ആ ചോദ്യത്തിന്റെയും ചുരുളഴിഞ്ഞു! ട്രെയിനിന്റെ 'ടഡക്' ശബ്ദമുണ്ടാകുന്നതിങ്ങനെ-VIDEO
കൂകൂ കൂകൂ തീവണ്ടി കൂകിപ്പായും തീവണ്ടി എന്ന് നമ്മള്‍ ചെറുപ്പത്തില്‍ പാടിപ്പഠിച്ചിട്ടുണ്ട്. എന്നാല്‍ ആധുനിക കാലത്തെ തീവണ്ടികള്‍ക്ക് ഈ കൂകൂ കൂകൂ ശബ്ദമല്ല. ട്രെയിനില്‍ ഒരുതവണയെങ്കിലും യാത്ര ചെയ്തവരും അല്ലെങ്കില്‍ ട്രെയിന്‍ ട്രാക്കിലൂടെ കുതിച്ച് പായുന്നത് കണ്ടവരും അതിന്റെ 'ടഡക്-ടഡക്' ശബ്ദം ശ്രദ്ധിച്ചിട്ടുണ്ടാകും.
യാത്രക്കാര്‍ക്കും കാഴ്ചക്കാര്‍ക്കുമിടയില്‍ ഒരേ പോലെ ആകാംക്ഷ ജനിപ്പിക്കുന്ന ഈ ശബ്ദം എങ്ങനെ ഉണ്ടാകുന്നുവെന്ന കാര്യം നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. തീവണ്ടികള്‍ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ആവര്‍ത്തിച്ചുള്ള ഈ ഒരു മുഴക്കം യാത്രക്കാരായ നമുക്ക് കേള്‍ക്കാന്‍ പറ്റും. ഈ ശബ്ദം എങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്തിച്ച് ഒരുപാട് പേര്‍ തലപുണ്ണാക്കിയിട്ടുണ്ടാകും. എന്നാല്‍ ജനങ്ങളെ ഏറെ കാലമായി അലട്ടുന്ന ആ ഒരു ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് വെളിച്ചം വീശുന്ന ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പലരുടെയും ദീര്‍ഘനാളായുള്ള സംശയത്തിന് ഉത്തരം നല്‍കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാം, എക്‌സ്, വാട്‌സ്ആപ്പ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. റെയില്‍വേ ട്രാക്കുകള്‍ക്കിടയിലുള്ള വിടവ് എടുത്തുകാണിച്ചുകൊണ്ട് ഒരു ട്രാക്കിലൂടെ വേഗത്തില്‍ നീങ്ങുന്ന ട്രെയിനിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. റെയിലുകള്‍ തമ്മിലുള്ള വിടവ് അതിനിര്‍ണായകമാണ്. ട്രെയിന്‍ ചക്രങ്ങള്‍ ഈ വിടവുകള്‍ മുറിച്ചുകടക്കുമ്പോള്‍ റെയിലുകള്‍ ചെറുതായി നീങ്ങുന്ന വേളയിലാണ് 'ടഡക്-ടഡക്' ശബ്ദം സൃഷ്ടിക്കപ്പെടുന്നത്.
റെയില്‍വേ ട്രാക്കിലെ സ്റ്റീല്‍ ഘടകങ്ങളുടെ ചലനമാണ് ഈ ശബ്ദത്തിന് കാരണമാകുന്നത്. റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ വിടവുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ചിലര്‍ ചിന്തിച്ചേക്കാം. അതിന് പിന്നിലും ചില ശാസ്ത്രമുണ്ട്. ഈ ട്രാക്കുകള്‍ സ്റ്റീല്‍ റെയിലുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ചില ഗുണങ്ങളാണ് ഇത്തരം വിടവുകള്‍ സൃഷ്ടിക്കാന്‍ കാരണം. റെയില്‍വേ ട്രാക്കുകള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതാണ്. സ്റ്റീല്‍ പൊതുവേ ചൂടാകുമ്പോള്‍ വികസിക്കുകയും തണുക്കുമ്പോള്‍ ചുരുങ്ങുകയും ചെയ്യുന്നു.

അന്തരീക്ഷ ഊഷ്മാവ്, ട്രെയിനിന്റെ ഓട്ടം മൂലമുണ്ടാകുന്ന ഘര്‍ഷണം എന്നിവ കാരണം പാളം വികസിക്കും. പാളങ്ങളുടെ വികാസത്തിന് മതിയായ സ്ഥലം നല്‍കിയില്ലെങ്കില്‍ അവ വളയാനും ട്രെയിന്‍ ഓടാന്‍ യോഗ്യമല്ലാതായും മാറും. റെയിലുകള്‍ വശങ്ങളിലേക്ക് വികസിച്ചാല്‍ അത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ചൂടാകുമ്പോള്‍ പാളങ്ങളുടെ വികാസത്തിന് ഇടം നല്‍കാന്‍ വേണ്ടിയാണ് ഈ വിടവ് നല്‍കുന്നത്. രണ്ട് പാളങ്ങള്‍ക്കിടയില്‍ ചെറിയ വിടവുണ്ടാകുമ്പോള്‍ അമിത ചൂടില്‍ ആ വിടവിനുള്ളില്‍ മാത്രമേ അത് വികസിക്കൂ.
സിമന്റ് തറയില്‍ ഇരുമ്പ് ഉപയോഗിച്ചാണ് പാളങ്ങള്‍ പിടിപ്പിച്ചിരിക്കുന്നതെന്നും വീഡിയോയില്‍ കാണാം. ട്രെയിന്‍ ഓടുമ്പോള്‍ ഉള്ള ഈ 'ടഡക്-ടഡക്' ശബ്ദത്തിന്റെ ഉത്ഭവം മനസ്സിലാക്കി ആയിരക്കണക്കിന് നെറ്റിസണ്‍സാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. രസകരമായ തലക്കെട്ടുകള്‍ നല്‍കിയാണ് പോസ്റ്റിടുന്നത്. 'ആ വലിയ രഹസ്യം മനസ്സിലായി ഇനി സമാധാനത്തില്‍ മരിക്കാം' ഇതായിരുന്ന ഒരു രസികന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് നല്‍കിയ അടിക്കുറിപ്പ്.

ഏതായാലും വൈറല്‍ വീഡിയോ കണ്ട് ഒത്തിരി പേര്‍ക്ക് കാര്യം മനസ്സിലായി. നിങ്ങള്‍ എപ്പോഴെങ്കിലും ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഈ ശബ്ദം എവിടെ നിന്ന് വരുമെന്ന് ചിന്തിച്ചിരുന്നോ?. ഇതിന്റെ ഉത്ഭവം ഇങ്ങനെ ആയിരിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ. ഈ ലേഖനം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഈ വിവരം അറിയാത്ത നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുക്കുകയും ചെയ്യൂ.


Click it and Unblock the Notifications








