3.50 കോടി കടം, 4 ദിവസം അന്തിയുറങ്ങിയത് തന്റെ ഔഡി കാറില്‍! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി
സാധാരണക്കാരായ ആളുകളെ പോലെ സെലിബ്രിറ്റികളും പല വിഷമ ഘട്ടങ്ങളിലൂടെയും കടന്ന് പോകാറുണ്ട്. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവര്‍ ആയതിനാല്‍ അത് വാര്‍ത്തയാകുന്നുവെന്ന് മാത്രം. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും സാമ്പത്തിക പരാധീനതകളില്‍ നിന്നും കരകയറി വന്നവര്‍ പിന്നീട് താന്‍ കടന്ന് പോയ വിഷമഘട്ടങ്ങളെ കുറിച്ച് ഉള്ളുതുറക്കാറുണ്ട്. അത്തരത്തില്‍ ഒരു തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ് നടി രശ്മി ദേശായി. സിനിമകളിലും ടെലിവിഷനുകളിലും വെബ് ഷോകളിലും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയയായ വ്യക്തിയാണ് രശ്മി ദേശായി. നാല് ദിവസം അന്തിയുറങ്ങാന്‍ കൂര ഇല്ലാതായതിനെ തുടര്‍ന്ന് തന്റെ കാറില്‍ കഴിച്ച്കൂട്ടിയ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍.
നന്ദീഷ് സന്ധുവുമായുള്ള വിവാഹമോചനത്തിന് ശേഷം 3.5 കോടി രൂപയുടെ കടബാധ്യത വന്നതിനെ തുടര്‍ന്ന് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതായും കാറില്‍ ഉറങ്ങേണ്ടി വന്നതായും തന്റെ യൂട്യൂബ് ചാനലില്‍ പരാസ് ഛബ്രയ്ക്കൊപ്പമുള്ള പോഡ്കാസ്റ്റിനിടെ രശ്മി പങ്കുവെച്ചു. കുടുംബവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ആ നാല് ദിവസം തന്റെ ഔഡി A6 കാറായിരുന്ന് വീടായി മാറിയതെന്ന് അവര്‍ പറഞ്ഞു.

കന്യാദാന്‍ (2002) എന്ന പേരില്‍ ഒരു അസമീസ് ചിത്രത്തിലെ അതിഥി വേഷത്തിലൂടെയാണ് രഷാമി അഭിനയരംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് രവി കിഷന്‍ നായകനായ ദേശീയ അവാര്‍ഡ് നേടിയ കബ് ഹോയ് ഗവ്‌ന ഹമര്‍ (2003) എന്ന ഭോജ്പുരി ചിത്രത്തില്‍ അഭിനയിച്ചു. എന്നിരുന്നാലും ടിവി സീരിയലുകളിലൂടെയാണ് രഷാമ പ്രശസ്തയായത്. ഉത്തരന്‍ (2019-2014), ദില്‍ സേ ദില്‍ തക് (2017-2018) എന്നിവയാണ് നടി അഭിനയിച്ച ശ്രദ്ധേയ പരമ്പരകള്‍.
'അക്കാലത്ത് ഞാന്‍ ഒരു വീട് വാങ്ങിയിരുന്നു. എനിക്ക് ഏകദേശം 2.5 കോടി ലോണ്‍ ഉണ്ടായിരുന്നു. മൊത്തം കടം 3.25-3.5 കോടി ഉണ്ടായിരുന്നു. പെട്ടെന്ന് ഷോ നിലച്ചതോടെ നാലു ദിവസം റോഡിലായി. എന്റെ ഔഡി A6 കാറിലായിരുന്നു ഉറക്കം. അന്നൊക്കെ റിക്ഷാ വാലകള്‍ക്ക് 20 രൂപയ്ക്ക് ഭക്ഷണം കിട്ടുമായിരുന്നു. ദാലും റൊട്ടിയുമടങ്ങുന്ന ഭക്ഷണത്തില്‍ കല്ലുകള്‍ ഉണ്ടാകുമായിരുന്നുവെങ്കിലും ഞാന്‍ അത് കഴിച്ചു. ആ നാല് ദിവസങ്ങള്‍ വളരെ ബുദ്ധിമുട്ടായിരുന്നു' നടി പറഞ്ഞു.

സിദ്ധാര്‍ത്ഥ് ശുക്ല, ജാസ്മിന്‍ ഭാസിന്‍ എന്നിവര്‍ക്കൊപ്പം ദില്‍ സേ ദില്‍ തക്കിലെ പ്രധാന വേഷം ചെയ്തതോടെ കാര്യങ്ങള്‍ അനുകൂലമായി മാറുകയും കടങ്ങള്‍ വീട്ടാന്‍ രശ്മിക്ക് സാധിച്ചു. കടം വീട്ടാന്‍ 12 ലക്ഷം രൂപ വേണ്ടിവന്നതിനാല്‍ ഒടുവില്‍ തന്റെ ഔഡി A6 15 ലക്ഷം രൂപയ്ക്ക് വില്‍ക്കേണ്ടി വന്നതായി രശ്മി പറഞ്ഞു. ഔഡിയില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും അതുകൊണ്ട് ശേഷം താന്‍ ഒരു ടൊയോട്ട ഇന്നോവ വാങ്ങിയെന്നും നടി പറഞ്ഞു.
നാല് ദിവസത്തോളം രശ്മിക്ക് അഭയമായി മാറിയ ഔഡി A6 എന്നത് ഒരു ലക്ഷ്വറി സെഡാന്‍ കാറാണ്. ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ലക്ഷ്വറി സെഡാനുകളും എസ്‌യുവികളും രാജ്യത്തെ സെലിബ്രിറ്റികള്‍ക്കിടയില്‍ ജനപ്രിയമാണ്. ബിഎംഡബ്ല്യു 5-സീരീസ്, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്, ജാഗ്വാര്‍ XF തുടങ്ങിയ കാറുകളുമായി മത്സരിക്കുന്ന 4-ഡോര്‍ സെഡാനാണ് ഔഡി A6.

ഔഡി A6 സെഡാന്‍ മാന്യമായ ഫീച്ചര്‍ പട്ടിക വാഗ്ദാനം ചെയ്യുന്നു. പ്രീമിയം ലുക്കിലുള്ള ഡാഷ്ബോര്‍ഡ്, ഇരട്ട ടച്ച്സ്‌ക്രീന്‍ സ്‌ക്രീനുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലെതര്‍ അപ്ഹോള്‍സ്റ്ററി, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ് എന്നിവയും അതിലേറെയും സവിശേഷതകള്‍ കാറിലുണ്ട്.
2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ഔഡി A6 ആഡംബര സെഡാനില്‍ ഓഫര്‍ ചെയ്യുന്നത്. പല നിര്‍മ്മാതാക്കളെയും പോലെ ഔഡിയും അവരുടെ മോഡലുകള്‍ക്കൊപ്പം ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത് നിര്‍ത്തിയിരുന്നു. ഈ എഞ്ചിന്‍ പരമാവധി 261 bhp പവറും 370 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.
എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. വെറും 6.7 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കാന്‍ കഴിയുന്ന സെഡാന്റെ ടോപ് സ്പീഡ് 250 kmph ആണ്. പുതിയ ഔഡി A6 ലക്ഷ്വറി സെഡാന്റെ വില 64.41 ലക്ഷം രൂപ മുതല്‍ 70.76 ലക്ഷം രൂപ വരെയാണ്. എക്‌സ്‌ഷോറൂം വിലയാണിത്.


Click it and Unblock the Notifications








