികയാണ്.
ഈ സിനിമയിൽ, അല്ലു അർജുൻ ഉപയോഗിക്കുന്ന റെഡ് പജേറോ എസ്‍യുവിയും താരമായി മാറിയിരിക്കുകയാണ്. മിത്സുബിഷി പജേറോ SLX ഇന്ത്യയിലെ എക്കാലത്തേയും ജനപ്രിയ എസ്‍യുവികളിൽ ഒന്നായിരുന്നു. ഓൺറോഡിലും ഓഫ്റോഡിൽ ശക്തവും ബോൾഡുമായ ആ ലുക്കിനാൽ തന്നെയാണ് ആളുകൾ ഇന്നും ഓർക്കുന്നത്. സിനിമയിലും നായകന് ഒരു പവർഫുൾ പരിവേഷം നൽകുന്നതിൽ വളരെയധികം സഹായിക്കുന്നുണ്ട്.

ഇന്ന് നാം എസ്‍യുവികൾ എന്ന പേരിൽ വിപണിയിൽ കാണുന്ന വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി പജേറോ പോലുള്ളവയായിരുന്നു ശരിക്കും ഈ ക്ലാസിഫിക്കേഷന് അർഹമായവ. വളരെ വിശാലവും വലിപ്പമേറിയതുമായി കാറാണിത്. 7 -സീറ്റർ, 5 -സീറ്റർ എന്നീ കോൺഫിഗറേഷനുകളിൽ മിത്സുബിഷി ഇതിനെ വാഗ്ദാനം ചെയ്തിരുന്നു.
വാഹനത്തിന്റെ അളവുകളുടെ കാര്യത്തിൽ 4600 mm നീളവും 1800 mm വീതിയും 1900 mm ഉയരവും 2725 mm വീൽബേസും, അതോടൊപ്പം 205 mm ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്. കൂടാതെ ഒരു ഹൈ റൈഡിംഗ് സീറ്റിംഗ് പൊസിഷനും എസ്‍യുവി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു 2.8 ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റാണ് പജേറോയുടെ ഹൃദയം. ഈ എഞ്ചിൻ ബ്ലോക്ക് 4000 rpm -ൽ പരമാവധി 107 bhp പവറും 2000 rpm -ൽ 275 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 92 ലിറ്ററിന്റെ ഭീമൻ ഫ്യുവൽ ടാങ്ക് കാരണം ദീർഘദൂര യാത്രക്കാർക്ക് ഈ കാർ ഏറെ അനുയോജ്യമായിരുന്നു.
5 -സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് എഞ്ചിനുമായി കണക്ട് ചെയ്തിരിക്കുന്നത്. വാഹനത്തിന് ARAI സാക്ഷ്യപ്പെടുത്തുന്ന മൈലേജ് എന്നത് ലിറ്ററിന് 10.5 കിലോമീറ്ററാണ്. വാഹനത്തിന്റെ മറ്റ് മെക്കാനിക്കലുകളും ഓൾഡ് സ്കൂളാണ്. ഫ്രണ്ടിൽ ടോർഷൻ ബാറും സ്റ്റെബിലൈസർ ബാറുമായി വരുന്ന ഡബിൾ വിഷ്ബോൺ സെറ്റപ്പും, പിന്നിൽ സ്റ്റെബലൈസർ ബാറുമായി വരുന്ന 3 ലിങ്ക് കോയിൽ സ്പ്രിംഗ് സജ്ജീകരണവും ലഭിക്കുന്നു.

മൊത്തത്തിൽ 2800 കിലോഗ്രാം ഭാരം വരുന്ന വാഹനത്തിന് മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയും കൈവരിക്കാനാവും. വാഹനത്തിന്റെ പരുക്കൻ ബിൽഡ് ക്വാളിറ്റിയും ഓഫ് റോഡ് കപ്പാസിറ്റിയും ഇതിനെ അഡ്വഞ്ചർ ഡ്രൈവർമാർക്കിടയിൽ ഇന്നും പ്രിയങ്കരമാക്കുന്നു. ഈ എസ്‍യുവി ഇപ്പോൾ ഇന്ത്യയിൽ ലഭ്യമല്ല എങ്കിലും, ഒരു കാലത്ത് ഇത് ഒരു ജനപ്രിയ ചോയിസ് തന്നെയായിരുന്നു. ഏകദേശം 26 ലക്ഷം രൂപയായിരുന്നു അന്ന് ഇന്ത്യയിൽ ഈ എസ്‍യുനവിയുടെ ഓൺറോഡ് വില എന്നത് ശ്രദ്ധേയമാണ്.
സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന മോഡലിന്റെ പിൻഗാമിയായി ഇന്ത്യയിൽ അല്പം കാലം കൂടി പജേറോ സ്പോർട്ടിന്റെ രൂപത്തിൽ മിത്സുബിഷി ഈ നെയിപ്ലേറ്റ് നിലനിറുത്തിയിരുന്നു, എന്നാൽ 2020 ജനുവരിയ്ക്കു ശേഷം ഇതും വിപണി വിട്ടു. അതിനുശേഷം 2024 മാർച്ചിൽ മിത്സുബിഷി പുതിയ പജേറോ സ്‌പോർട്ടിനെ തായ്‌ലൻഡിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അത് ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കുന്നതിനെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.


Click it and Unblock the Notifications








