രാഹുല്‍ ഗാന്ധിക്കുമുണ്ടൊരു കെടിഎം 390; ഉപയോഗമറിഞ്ഞാല്‍ ബൈക്ക് പ്രേമികള്‍ക്ക് സങ്കടമാകും
സെലിബ്രിറ്റികളില്‍ പലരും തങ്ങളുടെ വാഹന പ്രേമം കൊണ്ട് തലക്കെട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും രാഷ്ട്രിയക്കാര്‍ക്കും സെലിബ്രിറ്റികള്‍ക്കുമെല്ലാം ആഡംബര കാറുകളോടായിരിക്കും ഇഷ്ടം. മോട്ടോര്‍സൈക്കിള്‍ പ്രേമിയായ രാഷ്ട്രീയ നേതാക്കള്‍ നന്നേ കുറവായിരിക്കും. അതിന് വലിയ വാര്‍ത്താ പ്രാധാന്യവും ലഭിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ ശ്രദ്ധിക്കപ്പെടുകയാണ്.
ഭാരത് ജോഡോ യാത്രക്ക് ശേഷവും പൊതുജനങ്ങളുമായി സംവദിക്കാനായി അവര്‍ക്കിടയിലേക്ക് രാഹുല്‍ ഇറങ്ങി ചെല്ലുന്നുണ്ട്. അതിനൊപ്പം രാഹുല്‍ തന്റെ വാഹന പ്രേമവും മറക്കാറില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ട്രക്ക് ഡ്രൈവര്‍മാരുടെ പ്രശ്നങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനായി ട്രക്കില്‍ യാത്ര ചെയ്തതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അടുത്തിടെ രാഹുല്‍ ഗാന്ധി തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഡല്‍ഹിയിലെ കരോള്‍ ബാഗ് മാര്‍ക്കറ്റില്‍ ബൈക്ക് മെക്കാനിക്കുകളുമായി സംവദിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്. കാരോള്‍ ബാഗില്‍ വെച്ച് ഒരു ബൈക്ക് എങ്ങനെ സര്‍വീസ് ചെയ്യാമെന്ന് ഗാന്ധി പഠിക്കുന്നത് ഈ വീഡിയോയില്‍ കാണാം. ഒരു മെക്കാനിക്കുമായുള്ള സംഭാഷണത്തിനിടെ തനിക്ക് ഒരു കെടിഎം 390 മോട്ടോര്‍സൈക്കിള്‍ ഉണ്ടെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.
ഇക്കാര്യം വാര്‍ത്തയാകാന്‍ ഒരു കാരണം കൂടിയുണ്ട്. യുവക്കളെ വളരെയധികം ആകര്‍ഷിക്കുന്ന ഒരു ബ്രാന്‍ഡാണ് കെടിഎം എന്നത് കണക്കിലെടുക്കുമ്പോള്‍ ആണ് രാഹുല്‍ ഗാന്ധി തനിക്ക് സ്വന്തമായി ഒരു കെടിഎം 390 ഉണ്ടെന്ന് പറയുന്നത് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്.എന്നാല്‍ വാങ്ങിയതല്ലാതെ ആ മോട്ടോര്‍സൈക്കിള്‍ വാങ്ങിയതല്ലാതെ താന്‍ അത് ഓടിക്കാറില്ലെന്നും ഉപയോഗശൂന്യമായി കിടക്കുകയാണെന്നുമാണ് രാഹുല്‍ പറയുന്നത്.

വീഡിയോയില്‍ മെക്കാനിക്കിനോട് അതിന്റെ കാരണവും രാഹുല്‍ വിശദീകരിക്കുന്നു. സുരക്ഷാ പ്രോട്ടോക്കോള്‍ കാരണമാണ് തനിക്ക് ആ കെടിഎം 390 ഓടിക്കാന്‍ സാധിക്കാത്തതെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. 'എനിക്ക് ഒരു കെടിഎം 390 ഉണ്ട്. പക്ഷേ അത് ഉപയോഗിക്കാതെ കിടക്കുന്നു. കാരണം എന്റെ സുരക്ഷാ ചുമതലയുള്ള ആളുകള്‍ അത് ഉപയോഗിക്കാന്‍ എന്നെ അനുവദിക്കുന്നില്ല' രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറയുന്നു.
എന്നാല്‍ തന്റെ പക്കലുള്ള കെടിഎം 390-യുടെ ഏത് വേരിയന്റാണെന്ന കാര്യം രാഹുല്‍ പറയുന്നില്ല. ആഭ്യന്തര ബ്രാന്‍ഡായ ബജാജുമായി കൈകോര്‍ത്താണ് ഓസ്ട്രിയന്‍ ബ്രാന്‍ഡായ കെടിഎം ഇന്ത്യയില്‍ ബൈക്കുകള്‍ വില്‍ക്കുന്നത്. കെടിഎം 390 ഡ്യൂക്ക്, RC 390, 390 അഡ്വഞ്ചര്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ കെടിഎം 390 ലഭ്യമാണ്. ആദ്യത്തേത് നേക്കഡും രണ്ടാമത്തേത് സ്പോര്‍ട്‌സ് ബൈക്കും മൂന്നാമത്തേത് അഡ്വഞ്ചര്‍ ബൈക്കുമാണ്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മെക്കാനിക്കുമായി സംസാരിക്കുന്നതിനിടെ തന്റെ ഒരു ആഗ്രഹവും രാഹുല്‍ പങ്കുവെക്കുന്നുണ്ട്. മോട്ടോര്‍ സൈക്കിളില്‍ ലേ-ലഡാക്ക് യാത്ര ചെയ്യാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചാണ് രാഹുല്‍ പറയുന്നത്. സംസാരിച്ച് കൊണ്ടിരിക്കെ ഹോണ്ട മോട്ടോര്‍സൈക്കിളിന്റെ അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെട്ട രണ്ട് മെക്കാനിക്കുകളെ രാഹുല്‍ ഗാന്ധി സഹായിക്കുന്നതും വീഡിയോയില്‍ കാണാം.
കെടിഎം 390 ഡ്യൂക്കിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഇത് ഒരു നേക്കഡ് മോട്ടോര്‍സൈക്കിളാണ്. ഷാര്‍പ്പ് ഡിസൈനിനൊപ്പം പെര്‍ഫോന്‍സ് കൊണ്ട് കൂടി പേരുകേട്ട മോഡലാണിത്. 2.97 ലക്ഷം രൂപയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്സ്ഷോറൂം വില. 373.27 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, DOHC എഞ്ചിനാണിതിന് കരുത്ത് പകരുന്നത്.
ഈ എഞ്ചിന്‍ 9,000 rpm-ല്‍ 43 bhp പീക്ക് പവറും 7,000 rpm-ല്‍ 37 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. കെടിഎം RC 390, 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്കും ഇതേ എഞ്ചിനാണ് തുടിപ്പ് പകരുന്നത്. 6 സ്പീഡ് ഗിയര്‍ബോക്സുമായി ഇണചേര്‍ത്ത എഞ്ചിന്‍ അതേ പവര്‍ ഔട്ട്പുട്ടാണ് നല്‍കുന്നത്.


Click it and Unblock the Notifications








