'ആകാശത്തിലെ രാജ്ഞി' ദക്ഷിണേന്ത്യയില്‍! പറന്നിറങ്ങിയത് ഈ എയര്‍പോര്‍ട്ടില്‍
മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് വിമാനം. പ്രായം എത്ര കഴിഞ്ഞാലും ആകാശത്തിലൂടെ ഒരു വിമാനം പറക്കുനന ശബ്ദം കേട്ടാല്‍ തിരിഞ്ഞ് നോക്കാത്തവരായി ആരും തന്നെ കാണില്ല. യാത്ര വിമാനങ്ങളല്ലാതെ ചരക്ക് നീക്കങ്ങള്‍ക്കായി ഉപയോഗിക്കുന്ന വമ്പന്‍ കാര്‍ഗോ വിമാനങ്ങളുമുണ്ട്. അത്തരമൊരു ഭീമാകാരമായ വിമാനമാണ് ബോയിംഗ് 747-400. ആകാശത്തിലെ രാജ്ഞി എന്നും ഈ വിമാനത്തിന് പേരുണ്ട്. ഇപ്പോള്‍ 'ആകാശത്തിലെ രാജ്ഞി' നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായി ലാന്‍ഡിംഗ് നടത്തി. വ്യാഴാഴ്ചയാണ് ജോര്‍ദാനിലെ അമ്മാനില്‍ നിന്ന് ഐതിഹാസിക വിമാനം നമ്മുടെ അയല്‍ സംസ്ഥാനത്ത് പറന്നിറങ്ങിയത്.
യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ എയര്‍ലൈന്‍സാണ് ഈ വിമാനം പ്രവര്‍ത്തിപ്പിക്കുന്നത്. ഡിടി നെക്‌സ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വിമാനത്തില്‍ ഏകദേശം 124 ടണ്‍ ചരക്ക് ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ചരക്കുകള്‍ ചെന്നൈ എയര്‍പോര്‍ട്ട് ജീവനക്കാര്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും തിരിച്ച് യുഎഇയിലേക്കുള്ള സാധനങ്ങള്‍ കയറ്റുകയും ചെയ്തു. ഈ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബോയിംഗ് 747-400 വിമാനം ദുബായിലേക്ക് പറന്നു.

ബോയിംഗ് 747-400 പോലുള്ള വലിയ വിമാനങ്ങളുടെ വരവ് അന്താരാഷ്ട്ര ലോജിസ്റ്റിക്‌സില്‍ ചെന്നൈയുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. ബോയിംഗ് 747-400 ഒരു ചരക്ക് വിമാനമായി മാത്രമല്ല ഒരു യാത്രാ വിമാനമായും ഉപയോഗിക്കാന്‍ കഴിയും. 125 ടണ്‍ വരെ ചരക്കോ അല്ലെങ്കില്‍ 660 യാത്രക്കാരെയോ വഹിക്കാന്‍ ഈ വിമാനത്തിന് ശേഷിയുണ്ട്. അതുകൊണ്ട് തന്നെ വ്യോമയാന രംഗത്തെ ഏറ്റവും വലിയ വിമാനങ്ങളില്‍ ഒന്നായി ഇത് മാറുന്നു.
എയര്‍ ഇന്ത്യയുടെ പക്കലും ആകാശത്തിലെ രാജ്ഞിയുണ്ടായിരുന്നു. പതിറ്റാണ്ടുകളോളം ഇന്ത്യന്‍ വിമാന കമ്പനിയുടെ ഭാഗമായിരുന്നു 'ആഗ്ര' എന്ന് വിളിപ്പേരുള്ള ബോയിങ് 747 ജംബോ വിമാനം. 1993-96 കാലത്താണ് 'ആഗ്ര' എയര്‍ ഇന്ത്യയുടെ ഭാഗമായത്. 2021 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കായിരുന്നു ആഗ്രയുടെ അവസാന സര്‍വീസ്. ഏറെ നാള്‍ പൊടിപിടിച്ച് കിടന്ന ഇത് കഴിഞ്ഞ വര്‍ഷമാണ് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന് 'ആക്രിയാക്കാന്‍' വേണ്ടി അമേരിക്കയിലെ പ്ലെയിന്‍ ഫീല്‍ഡിലേക്ക് കൊണ്ടുപോയത്.

1960-കളിലാണ് അമേരിക്കന്‍ വിമാനനിര്‍മാണ കമ്പനി ബോയിങ് 747 നിര്‍മിച്ചത്. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഒരു വിമാനം നിര്‍മിച്ചാല്‍ എന്താണെന്ന പാന്‍ അമേരിക്കന്‍ എയര്‍വേഴ്‌സിന്റെ ചോദ്യത്തില്‍ നിന്നാണ് ബോയിംഗ് 747 വിമാനത്തിന്റെ പിറവിയെന്ന് വേണമെങ്കില്‍ പറയാം. പ്രശസ്‌ത എയറോസ്‌പേസ് എഞ്ചിനീയറായ ജോസഫ് സട്ടറും സംഘവുമാണ് നാല് എഞ്ചിനും ആറ് നില കെട്ടിടത്തിന്റെ ഉയരവും രണ്ട് ഡക്കുകളുമുള്ള ഭീമാകാരമായ വിമാനം പണിതത്.
തുടക്കത്തില്‍ സൂചിപ്പിച്ച പോലെ യാത്രാവാഹനം എന്നതിലുപരി ചരക്ക് നീക്കത്തെ കൂടി സഹായിക്കണമെന്ന ഉദ്ദേശം നിര്‍മാണസമയത്തേ അവര്‍ പിന്തുടര്‍ന്ന് പോന്നിരുന്നു. 1969-ല്‍ പരീക്ഷണ പറക്കല്‍ നടത്തിയ ബോയിങ് 747 വിമാനം പാന്‍ അമേരിക്കന്‍ എയര്‍വേഴ്‌സിന് വേണ്ടി 1970 ജനുവരി 22-ന് കന്നി യാത്ര പൂര്‍ത്തിയാക്കി. ന്യൂയോര്‍ക്ക്‌ലണ്ടന്‍ റൂട്ടിലായിരുന്നു ആദ്യ ഫൈ്‌ലറ്റ്.

ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് വിശ്രമിക്കാനും മദ്യപിക്കാനും പരസ്പരം ഇടപഴകാനും കഴിയുന്ന അപ്പര്‍ ഡെക്ക് ലോഞ്ച് സജ്ജീകരിച്ച 747-100 ആയിരുന്നു 747-ന്റെ ആദ്യ പതിപ്പ്. സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തി വിമാന കമ്പനികള്‍ വൈകാതെ അത്തരം ലോഞ്ചുകളുടെ സ്ഥാനത്ത് കൂടി സീറ്റുകള്‍ നല്‍കി. 1971-ല്‍ ലോഞ്ചിനു പകരം കൂടുതല്‍ സീറ്റുകള്‍ രണ്ടാമത്തെ പതിപ്പായ 747-200 പുറത്തിറങ്ങി. സീറ്റുകളില്‍ മാത്രമല്ല കൂടുതല്‍ ശക്തവും ഇന്ധനക്ഷമതയുള്ള എഞ്ചിനും ഈ പതിപ്പിന്റെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു.
ഇപ്പോള്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങിയ 747-400 ആയിരുന്നു ബോയിംഗ് 747-ന്റെ ഏറ്റവും ഹിറ്റായ മോഡല്‍. പുതിയ ഇന്റീരിയറുകള്‍, മെച്ചപ്പെടുത്തിയ വിംഗ്‌ലൈറ്റുകള്‍, ദീര്‍ഘദൂര ശേഷി, ഭാരം കുറഞ്ഞ എയര്‍ഫ്രെയിം എന്നിവ ഉള്‍പ്പെടുത്തി അടിമുടി മാറ്റത്തോടെ എത്തിയ ബോയിങ് 747-400 ശരിക്കും ആകാശത്തിന്റെ രാജ്ഞിയായി. 2022-ല്‍ ബോയിംഗ് 747 ജംബോ ജെറ്റ് നിര്‍മാണം അവസാനിപ്പിച്ചു. അമേരിക്കന്‍ വിമാനക്കമ്പനിയായ അറ്റ്‌ലസ് എയറിനാണ് അവസാനത്തെ 747 വിമാനം ലഭിച്ചത്.


Click it and Unblock the Notifications








