ഓഫ് റോഡിന്റെ വാഴ്ത്തപ്പെടാത്ത സുൽത്താൻ; ടാറ്റ ഒന്നു മനസുവെച്ചിരുന്നേൽ ഥാറിന്റെ അപ്പൻ തമ്പുരാനാവേണ്ട മുതലാണ്
ടാറ്റ സുമോ എന്നത് ഇന്ത്യൻ വിപണിയിലെ ഒരു ഐതിഹാസിക മോഡലാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇന്നത്തെ എസ്‌യുവി തരംഗം എല്ലാം എത്തുന്നതിനു പതിറ്റാണ്ടുകൾക്കു മുമ്പ് തന്നെ ബോക്സി ലുക്കും ബോൾഡ് ഫാസിയയുമായി ഇന്ത്യൻ നിരത്തുകളെ പ്രകംബനം കൊള്ളിച്ച വാഹനമാണിത്. കാലാനുസൃതമായി സുമോയുടെ പല മോഡലുകളും അപ്പ്ഡേറ്റുകളും നാം കണ്ടിട്ടുണ്ട്, അവയിൽ ഒട്ടുമിക്ക എല്ലാം തന്നെ സുപരിചിതവുമാണ്. എന്നാൽ നമ്മുടെ നാട്ടിൽ അത്ര കേട്ടുകേഴ്വി ഇല്ലാത്ത ഒരു മുതലിനെയാണ് ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത്. സുമോ 4x4 എന്ന വളരെ അപൂവ്വമായ ഈ വാഹനത്തിനൊപ്പം ഞങ്ങൾക്ക് ലഭിച്ച ഒരു എക്സ്പീരിയൻസാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
ആദ്യമായി തന്നെ കോട്ടയം സ്വദേശിയും ഇപ്പോൾ ഞങ്ങളുടെ സുഹൃത്തുമായ ചാണ്ടിക്കുഞ്ഞ് എന്ന വിളിപ്പേരിൽ അറയപ്പെടുന്ന അലക്സ് ചാണ്ടിയാണ് ഈ സുമോ 4x4 -ന്റെ ഉടമ. പിന്നെ ഈ സുമോ 4x4 എന്നത് ആഫ്റ്റർ മാർക്കറ്റ് ഫിറ്റിംഗും കസ്റ്റമൈസേഷനും ഒന്നും കൊണ്ട് സജ്ജമാക്കിയത് അല്ല, മറിച്ച് ഫാക്ടറി ഫിറ്റഡ് ഫോർവീൽ ഡ്രൈവ് സിസ്റ്റമാണിത് എന്നത് ശ്രദ്ധേയമാണ്.

സാധാരണ സുമോയെക്കാൾ അല്പം സ്പെഷ്യലാണിവൻ. സൈന്യത്തിനും മറ്റ് പാരാ മിലിട്ടറി ഫോവ്സുകൾക്കുമായി ടാറ്റ മോട്ടോർസ് 4x4 സുമോ വൻതോതിൽ സപ്ലൈ ചെയ്തിരുന്നു എങ്കിലും, നോർമൽ സിവിലിയൻ ഉപയോഗത്തിനായി വളരെ കുറച്ച് യൂണിറ്റുകൾ മാത്രമേ ഉത്പാദിപ്പിച്ചിട്ടുള്ളൂ. ഇത് ഈ സുമോയുടെ എക്സ്ക്ലൂസീവ്നെസ് വർധിപ്പിക്കുന്നു.
വടക്കേ ഇന്ത്യയിൽ ഇത് അല്പം കൂടെ ലഭ്യമായിരുന്നു എങ്കിലും കേരളത്തിൽ എത്തിയ വിരലിൽ എണ്ണാവുന്ന യൂണിറ്റുകളിൽ ഒന്നാണിവൻ എന്നത് ശ്രദ്ധേയമാണ്. 2011-12 കാലയളവിലാണ് നിർമ്മാണം എങ്കിലും 2004 മോഡൽ സുമോയുടെ ഒരു മുഖഛായയുമായിട്ടാണ് ഈ ഓഫ് റോഡ് പതിപ്പ് വിപണിയിൽ എത്തിയത്.

അതിനാൽ തന്നെ ഇത് വടക്കേ ഇന്ത്യയിൽ നിന്ന് ഫോർ വീൽ ഡ്രൈവ് സിസ്റ്റവും കയറ്റി റീ രജിസ്ട്രേഷൻ ചെയ്ത് എത്തിച്ചതാണോ എന്ന സംശയം പലർക്കും തോന്നിയേക്കാം, എന്നാൽ അങ്ങനെയല്ല ആള് തനി മലയാളിയാ, ഒറിജിനൽ കോട്ടയംകാരൻ തന്നെ. ഇവനെ ടാറ്റ കാര്യമായി മാർക്കറ്റ് ചെയ്തിരുന്നില്ല എന്നു വേണം പറയാൻ.
ഥാർ CRDi വിപണിയിൽ ഉണ്ടായിരുന്ന കാലത്ത് സുമോ 4x4 -നെ കുറിച്ച് കേട്ടതായി ഞാൻ ഓർക്കുന്നില്ല, പിന്നെ 2011-12 മോഡലാണ് എങ്കിലും ഫാക്റിയിൽ നിന്ന് ഒരു എയർ കണ്ടീഷണിംഗ് യൂണിറ്റ് പുോലും ഇല്ലാതെയായിരുന്നു ആശാന്റെ വരവ്. അക്കാലത്ത് കൂടെ ഇറങ്ങിയ ഥാറിന് ഒട്ടനവധി ഫീച്ചറുകൾ ഉണ്ടായിരുന്നു. എസി ഇല്ലായിരുന്നു എങ്കിലും മഞ്ഞും ഐസും എല്ലാം തരണം ചെയ്തു മുന്നേറാൻ ഒരു വിൻഡ്ഷീൽഡ് ഹീറ്റർ വാഹനത്തിന് ലഭിച്ചിരുന്നു.

ഈ വാഹനത്തിൽ ഏറ്റവും എടുത്തു പറയേണ്ട ഘടകം എന്നത് ഇതിന്റെ കുട്ടി ഗിയർബോക്സ് അല്ലെങ്കിൽ 4x4 സിസ്റ്റത്തെ കുറിച്ചാണ്. ഇന്നും മറ്റു പല ഓഫ്റോഡ് വാഹനങ്ങളിലും നാം കാണുന്നതു പോലെ ഒരു മാനുവൽ സിസ്റ്റവും, ഗിയർ എൻഗേജ് ചെയ്യാൻ ഒരു ലിവറും ഒന്നും തന്നെ ഈ വാഹനത്തിന് ഉണ്ടായിരുന്നില്ല. അതനു പകരം ഒരേയൊരു സിമ്പിൾ സ്വിച്ച് മാത്രമാണുള്ളത്, അതോടൊപ്പം ഓട്ടോമാറ്റിക് ഹബ് ലോക്കുകളും വരുന്നു.
വളരെ അപൂർവ്വവും അതു പോലെ തന്നെ കരുത്തനുമായ ഇവന് ഒരു 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത് എന്ന് വാഹനത്തിന്റെ ഉടമ ചാണ്ടിക്കുഞ്ഞ് തന്നെ നമ്മോട് വ്യക്തമാക്കിയിരുന്നു. കോട്ടയത്തെ റോസി & റോയ്സ് കോട്ടയിൽ വാഹനത്തിന്റെ ഓഫ്റോഡ് കഴിവുകളും ഞങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കിയിരുന്നു.
ഒന്നും പറയാനില്ല ഇവൻ കില്ലാടി തന്നെ! ടാറ്റ മോട്ടോർസ് അല്പ്ം കൂടെ ശ്രദ്ധ ഇവന് നൽകിയിരുന്നെങ്കിൽ ഇന്ന് മാരുതി ജിംനിയെ എല്ലാം മാറ്റി നിറുത്തി മഹീന്ദ്ര ഥാറിന് ഒത്ത ഒരു എതിരാളിയായി സുമോ 4x4 വിപണിയിൽ ഉണ്ടായിരുന്നേനെ. ഇനിയും ടാറ്റയ്ക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും സമയമുണ്ട്.


Click it and Unblock the Notifications








