വിമാനയാത്രികര്‍ക്കിടയിലെ പുത്തന്‍ ട്രെന്‍ഡായി 'റോ-ഡോഗിംഗ്'! പൈസ ചെലവില്ല, മെച്ചങ്ങള്‍ ഉണ്ട് താനും
ഇന്നത്തെ കാലത്ത് എന്തും ഏതും ട്രെന്‍ഡാകുന്ന പ്രവണത കണ്ട് വരുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് പലപ്പോഴും ട്രെന്‍ഡുകള്‍ സൃഷ്ടിക്കുന്നത്. ആഗോള തലത്തില്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കിടയില്‍ അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു ട്രാവല്‍ ട്രെന്‍ഡാണ് 'റോ-ഡോഗിംഗ്'. ടിക്‌ടോക് ഉപഭോക്താക്കള്‍ക്കിടയിലാണ് ഈ പ്രക്രിയ ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നത്. നിരവധി വിമാനയാത്രക്കാര്‍ ഈ ട്രെന്‍ഡ് പിന്തുടരുന്നു. ഇത് യാത്രികര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പകരുന്നതായാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്താണ് ഈ റോ-ഡോഗിംഗ് ട്രാവല്‍ ട്രെന്‍ഡ്?. ഇത് വിമാന യാത്രയില്‍ നിങ്ങളെ എങ്ങനെ സഹായിക്കുന്നു?. എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇനി പറയാന്‍ പോകുന്നത്.
നിങ്ങളില്‍ പലരും വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ആയിരിക്കും. സാധാരണയായി ദീര്‍ഘദൂര യാത്രകള്‍ക്കാണ് നമ്മള്‍ വിമാനങ്ങളെ ആശ്രയിക്കാറുള്ളത്. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോകാനും വളരെ ദൂരത്തുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിപ്പെടാനും മറ്റുമുള്ള ഏറ്റവും മികച്ച യാത്രമാര്‍ഗമാണ് ഫൈ്‌ലറ്റുകള്‍. വിമാനയാത്രയില്‍ നമുക്ക് ഫ്രീയായി ഒത്തിരി സമയമുണ്ടാകും. പലരും പല വിധത്തിലാണ് ഈ സമയം വിനിയോഗിക്കുന്നത്.

പല യാത്രികരും അവരുടെ മൊബൈല്‍ ഫോണുകളിലേക്ക് നോക്കിയാണ് സമയം കൊല്ലുന്നത്. ചിലര്‍ മൊബൈലിലോ ടാബ്‌ലെറ്റിലോ ലാപ്‌ടോപിലോ സിനിമ കാണുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യും. ചിലര്‍ സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുക പുസ്തക വായനയിലൂടെ ആയിരിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ തങ്ങളുടെ ഫ്‌ലൈറ്റ് അനുഭവം കൂടുതല്‍ മനോഹരവും വിജ്ഞാനപ്രദവുമാക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും ഫൈ്‌ലറ്റ് യാത്രകളില്‍ ചിലര്‍ വെറുതെ ഇരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ഇതാണ് ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആയി വന്നിരിക്കുന്നത്. ഇതിനെ റോ-ഡോഗിംഗ് എന്ന് വിളിക്കുന്നു. ഇതിലൂടെ യാത്രക്കാര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും പറയുന്നു. വിമാനയാത്രയ്ക്കിടെ പുസ്തകം വായിക്കുകയോ സിനിമ കാസുകയോ പാട്ട് കേള്‍ക്കുകയോ ഉറങ്ങുകയോ ചെയ്യാതെ നിശബ്ദമായി ഇരിക്കുന്ന പ്രവണതയാണ് റോ-ഡോഗിംഗ്.

വിമാനത്തിന്റെ മാപ്പ് സ്‌ക്രീന്‍ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അതായത് വിമാനത്തിനകത്തെ മാപ്പ് മാത്രമേ നോക്കാന്‍ അനുവാദമുള്ളൂ. ഓരോ യാത്രക്കാരനും ഈ അവസ്ഥ എത്ര മണിക്കൂര്‍ പിന്തുടരുന്നു എന്നതിനെ അടിസ്ഥാനമാക്കി ഇത് ഒരു ട്രെന്‍ഡ് സൃഷ്ടിക്കുന്നു. പല നഗരങ്ങള്‍ക്കിടയിലുള്ള യാത്രാസമയം 10 മുതല്‍ 11 മണിക്കൂര്‍ വരെയുണ്ട്. ഈ സമയമത്രയും റോ-ഡോഗിംഗും ചെയ്യുന്നവര്‍ ഒത്തിരിയാണ്. അവര്‍ അത് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെക്കുന്നു.
ടിക്‌ടോക് ഇന്ത്യയില്‍ നിരോധിച്ചതിനാല്‍ അതിന്റെ തെളിവ് ഇവിടെ പങ്കുവെക്കാന്‍ നിര്‍വാഹമില്ല. റോ-ഡോഗിംഗിന്റെ ഏറ്റവും പ്രധാന ഗുണം എന്തെന്നാല്‍ ഇത് പിന്തുടരുന്നവരുടെ സ്‌ക്രീന്‍ സമയം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ്. ഇന്ന് ആളുകള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്നാണ് കൂടുതല്‍ സമയം മെബൈല്‍ ഫോണുകളില്‍ ചിലവഴിക്കുന്നത്. ലാപ്ടോപ്പും സെല്‍ഫോണും ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഗാഡ്ജെറ്റുകളുടെ അമിതമായ ഉപയോഗത്തിലൂടെ മനുഷ്യന്റെ സമയം പാഴാവുന്നുവെന്നും മനുഷ്യ മസ്തിഷ്‌കത്തില്‍ ആവശ്യമില്ലാത്ത വിവിധ കാര്യങ്ങള്‍ കുത്തി നിറക്കപ്പെടുന്നുവെന്നും പറയപ്പെടുന്നു.

ഒരു വ്യക്തിയുടെ സ്‌ക്രീന്‍ സമയം കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ പോലും ശുപാര്‍ശ ചെയ്യുന്നു. നമ്മള്‍ എത്ര സമയം ഗാഡ്ജറ്റുകളില്‍ ചെലവഴിക്കുന്നുവെന്ന് അറിയാനുള്ള സംവിധാനം ഇന്ന് ഓരോ ഉപകരണത്തിലുമുണ്ട്. അതുവഴി ചിലര്‍ തങ്ങളുടെ സ്‌ക്രീന്‍ ടൈം ട്രാക്ക് ചെയ്യുന്നു. വിമാന യാത്രകളില്‍ മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തതിനാല്‍ മനുഷ്യന്‍മാര്‍ പൊതുവേ മൊബൈല്‍ സ്‌ക്രീനിലേക്ക് മുഖം പൂഴ്ത്തുകയാണ് ചെയ്യുന്നത്. ഇത് തലച്ചോറിന് അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് പുതിയ ട്രെന്‍ഡിന്റെ വരവ്. ഈ ട്രെന്‍ഡ് പിന്തുടരുന്ന ഉപഭോക്താക്കള്‍ ഒരു വിമാനത്തില്‍ കയറുമ്പോള്‍ അവരുടെ നിയുക്ത സീറ്റില്‍ ഇരിക്കുന്നു. സെല്‍ഫോണ്‍ സ്‌ക്രീനിലോ മറ്റോ നോക്കാതെയും ഫൈ്‌ലറ്റ് സ്‌ക്രീന്‍ മാപ്പില്‍ മാത്രം നോക്കി സമാധാനത്തോടെ ഇരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.ആളുകള്‍ക്ക് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചിന്തിക്കാന്‍ ഇത് സമയം അവര്‍ വിനിയോഗിക്കുന്നു. ജീവിതത്തിലെ പ്രശ്‌നങ്ങളും പ്രായാസങ്ങളും തിരിച്ചറിയാനും അവയ്ക്കുള്ള പരിഹാരം കാണാനും ഈ സമയം ചെലവഴിക്കാം.
വിമാനയാത്രക്കിടയിലുള്ള സമയം വെറുതെ പാഴാക്കുന്നത് തടയാന്‍ പുതിയ ട്രെന്‍ഡ് സഹായിക്കുന്നു. കാരണം ചിന്തിക്കാനുള്ള ഈ സമയം കൊണ്ട് നിരവധി കാര്യങ്ങളില്‍ ആത്മപരിശോധന നടത്താന്‍ നമുക്ക് സാധിക്കുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സും സാധാരണക്കാരുമായ നിരവധിയാളുകള്‍ ഇത്തരത്തില്‍ സമയം വിനിയോഗിച്ചത് കൊണ്ട് തങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ചതായി പറയുന്നു. ജീവിതത്തില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കുകയും അതേ സമയം ആത്മപരിശോധന നടത്തുകയും ചെയ്യുന്നതിനാല്‍ ഇത്തരം യാത്രകള്‍ തങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
വിമാന യാത്രക്കാര്‍ക്കിടയില്‍ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുന്ന റോ-ഡോഗിംഗ് മനുഷ്യര്‍ക്ക് പ്രയോജനകരമാണെന്ന് പറയുന്നതിനാല്‍ അടുത്ത തവണ നിങ്ങള്‍ ഫ്‌ലൈറ്റ് യാത്ര നടത്തുമ്പോള്‍ ഇത് പരീക്ഷിച്ചുനോക്കൂ. ഇനി നിങ്ങള്‍ ഇക്കാര്യം പരീക്ഷിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അനുഭവം കമന്റ് ബോക്‌സിലൂടെ പങ്കുവെക്കൂ. മറ്റുള്ളവരും അറിയട്ടെ ഇൗ ട്രെന്‍ഡിന്റെ ഗുണങ്ങളും ദോഷങ്ങളും.


Click it and Unblock the Notifications








