കപ്പിത്താൻ എന്ന സ്വപ്നം പൂവണിഞ്ഞു; ആഡംബര നൗകയ്ക്കായി മാധവൻ മുടക്കിയത് കോടികൾ
കോളിവുഡിലേയും ബോളിവുഡിലേയും ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ആർ. മാധവൻ എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഏറ്റവും അണ്ടർറേറ്റഡായ നടന്മാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. മാർച്ച് 8 -ന് റിലീസായ താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം "ഷൈത്താൻ" നിലവിൽ രാജ്യത്തുടനീളമുള്ള തീയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ലോകമെമ്പാടുമായി ചിത്രം ഇതിനോടകം 150 കോടിയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. നടൻ മാധവൻ എപ്പോഴും പാപ്പരാസികളുടെയും വിവാദങ്ങളുടെയും റഡാറിന് കീഴിൽ വളരെ സൗമ്യനായി നിലകൊള്ളുന്ന നടന്മാരിൽ ഒരാളാണ്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ, താൻ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ ഒരു പർച്ചേസിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
വമ്പൻ വില വരുന്നൊരു ആഡംബര കാർ അല്ല അദ്ദേഹം സ്വന്തമാക്കിയത്, പകരം 40 അടി നീളമുള്ള ഒരു വമ്പൻ ലക്ഷ്വറി യാച്ചാണ്. അടുത്തിടെ ഒരു യൂട്യൂബറുമായുള്ള അഭിമുഖത്തിലാണ്, താരം തൻ്റെ വീടിന് ശേഷമുള്ള ഏറ്റവും ചെലവേറിയ ഈ പർച്ചേസിനെക്കുറിച്ച് വെളിപ്പെടുത്തുകയും വിശദ്ധീകരിക്കുകയും ചെയ്തത്.
മാധവനും കുടുംബവും ഇപ്പോൾ ദുബായിലാണ് താമസിക്കുന്നത്, അദ്ദേഹം അവിടെ ഒരു വീടും വാങ്ങിയിട്ടുണ്ട്. തൻ്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് ഇത് എന്നും ഈ വീടിനെക്കുറിച്ച് അദ്ദേഹം അഭിമുഖത്തിൽ പരാമർശിക്കുന്നു. വീടിന് പുറമെ 40 അടി നീളമുള്ള ഈ നൗക അല്ലെങ്കിൽ യാച്ചാണ് ഏറ്റവും ചെലവേറിയ പർച്ചേസ്.

ക്യാപ്റ്റൻ്റെ ലൈസൻസ് നേടാനും ഒരു യാച്ച് സ്വന്തമാക്കാനും താൻ എപ്പോഴും സ്വപ്നം കണ്ടിരുന്നതായി അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് നമുക്ക് കേൾക്കാം. തൻ്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി മാത്രമാണ് യാച്ച് വാങ്ങിയത് എന്നും താരം വ്യക്തമാക്കുന്നു. എല്ലായ്പ്പോഴും ഒരു ക്യാപ്റ്റൻ ലൈസൻസ് എടുക്കാൻ താൽപ്പര്യമുള്ളതിനാലാണ് താൻ ഇത് വാങ്ങിയത് എന്നും, കോവിഡ് സമയത്ത് തനിക്ക് ഒന്നും ചെയ്യാനില്ലായിരുന്നു എന്നും, അതിനാലാണ് താൻ ഈ പരീക്ഷണത്തിന് ഇറങ്ങിയത് എന്നും അദ്ദേഹം വ്യക്തമാക്കി.
ആറ് മാസത്തോളം ഇതിനായി സമയമെടുത്തു, എന്നാൽ ഇപ്പോൾ 40 അടി യാച്ചോ അല്ലെങ്കിൽ ബോട്ടോ സെയിൽ ചെയ്യാൻ കഴിയുന്ന ഒരു ലൈസൻസുള്ള ഒരു ക്യാപ്റ്റനാണ് താൻ എന്ന് മാധവൻ പങ്കുവെച്ചു. തൻ്റെ ബക്കറ്റ് ലിസ്റ്റിൽ നിന്ന് ഇക്കാര്യം പൂർത്തിയാക്കാൻ സാധിച്ചു എന്നു, യാച്ച് വാങ്ങിയത് നന്നായി ആസ്വദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റൻ്റെ ലൈസൻസ് ഉള്ളതിനാൽ, താരം പലപ്പോഴും യാച്ചിനെ പുറം കടലിലേക്ക് എടുത്തു കൊണ്ടുപോകുകയും ശാന്തമായ കടലിൽ രാത്രി കാലങ്ങളിൽ അത് പാർക്ക് ചെയ്ത് ക്വാളിറ്റി ടൈം ആസ്വദിക്കുകയും ചെയ്യുന്നു. സ്വസ്ഥമായി ചിന്തിക്കാനും കഥകൾ എഴുതാനുമുള്ള ഒരു ഇടമായി അദ്ദേഹം യാച്ചിനെ ഉപയോഗിക്കുന്നു.
ദുബായിലാണ് ഈ യാച്ച് താരം പാർക്ക് ചെയ്തിരിക്കുന്നത്. തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച പർച്ചേസ് എന്നാണ് അദ്ദേഹം ഇതിനെ വിളിക്കുന്നത്. യാച്ച് കൂടാതെ, ബൈക്കുകൾ ഇഷ്ടപ്പെടുന്ന മാധവന് തൻ്റെ ഗരാജിൽ വിലകൂടിയ ഒട്ടനവധി മോഡലുകളുടെ ഒരു വമ്പൻ ശേഖരണം തന്നെ ഉണ്ട്.
യമഹ V -മാക്സ്, ഇന്ത്യൻ റോഡ്മാസ്റ്റർ, ഹോണ്ട് ഗോൾഡ്‌വിംഗ്, ട്രയംഫ് റോക്കറ്റ് 3R തുടങ്ങിയ മോഡലുകളാണ് ഗരാജിലെ ടു വീലർ പ്രമാണികൾ. ഇവ കൂടാതെ ഒട്ടനവധി ആഡംബര കാറുകളും താരത്തിനുണ്ട്. ഒരു റേഞ്ച് റോവർ സ്പോർട്ട്, മെർസിഡീസ് ബെൻസ് GL 350CDI, മുൻ തലമുറ ബിഎംഡബ്ല്യു 7 -സീരീസ് എന്നിവ ഇതിൽ പെടുന്നു.


Click it and Unblock the Notifications








