13 വര്‍ഷം പഴക്കമുള്ള സഫാരി സ്‌റ്റോം മാറ്റി ഡിഫെന്‍ഡര്‍ വാങ്ങണമെന്ന് അനുയായി! മുന്‍ മുഖ്യമന്ത്രിയുടെ മറുപടി
രാജസ്ഥാന്‍ രാഷ്ട്രീയത്തിലെ ചാണക്യനാണ് അശോക് ഗെഹ്‌ലോട്ട്. മൂന്ന് തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന ഗെഹ്‌ലോട്ട് മൂന്ന് കേന്ദ്രമന്ത്രിഭകളില്‍ അംഗവും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അടിതെറ്റിയെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാണ് ഗെഹ്‌ലോട്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പലപ്പോഴും സാധാരണക്കാരോടുള്ള തന്റെ ഇടപെടലിന്റെയും ലാളിത്യത്തിന്റെയും പേരില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ അശോക് ഗെഹ്ലോട്ടിന്റെ വാഹനവ്യൂഹം തടഞ്ഞുനിര്‍ത്തി അനുയായികൡ ഒരാള്‍ നടത്തിയ അസാധാരണമായ ഒരു അഭ്യര്‍ത്ഥനയും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
മുന്‍ മുഖ്യമന്ത്രിയോട് ഒരു ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവി വാങ്ങാനാണ് അനുയായി അഭ്യര്‍ത്ഥിച്ചത്. ഇന്നത്തെ യുവ നേതാക്കള്‍ ഓരോ മൂന്ന് മാസത്തിലും കാറുകള്‍ മാറ്റുമ്പോള്‍ ഗെഹ്‌ലോട്ട് 15 വര്‍ഷമായി ഒരേ കാറില്‍ യാത്ര ചെയ്യുന്നുവെന്നതാണ് യുവാവിന്റെ വിഷമം. 'ഈ കാറിന് എന്താണ് കുഴപ്പം? ഇത് സുഖകരമാണ്, അല്ലേ?' അശോക് ഗെലോട്ട് യുവാവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഊഷ്മളമായി മറുപടി പറഞ്ഞു.പക്ഷേ അദ്ദേഹത്തിന്റെ അനുയായി അതില്‍ നിര്‍ത്താന്‍ ഒരുങ്ങിയില്ല.

'ഇത് സുഖകരമായിരിക്കാം സര്‍. എന്നാല്‍ ഇക്കാലത്ത്, സ്‌റ്റൈലും പ്രധാനമാണ്. അവരുടെ കാറുകള്‍ വെച്ചാണ് ഇപ്പോള്‍ നേതാക്കളെ തിരിച്ചറിയുന്നത്. തീര്‍ച്ചയായും, നിങ്ങള്‍ക്ക് ഇതിനകം തന്നെ ഐഡന്റിറ്റി ഉണ്ട്, പക്ഷേ ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ആഡംബര രൂപവും ആവശ്യമാണ്' ഇതായിരുന്നു കഴിഞ്ഞ 15 വര്‍ഷമായി ജയ്പൂരിലെ ഒരു ചായക്കടക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ അനുയായി പറഞ്ഞത്. ടാറ്റ സഫാരി സ്്‌റ്റോം ആണ് ഗെഹ്‌ലോട്ട് വര്‍ഷങ്ങളായി ഉപയോഗിക്കുന്നത്.
പ്രിയനേതാവ് ഡിഫെന്‍ഡറില്‍ യാത്ര ചെയ്യുന്നത് കാണാനുള്ള ആരാധകന്റെ ആഗ്രഹം ആത്മാര്‍ത്ഥമാണെങ്കിലും ഗെഹ്‌ലോട്ട് കഴിഞ്ഞ 15 വര്‍ഷമായി ടാറ്റ സഫാരി സ്‌റ്റോം അല്ല ഉപയോഗിക്കുന്നത്. ടാറ്റ മോട്ടോര്‍സ് സഫാരി സ്റ്റോം 2012 ഒക്ടോബറിലാണ് പുറത്തിറക്കിയത്. ഇതിനുമുമ്പ് വിപണിയിലുണ്ടായിരുന്നത് ഡൈകോര്‍ ആയിരുന്നു. മന്ത്രി 15 വര്‍ഷമായി ഈ വാഹനം ഉപയോഗിക്കുന്നു എന്ന അവകാശവാദം തെറ്റാണ്. ആ കാറിന് 13 വര്‍ഷമോ അതില്‍ കുറവോ പഴക്കമുണ്ടാകാനാണ് സാധ്യത.

രാഷ്ട്രീയത്തില്‍ അധികാരത്തെ കാണിക്കുന്ന ചിഹ്നങ്ങളില്‍ വാഹനങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കള്‍ അവരുടെ പണം, സ്വാധീനം, ആധിപത്യം എന്നിവ പ്രകടിപ്പിക്കാന്‍ ചില പ്രത്യേക വാഹനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ടൊയോട്ട ഫോര്‍ച്യൂണര്‍ ഇതിന് ഒരു ഉദാഹരണമാണ്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പക്ഷേ അല്‍പ്പം കൂടി വില കൂടിയ എസ്‌യുവിയാണ്. സമ്പന്നര്‍, സെലിബ്രിറ്റികള്‍ എന്ന് തുടങ്ങി സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരുടെ പ്രിയപ്പെട്ട എസ്‌യുവിയാണ് ഇത്.
ബിസിനസുകാരും രാഷ്ട്രീയക്കാരും സമീപകാലത്തായി ഇത് വാങ്ങിക്കൂട്ടുന്നുണ്ട്. ബ്ലാക്ക് കളറിനാണ് ഡിമാന്‍ഡ് കൂടുതല്‍. നിലവില്‍ ഏകദേശം 1.39 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഡിഫെന്‍ഡര്‍ ഇന്ത്യയില്‍ വില്‍ന്നുക്കത്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ നിലവില്‍ മൂന്ന് ബോഡി സ്റ്റൈലുകളില്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഇതില്‍ ആദ്യത്തേത് സാധാരണ മോഡലായ 110 ആണ്. രണ്ടാമത്തേത് 7 പേര്‍ക്ക് വരെ യാത്ര ചെയ്യാന്‍ സാധിക്കുന്ന നീളം കൂടിയ 130 ആണ്. അവസാനമായി ചെറിയ ഡിഫെന്‍ഡര്‍ 90-യും ലഭ്യമാണ്.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. ആദ്യത്തെ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 296 bhp പവറും 400 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തെ 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ 394 bhp പവറും 550 Nm ടോര്‍ക്കും നല്‍കുന്നു. രണ്ട് മോഡലുകളിലും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉണ്ട്.
ഈ രണ്ട് എഞ്ചിനുകള്‍ക്ക് പുറമെ, കമ്പനി V8 എഞ്ചിനും നല്‍കുന്നുണ്ട്. 5.0 ലിറ്റര്‍ V8 എഞ്ചിന്‍ 296 bhp പവറും 650 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും പെര്‍മെനെന്റ് 4WD സിസ്റ്റവും ഉണ്ട്. കോണ്‍ഫിഗറബിള്‍ ടെറൈന്‍ റെസ്പോണ്‍സ്, ടെറൈന്‍ റെസ്പോണ്‍സ് 2 സിസ്റ്റങ്ങള്‍ എന്നിവ ഉപയോഗിച്ച് മരുഭൂമിയായാലും മഞ്ഞ് മൂടിയ മലനിരകള്‍ ആയാലും പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രദേശങ്ങള്‍ ആയാലും അവയ്‌ക്കെല്ലാം അനുയോജ്യമായ രീതിയില്‍ ക്രമീകരണങ്ങള്‍ മാറ്റാന്‍ കഴിയും.
291 mm ഗ്രൗണ്ട് ക്ലിയറന്‍സും 900 mm വാട്ടര്‍വാഡിംഗ് ഡെപ്തും ഉള്ള ഡിഫെന്‍ഡറിന് ഏത് തടസങ്ങളെയും എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും. ഇതിന്റെ ക്യാബിനില്‍ 14 തരത്തില്‍ ക്രമീകരിക്കാവുന്ന ഹീറ്റഡ്/കൂള്‍ഡ് ഇലക്ട്രിക് സീറ്റുകള്‍, മൃദുവായ ഹെഡ്ലൈനര്‍, കൂടുതല്‍ സ്റ്റോറേജ് സൗകര്യങ്ങള്‍, രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവയുണ്ട്. ഏതായാലും അനുയായിയുടെ അഭ്യത്ഥന മാനിച്ച് ഗെഹ്‌ലോട്ട് കാര്‍ മാറ്റുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








