രാഹുൽ ഗാന്ധിയുടെ BMW ആസ്ഥാന സന്ദർശനം! ഇന്ത്യയിലെ കച്ചോടം ഇരട്ടിക്കുമെന്ന് സോഷ്യൽ മീഡിയ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും നിലവിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി 2025 ഡിസംബർ 17-ന് ജർമ്മനിയുടെ മ്യൂണിക്ക് നഗരത്തിലുള്ള ലോകപ്രശസ്തമായ ബിഎംഡബ്ല്യു ആസ്ഥാനം സന്ദർശിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബിഎംഡബ്ല്യു ഷോറൂം അവിടുത്തെ നിർമ്മാണപ്ലാൻ്റും അദ്ദേഹം വിശദമായി കണ്ടു. നിരവധി മോഡലുകളിലുള്ള ബിഎംഡബ്ല്യു കാറുകളും മോട്ടോർസൈക്കിളുകളും അതീവ താല്പര്യത്തോടെ അദ്ദേഹം നിരീക്ഷിക്കുന്നതും വിവരങ്ങൾ അറിയുന്നതും കാണാം. ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്പനിയായ ടിവിഎസ് മോട്ടോർ ബിഎംഡബ്ല്യുവുമായി സഹകരിച്ച് നിർമ്മിച്ച 450 സിസി മോട്ടോർസൈക്കിൾ കണ്ട് രാഹുൽ ഗാന്ധി സന്തോഷം പ്രകടിപ്പിച്ചതായി പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ എഞ്ചിനീയറിംഗിൻ്റെ വൈദഗ്ദ്ധ്യം കാണുന്നത് "അഭിമാനകരമായ നിമിഷം" ആണെന്നും രാഹുൽ ഗാന്ധി തൻ്റെ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുകയാണ്. "ഒരു ശക്തമായ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ഉത്പാദനം. നിർഭാഗ്യവശാൽ, ഇന്ത്യയിൽ ഉത്പാദനം കുറഞ്ഞുവരികയാണ്. വളർച്ച കൂട്ടുന്നതിന്, ശരിയായ ഉത്പാദന സാഹചര്യങ്ങൾ സൃഷ്ടിച്ച് നമ്മൾ കൂടുതൽ ഉൽപ്പാദിപ്പിക്കുകയും ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വേണം, എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

ഈ ആഴ്ച മുഴുവൻ ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിൽ രാഹുൽ ഗാന്ധി ഉണ്ടാകും. അവിടെ ഇന്ന് നടക്കുന്ന ഇൻഡ്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) ഒരു വലിയ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഈ ജർമ്മനി സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ബിഎംഡബ്ല്യുവിന്റെ ആസ്ഥാനവും അത്യാധുനിക ഓട്ടോമൊബൈൽ നിർമ്മാണ ഫാക്ടറിയും സന്ദർശിച്ചത്.
സന്ദർശനത്തിനിടെ ബിഎംഡബ്ല്യു എം-സീരീസ്, ഇലക്ട്രിക് ബൈക്കുകൾ, ബിഎംഡബ്ല്യു iX3, റോൾസ് റോയ്‌സ് കാർ മോഡലുകൾ, പഴയകാല ഇറ്റാലിയൻ ശൈലിയിലുള്ള 3 ചക്രങ്ങളുള്ള ബിഎംഡബ്ല്യു ഇസെറ്റ (Isetta), മാക്‌സി സ്‌കൂട്ടറുകൾ തുടങ്ങി നിരവധി വാഹനങ്ങൾ രാഹുൽ ഗാന്ധി കണ്ടു. കൂടാതെ, പുതുതായി പുറത്തിറക്കിയ ബിഎംഡബ്ല്യു F450 GS മോട്ടോർസൈക്കിളും അദ്ദേഹം പ്രത്യേകമായി നിരീക്ഷിച്ചു.

പരമ്പരാഗതവും ആധുനികവുമായ ഗതാഗത മാർഗ്ഗങ്ങളിൽ ബിഎംഡബ്ല്യു കമ്പനി എങ്ങനെ പാരമ്പര്യവും നവീകരണവും ഒരുമിപ്പിക്കുന്നു എന്ന് രാഹുൽ ഗാന്ധി ഈ സന്ദർശനത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു. ഈ അനുഭവം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞതിങ്ങനെയായിരുന്നു"അതുല്യമായ ഒരനുഭവമായിരുന്നു ഇത്. 450 സിസി ബൈക്ക് കണ്ടപ്പോൾ എനിക്ക് വലിയ ആവേശം തോന്നി. ഇവിടെ ഇന്ത്യൻ പതാക പറക്കുന്നത് കാണുന്നത് സന്തോഷകരമാണ്."
ടിവിഎസ് മോട്ടോറുമായി സഹകരിച്ച് ബിഎംഡബ്ല്യു തമിഴ്‌നാട്ടിലെ ഹൊസൂർ പ്ലാന്റിൽ നിർമ്മിക്കുന്ന ഒരു മോഡലാണ് ബിഎംഡബ്ല്യു F450 GS മോട്ടോർസൈക്കിൾ. ഈ അഡ്വഞ്ചർ ബൈക്ക് ഇന്ത്യൻ വിപണിയിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെങ്കിലും, അടുത്തിടെ നടന്ന EICMA 2025 എക്സിബിഷനിൽ ഇത് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. ആഗോളതലത്തിൽ തങ്ങളുടെ മോട്ടോർസൈക്കിൾ ശ്രേണി വികസിപ്പിക്കുന്നതിൽ ബിഎംഡബ്ല്യു ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ മോഡൽ.

പുതുതായി വികസിപ്പിച്ച 450 സിസി പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബിഎംഡബ്ല്യു F450 GS ബൈക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ പരമാവധി 48 ps പവറും 43 nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. എളുപ്പത്തിൽ ഗിയർ മാറ്റുന്നതിനായി ക്വിക്-ഷിഫ്റ്റർ പ്രോയുമായി ഈ എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നു. ഈ പവർട്രെയിൻ സിസ്റ്റം ടിവിഎസ് മോട്ടോറുമായുള്ള പങ്കാളിത്തത്തിലൂടെയാണ് വികസിപ്പിച്ചത്.
ജർമ്മൻ ബ്രാൻഡായ ബിഎംഡബ്ല്യുവിന് ലോകമെമ്പാടും വലിയ പ്രചാരമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിയായ രാഹുൽ ഗാന്ധി ബിഎംഡബ്ല്യുവിന്റെ അന്താരാഷ്ട്ര ആസ്ഥാനവും ഫാക്ടറിയും സന്ദർശിച്ചത് ഈ ജർമ്മൻ ഓട്ടോമൊബൈൽ കമ്പനിക്ക് കൂടുതൽ പ്രചാരം നൽകുന്ന ഒരു കാര്യം കൂടിയാണ്. ഇത് ഇന്ത്യയിൽ ബിഎംഡബ്ല്യുവിന്റെ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്താൻ സാധ്യതയുണ്ട് എന്ന് തന്നെ പ്രതീക്ഷിക്കാം, കാരണം രാഹുൽ ഗാന്ധിക്ക് ചെറുപ്പക്കാരുടെ ഇടയിൽ വലിയ സ്വാധീനം ഉണ്ട്.


Click it and Unblock the Notifications








