'സാധാരണക്കാരന് മിനിമം സംരക്ഷണം കൊടുക്കാന്‍ പറ്റാത്ത താന്‍ എന്ത് വണ്ടി മുതലാളിയാ'; നാനോ പിറവികൊണ്ട കഥ
'സീറോ ഹേറ്റേഴ്‌സ്' ഉള്ള ഒരു ശതകോടീശ്വരനെ പറഞ്ഞാല്‍ കുട്ടികള്‍ വരെ കണ്ണുംപൂട്ടി രത്തന്‍ ടാറ്റയെന്ന് (Ratan Tata) പറയും. അത് അദ്ദേഹം തന്റെ ജീവിതത്തിലൂടെ രാജ്യത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകളാണ് അങ്ങനെ പറയിപ്പിക്കുന്നത്. ലോകത്ത് തന്റെ സമ്പത്തിന്റെ ഏറ്റവും വലിയ പങ്ക് ജീവകാരുണ്യപ്രവര്‍ത്തനത്തിന് വിനിയോഗിച്ച കോടീശ്വരന്‍മാരില്‍ ഒരാളായ രത്തന്‍ ടാറ്റ ഇന്നലെ ഈ ലോകത്തോട് വിട പറഞ്ഞു.രത്തന്‍ ടാറ്റയെ കുറിച്ച് പറയുമ്പോള്‍ എപ്പോഴും ചേര്‍ത്തുവായിക്കുന്ന ഒന്നാണ് നാനോ കാര്‍. നാനോ കാറിന്റെ പിറവിയെന്ന് അദ്ദേഹം ഒരിക്കല്‍ തന്റെ് സോഷ്യല്‍ മീഡിയ പേജില്‍ എഴുതിയിരുന്നു. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് ടാറ്റ ഗ്രൂപ്പ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കമ്പനി ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. വിവിധ മേഖലകളില്‍ ബിസിനസുള്ള ടാറ്റ ഗ്രൂപ്പിനെ ഇന്ന് കാണുന്ന രീതിയില്‍ വളര്‍ത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് രത്തന്‍ ടാറ്റയായിരുന്നു. മറ്റ് ബിസിനസുകാരില്‍ നിന്ന് വ്യത്യസ്തമായ ചിന്താഗതിയായിരുന്നു അദ്ദേഹം വെച്ചുപുലര്‍ത്തിയത്. അതായത് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യപ്പറ്റുള്ള ബിസിനസുകാരനായിരുന്ന അദ്ദേഹം.

ടാറ്റ നാനോ (Tata Nano) എന്ന ഒറ്റ പേര് മതി ആ വിശേഷണം അന്വര്‍ത്ഥമാക്കാന്‍. ഈ ഒരു അത്ഭുത വാഹനത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അദ്ദേഹത്തെ ഓര്‍ക്കും. നിരവധി ഇന്ത്യക്കാരുടെ കാര്‍ എന്ന സ്വപ്‌നം പൂവണിയിക്കാന്‍ സഹായിച്ച ഒരു മോഡല്‍ ആയിരുന്നു നാനോ. എന്നാല്‍ ഈ കാര്‍ പിറവിയെടുത്തതിന് പിന്നില്‍ വലിയ കഥയുണ്ട്. രത്തന്‍ ടാറ്റ തന്നെ ഇത് പലയിടത്തും പറഞ്ഞിട്ടുമുണ്ട്.
2022-ല്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ അദ്ദേഹം ഇതിനെ കുറിച്ച് വിശദമായി തന്നെ എഴുതിയിരുന്നു. 'ഗൗതമന്റെ രഥം' എന്ന സിനിമയില്‍ ഈ സംഭവം മനോഹരമായി വിവരിക്കുന്നുണ്ട്. 2003-ല്‍ രത്തന്‍ ടാറ്റ തന്റെ കാറില്‍ മുംബൈയിലൂടെ യാത്ര ചെയ്യുകയായിരുന്നു. നല്ല മഴ പെയ്തിരുന്ന ആ ദിവസം ഭര്‍ത്താവും ഭാര്യയും കുട്ടികളുമടങ്ങുന്ന നാലംഗ കുടുംബം ഇരുചക്രവാഹനത്തില്‍ തിങ്ങിഞെരുങ്ങി സഞ്ചരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു.
അച്ഛനും അമ്മക്കും ഇടയില്‍ സാന്‍വിച്ച് കണക്കെയായിരുന്നു കുട്ടികള്‍ ഇരുന്നിരുന്നത്. നനഞ്ഞ റോഡില്‍ ഫോര്‍വീലറുകളേക്കാള്‍ സുരക്ഷ കുറവായിരിക്കും സ്‌കൂട്ടറുകള്‍ക്കെന്ന് അദ്ദേഹം ചിന്തിച്ചു. സിനിമയില്‍ പറഞ്ഞ പോലെ സ്വന്തം രാജ്യത്തെ സാധാരണക്കാരന്റെ യാത്രകള്‍ക്ക് മിനിമം സംരക്ഷണം പോലും ഉറപ്പാക്കാന്‍ സാധിക്കാത്ത താനൊക്കെ എന്ത് ഇന്‍ഡസ്ട്രിയലിസ്റ്റാണെന്ന് അദ്ദേഹം സ്വയം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമായിരുന്നു നാനോ.
ആര്‍ക്കിടെക്ചര്‍ പഠിച്ചതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ എങ്ങനെ കൂടുതല്‍ സുരക്ഷിതമാക്കാം എന്നതിനെ പറ്റിയായിരുന്ന ആ സമയം ഒഴിവു സമയങ്ങളില്‍ അദ്ദേഹം ആലോചിച്ചത്. എന്നാല്‍ അത് ഒടുക്കം കുറഞ്ഞ വിലയില്‍ ഒരു കാര്‍ തന്നെ നിര്‍മിച്ചാല്‍ എന്താണെന്ന ഐഡിയയിലാണ് എത്തിയത്. എല്ലാ ആളുകള്‍ക്കും യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കുറഞ്ഞ ചിലവില്‍ നല്ല നിലവാരമുള്ള കാര്‍ ഉണ്ടാക്കാനും മഴയും വെയിലും പോലുള്ള പ്രശ്നങ്ങളെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് എളുപ്പത്തില്‍ തരണം ചെയ്യാമെന്നും അദ്ദേഹം കരുതി.
ടാറ്റ ബൈക്കിന്റെ വിലയില്‍ കാര്‍ പുറത്തിറക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനം രാജ്യത്ത് കാട്ടുതീ പോലെ പടര്‍ന്നു. ഒരു ലക്ഷം രൂപയില്‍ താഴെ വിലയ്ക്കാണോ കാര്‍ വില്‍ക്കാന്‍ പോകുന്നത് എന്നായിരുന്നു പലരുടെയും സംശയം. ഇക്കാരണത്താല്‍ തന്നെ കാര്‍ സ്വപ്നം കണ്ട പലരും അത് സാക്ഷാത്കരിക്കാനുള്ള സമയമായി എന്ന് മനസ്സിലുറപ്പിച്ചു. എന്നാല്‍ ഈ കാര്‍ വികസിപ്പിക്കുന്നതില്‍ ടാറ്റ ഗ്രൂപ്പിന് വിവിധ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു.
സ്റ്റീല്‍, ടയര്‍ എന്നിവയുടെ വില വര്‍ധിക്കുന്നതിനാല്‍ ഈ കാര്‍ ഒരു ലക്ഷം രൂപയില്‍ താഴെ വില്‍ക്കുക അസാധ്യമായിരുന്നു. എന്നിരുന്നാലും നല്‍കിയ വാക്ക് പാലിക്കാന്‍ ടാറ്റ ഗ്രൂപ്പ് പല തന്ത്രങ്ങളും പ്രയോഗിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ വിലയ്ക്ക് വിറ്റാല്‍ നഷ്ടമുണ്ടാകുമെന്ന സ്ഥിതിയിലും നഷ്ടം സഹിക്കാന്‍ കമ്പനി തീരുമാനിച്ചു. വാക്ക് പറഞ്ഞ പോലെ ലക്ഷം രൂപ വിലയില്‍ ഈ കാര്‍ വില്‍പ്പനക്കെത്തി.

ബുക്ക് ചെയ്ത എല്ലാ ആളുകള്‍ക്കും കുറഞ്ഞ വിലയ്ക്ക് കാറുകള്‍ വിറ്റുകൊണ്ട് ടാറ്റ കമ്പനി വാഗ്ദാനം പാലിച്ചു. ഇതുമൂലം ടാറ്റ കമ്പനിക്ക് വലിയ നഷ്ടമുണ്ടായെങ്കിലും ഈ കാറിന്റെ നിര്‍മാണം നിര്‍ത്തിയില്ല. കമ്പനിയെ സംബന്ധിച്ചിടത്തോളം ഈ ഒരു കാര്‍ അല്‍പ്പം വൈകാരിക ഉല്‍പ്പന്നമാണ്. അതുകൊണ്ട് തന്നെയാണ് നഷ്ടത്തില്‍ വിറ്റത്. 2009ലായിരുന്നു ആ ചരിത്ര വാഹനത്തിന്റെ പിറവി. 1 ലക്ഷം രൂപയാണ് വിലയെങ്കിലും എല്ലാ സജ്ജീകരണങ്ങളും നിറഞ്ഞ എല്ലാവര്‍ക്കും പറ്റിയ കാര്‍ ആയിരുന്നു നാനോ.
അതുകൊണ്ടാണ് രാജേഷ് ഹിരാനന്ദാനിയെ പോലെയുള്ള കോടീശ്വരന്‍ വരെ ഈ കാര്‍ വാങ്ങിയത്. എന്നിരുന്നാലും, ഇന്ത്യന്‍ കാര്‍ വാങ്ങുന്നവര്‍ 'വിലകുറഞ്ഞ കാര്‍' എന്ന ടാഗെ്‌ലൈന്‍ അത്ര രസിച്ചില്ല. ഈ മാര്‍ക്കറ്റിംഗ് പിഴവ് കാരണം നാനോ ടാറ്റ പ്രതീക്ഷിച്ച രീതിയില്‍ വിജയമായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഡിമാന്‍ഡില്‍ ഇടിവ് വന്നതോടെ 2018 ഡിസംബറില്‍ ഈ കാര്‍ നിര്‍ത്തലാക്കി. ഈ ചെറിയ ഹാച്ച്ബാക്ക് പിന്നില്‍ 600 സിസി SOHC ട്വിന്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സജ്ജീകരിച്ചത്.

ഈ ചെറിയ മോട്ടോര്‍ പരമാവധി 37 bhp പവറും 51 Nm ടോര്‍ക്കും നല്‍കി. 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായോ എഎംടി ട്രാന്‍സ്മിഷനുമായോ എഞ്ചിന്‍ ഇണചേരുന്നു. ഇത് നാനോയെ മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാക്കി. ലിറ്ററിന് 23.6 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്തു. നാനോയുടെ കസ്റ്റം ബില്‍റ്റ് ഇലക്ട്രിക് മോഡല്‍ രത്തന്‍ ടാറ്റയുടെ പക്കല്‍ ഉണ്ടായിരുന്നു.


Click it and Unblock the Notifications








