2 ലംബോര്‍ഗിനിയുള്ള റിയല്‍-എസ്‌റ്റേറ്റ് ഭീമനും വാങ്ങി മഹീന്ദ്ര BE6! ഇവിയെ കുറിച്ച് പറഞ്ഞത് കേട്ടോ...
ഇന്ത്യക്കാര്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരിച്ച് കൊണ്ടിരിക്കുന്ന ഇലക്ട്രിക് കാറുകളാണ് മഹീന്ദ്ര BE 6, XEV 9e എന്നിവ. വിപണിയില്‍ എത്തിയ അന്ന് മുതല്‍ സംസാര വിഷയമായി മാറിയ ഇലക്ട്രിക് എസ്‌യുവിയുടെ 3000 യൂണിറ്റുകള്‍ ഇതിനോടകം മഹീന്ദ്ര ഡെലിവറി ചെയ്തിരിക്കുകയാണ്. സിനിമ-സീരിയല്‍ താരങ്ങള്‍, വ്യവസായ പ്രമുഖര്‍ എന്നിവരടക്കം സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള ഒട്ടേറെ പേര്‍ ഈ എസ്‌യുവികള്‍ സ്വന്തമാക്കിയിട്ടുണ്ട്. മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവി ഇപ്പോള്‍ സൂപ്പര്‍ കാര്‍ ഉടമകളുടെ വരെ മനം കീഴടക്കിയതായാണ് വിവരം.
കൊല്‍ക്കത്തയിലെ റിയല്‍ എസ്‌റ്റേറ്റ് ഭീമനും വണ്ടിപ്രാന്തനുമായ പര്‍വീണ്‍ അഗര്‍വാളാണ് BE6 സൂപ്പര്‍ കാറുകള്‍ അണിനിരക്കുന്ന തന്റെ ഗരാജിലേക്ക് ചേര്‍ത്തത്. രാജ്‌വാഡ ഗ്രൂപ്പിന്റെ ഉടമയായ പര്‍വീണ്‍ അഗര്‍വാളിന് നിരവധി വിലകൂടിയ സൂപ്പര്‍കാറുകള്‍, ആഡംബര കാറുകള്‍, ആഡംബര എസ്യുവികള്‍ എന്നിവയുണ്ട്. അദ്ദേഹത്തിന്റെ ഗരാജില്‍ ഇതിനോടകം ലംബോര്‍ഗിനി അവന്റഡോര്‍, ഫെറാറി 296 GTS, മക്‌ലാരന്‍ 720S, ലംബോര്‍ഗിനി ഉറൂസ്, മെര്‍സിഡീസ് ബെന്‍സ് G63 AMG എന്നീ ഹൈ-എന്‍ഡ് കാറുകള്‍ ഉണ്ട്.

അക്കൂട്ടത്തിലേക്കാണ് ഇപ്പോള്‍ മഹീന്ദ്രയുടെ ഏറ്റവും പുതിയ ബോണ്‍ ഇലക്ട്രിക് എസ്‌യുവി ചേര്‍ത്തിരിക്കുന്നത്. പുതുതായി വാങ്ങിയ മഹീന്ദ്ര BE 6 ന്റെ ചിത്രങ്ങള്‍ പര്‍വീണ്‍ അഗര്‍വാള്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഫയര്‍സ്റ്റോം ഓറഞ്ചിന്റെ ഷെയ്ഡാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. തന്റെ BE 6 പായ്ക്ക് 3 വേരിയന്റിന്റെ ചില ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം കാറിനെ കുറിച്ചുള്ള അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ഇലക്ട്രിക് എസ്‌യുവിയിലൂടെ മഹീന്ദ്ര ഒരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചുവെന്നാണ് പര്‍വീണ്‍ അഗര്‍വാള്‍ പറയുന്നത്. രണ്ട് ദിവസം മുമ്പാണ് പ്രവീണിന് തന്റെ BE 6 എസ്‌യുവിയുടെ ഡെലിവറി ലഭിച്ചത്. ഗംഭീര ലുക്കിനൊപ്പം ഇവിയുടെ ഹാന്‍ഡ്ലിംഗ്, ഇന്റീരിയര്‍, സവിശേഷതകള്‍ എന്നിവയും മികച്ചതാണെന്ന് പ്രവീണ്‍ എടുത്തുപറഞ്ഞു.

മഹീന്ദ്രയുടെ ബോണ്‍-ഇലക്ട്രിക് കാറുകളില്‍ ആദ്യത്തേതാണ് ഈ എസ്‌യുവി. മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവിയുടെ വില 18.9 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 26.90 ലക്ഷം രൂപയാണ്. ഇത് എക്‌സ്‌ഷോറൂം വിലകളാണ്. എസ്‌യുവിയുടെ ടോപ്‌സ്‌പെക് പായ്ക്ക് 3 വേരിയന്റിന്റെ വിതരണം മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ വേരിയന്റുകളുടെ ഡെലിവറി ഘട്ടംഘട്ടമായി വരുംമാസങ്ങളില്‍ നടക്കും.
പര്‍വീണ്‍ അഗര്‍വാള്‍ തെരഞ്ഞെടുത്ത ഏറ്റവും ഉയര്‍ന്ന പായ്ക്ക് 3 വേരിയന്റില്‍ 282 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോര്‍ ആണുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 682 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വലിയ 79 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് ഇത് പവര്‍ എടുക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 535 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ചെറിയ 59 kWh ബാറ്ററി പായ്ക്ക് ഓപ്ഷനും ഇവിയില്‍ ലഭ്യമാണ്.

റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും കാറിലുണ്ട്. മോഡലിന്റെ ബാറ്ററി പായ്ക്കിന് ലൈഫ് ടൈം വാറണ്ടിയും മഹീന്ദ്ര നല്‍കുന്നുണ്ട്. 175kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററികള്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും മഹീന്ദ്ര പറയുന്നു. ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ ഫ്യൂചറിസ്റ്റിക് ലുക്കുമായാണ് ഇവി വരുന്നത്.
നെക്‌സ്റ്റ് ജെന്‍ ഡിസൈന്‍ ലഭിക്കുന്നതിനാല്‍ തന്നെ മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി ഇരട്ടകളെ 'ഇന്ത്യന്‍ ടെസ്‌ലകള്‍' എന്നും നെറ്റിസണ്‍സ് വിളിക്കാറുണ്ട്. സ്ലിമ്മും അഗ്രസീവുമായ ഫ്രണ്ട് ഫാസിയയുമായി വരുന്ന ഇവിക്ക് ഒരു അത്ലറ്റിക് ലുക്കുണ്ട്. പിന്നില്‍, എല്‍ഇഡി ലൈറ്റ്ബാര്‍ കണക്റ്റ് ചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകളും ഒരു സ്പ്ലിറ്റ് റിയര്‍ സ്‌പോയിലറും BE 6 ഇവിയില്‍ ഉണ്ട്. സ്റ്റാന്‍ഡേര്‍ഡായി 19 ഇഞ്ച് എയറോ-ഒപ്റ്റിമൈസ് ചെയ്ത വീലുകളാണ് ഇത് ഉപയോഗിക്കുന്നത്.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍, 2-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഇന്‍-ബില്‍റ്റ് വൈ-ഫൈയുള്ള 5G കണക്റ്റിവിറ്റി, 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് ഇവിയിലെ ഫീച്ചര്‍ ഹൈലൈറ്റുകള്‍.


Click it and Unblock the Notifications








