2 റോള്‍സ് റോയ്‌സുണ്ടെങ്കിലും അധികവും കണ്ടത് അംബാസഡറില്‍! 430 കോടി ആസ്തിയുള്ള രജനിയുടെ കാറുകള്‍
തലൈവര്‍, സൂപ്പര്‍ സ്റ്റാര്‍, സ്‌റ്റൈല്‍ മന്നന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒറ്റ താരം മാത്രമേ ഇന്ന് ഇന്ത്യന്‍ സിനിമയിലുള്ളൂ. അത് സാക്ഷാല്‍ രജനീകാന്താണ്. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കണ്ടക്ടറില്‍ നിന്നും രജനീകാന്ത് എന്ന ആഗോള ബ്രാന്റിലേക്കുള്ള ദൂരം അദ്ദേഹം അര നൂറ്റാണ്ട് കൊണ്ട് നടന്നു തീര്‍ത്തതാണ്. താരത്തിന്റെ തന്നെ ജയിലറിലെ ഒരു പാട്ടിലെ വരികള്‍ കടംകൊണ്ടാല്‍ 'ഉന്‍ മകനും പേരനും ആട്ടംപോട വെപ്പവന്‍'. മൂന്ന് തലമുറകള്‍ കൊണ്ടാടിയ സൂപ്പര്‍ താരത്തിനെ കുറിച്ചുള്ള വിശേഷണങ്ങള്‍ എഴുതിയാല്‍ സ്ഥലം പോരാതെ വരും. ഏറ്റവും കൂടുതല്‍ സെലിബ്രിറ്റി ഫാന്‍സുള്ള തമിഴ് നടന്‍ കൂടിയാണ് രജനി.
ഇന്ന് ജനീകാന്ത് 74-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വയസ്സ് കൂടുമ്പോഴും രജനീകാന്തിന്റെ സ്‌റ്റൈലിനും സ്‌ക്രീന്‍ പ്രസന്‍സിനും ഒരു കുറവും വന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അടുത്തകാലത്തെ പടങ്ങള്‍ വ്യക്തമാക്കുന്നത്. ഹിറ്റ്‌മേക്കര്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രജനിയുടെ ആസ്തി 430 കോടിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നാലാമത്തെ നടനാണ് അദ്ദേഹം.

ഒരു സിനിമക്ക് 125 കോടി വരെ ഇദ്ദേഹം പ്രതിഫലം പറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോടികളുടെ സമ്പത്തുള്ള വെള്ളിത്തിരയില്‍ സൂപ്പര്‍ താരമാണെങ്കിലും പൊതുമധ്യത്തില്‍ താരജാഡകളില്ലാതെ സിമ്പിള്‍ മനുഷ്യനായാണ് രജിനി എത്താറുള്ളത്. നരച്ച തലമുടിയും താടിയും പോലും പലപ്പോഴും അദ്ദേഹം കറുപ്പിക്കാറില്ല. എന്നാല്‍ താരരാജാവിന്റെ ഗരാജ് അത്ര സിമ്പിളല്ലെന്ന് നമുക്ക് പരിശോധനയില്‍ മനസ്സിലാകും. റോള്‍സ് റോയ്‌സും ലംബോര്‍ഗിനിയുമടങ്ങുന്ന സൂപ്പര്‍ സ്റ്റാറിന്റെ ഗരാജിലേക്ക് നമുക്കൊന്ന് എത്തിനോക്കാം.
റോള്‍സ് റോയ്‌സ് ഗോസ്റ്റ്: ആഡംബരത്തിന്റെ പര്യായമായാണ് റോള്‍സ് റോയ്‌സ് കാറുകള്‍ വിലയിരുത്തപ്പെടുന്നത്. രജനീകാന്തിന് രണ്ട് റോള്‍സ് റോയ്‌സ് കാറുകള്‍ ഉണ്ട്. റോള്‍സ് റോയ്സ് ഗോസ്റ്റാണ് അതില്‍ ഒന്ന്. ഈ കാര്‍ മോഡലിന്റെ വില 6.95 കോടി മുതല്‍ 7.95 കോടി രൂപ വരെയാണ.് 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V12 എഞ്ചിനാണ് റോള്‍സ് റോയ്സ് ഗോസ്റ്റിന്റെ ഹൃദയം.
റോള്‍സ് റോയ്‌സ് ഫാന്റം: ഗോസ്റ്റിനേക്കാള്‍ വില കൂടിയ റോള്‍സ് റോയ്‌സ് കാറാണ് ഫാന്റം. സീരീസ്-2, എക്‌സ്റ്റെന്‍ഡഡ് വീല്‍ബേസ് എന്നിങ്ങനെ 2 വേരിയന്റുകളില്‍ ഇത് വാങ്ങാനാകും. റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ വില 8.99 കോടി രൂപ മുതല്‍ 10.48 കോടി രൂപ വരെയാണ്. എക്സ്ഷോറൂം വിലയാണിത്. നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ വീണ്ടും പൊടിക്കേണ്ടതായുണ്ട്. വിപുലമായ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ഈ കാറുകളില്‍ ബ്രിട്ടീഷ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.
ലംബോര്‍ഗിനി ഉറൂസ്: ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ആദ്യ എസ്‌യുവിയാണ് ഉറൂസ്. ഉറൂസിന്റെ വരവോടെ ലംബോര്‍ഗിനി ഇന്ത്യക്കാര്‍ക്കിടയിലടക്കം കൂടുതല്‍ ജനപ്രിയമായി. സെലിബ്രിറ്റികളുടെയും സമ്പന്നരുടെയും ഗരാജിലെ ഒഴിച്ചുകൂടാനാകാത്ത അംഗമായി ഉറൂസ് മാറിക്കൊണ്ടിരിക്കുകയാണ്. രജനീകാന്തും ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഈ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. ഈ ആഡംബര എസ്‌യുവിയുടെ വില 4.57 കോടി രൂപയാണ്. എക്‌സ്‌ഷോറൂം വിലയാണിത്.

ബിഎംഡബ്ല്യു X5: ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യുവിന്റെ ആഡംബര എസ്‌യുവിയാണ് X5. എക്സ്‌ലൈന്‍, M സ്പോര്‍ട്ട് എന്നീ രണ്ട് വേരിയന്റുകളിലായാണ് X5 വിപണിയില്‍ എത്തുന്നത്. ബിഎംഡബ്ല്യു X5 ആഡംബര എസ്‌യുവിയുടെ എക്സ്‌ഷോറൂം വില 97 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെ നീളുന്നു. എന്നാല്‍ കാറിന്റെ ഏത് വേരിയന്റാണ് സൂപ്പര്‍ സ്റ്റാറിന്റെ ഗരാജിലുള്ളതെന്ന് വ്യക്തമല്ല. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ ബിഎംഡബ്ല്യു കാര്‍ ഓഫര്‍ ചെയ്യുന്നുണ്ട്.
മെര്‍സിഡീസ് ബെന്‍സ് G-ക്ലാസ്: ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് G-ക്ലാസ്. നടന്‍ രജനികാന്തിന്റെ പക്കല്‍ ഏകദേശം 2.55 കോടി രൂപ വില വരുന്ന മെര്‍സിഡീസ് G-ക്ലാസ് ആഡംബര എസ്‌യുവിയുണ്ട്. ബോക്‌സി ഡിസൈനും ഓഫ്‌റോഡ് ശേഷിയുമുള്ള ഈ ഐക്കണിക് കാറും സെലിബ്രിറ്റികളുടെ ഇഷ്ട ചോയ്‌സുകളില്‍ ഒന്നാണ്. ജി-ക്ലാസിന്റെ ഇലക്ട്രിക് പതിപ്പും അധികം വൈകാതെ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്.

ടൊയോട്ട ഇന്നോവ: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രീമിയം എംപിവിയാണ് ടൊയോട്ട ഇന്നോവ. വിലകൂടിയ കാറുകള്‍ ഗരാജിലുള്ളവര്‍ പോലും ദൈനംദിന യാത്രകള്‍ക്ക് ഇന്നോവ ഉപയോഗിക്കുന്നു. 20-30 ലക്ഷം രൂപ റേഞ്ചില്‍ ഈ കാര്‍ വാങ്ങാനാകും. മുകളില്‍ പറഞ്ഞ കാറുകള്‍ കൂടാതെ ഹോണ്ട സിവിക്, പ്രീമിയര്‍ പദ്മിനി, ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് അംബാസഡര്‍ എന്നിവ താരത്തിന്റെ ഉടമസ്ഥതയിലുള്ളതായാണ് വിവരം. അംബാസഡറില്‍ അദ്ദേഹത്തെ ധാരാളം പൊതുമധ്യത്തില്‍ കണ്ടിട്ടുണ്ട്.


Click it and Unblock the Notifications








