ഇനി ഹേറ്റേഴ്‌സ് പോലും കളിയാക്കില്ല; 1000 കോടി ആസ്തിയുള്ള ക്രിക്കറ്ററുടെ സഞ്ചാരം ഇപ്പോള്‍ വാങ്ങാനാവാത്ത കാറിൽ
മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് വിരാട് കോഹ്‌ലി (Virat Kohli). ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഒഴികെ ഐസിസിയുടെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ കിംഗ് കോഹ്‌ലിക്ക് കിട്ടാക്കനിയായി നിന്നിരുന്ന മറ്റൊന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടൈറ്റില്‍ ആയിരുന്നു. 18 വര്‍ഷമായി ടീമിനൊപ്പം കൂറും വിശ്വാസവും പുലര്‍ത്തി നിന്ന വിരാട് കോഹ്‌ലിക്ക് വേണ്ടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ഈ വര്‍ഷം ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരുന്നു. 18 സീസണിലെ ട്രോഫി വരള്‍ച്ച അവസാനിച്ചത് ലക്ഷക്കണക്കിന് വരുന്ന ആര്‍സിബി ഫാന്‍സ് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിച്ചിരുന്നു.
എന്നാല്‍ ആ സന്തോഷത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയ ഒരു സംഭവം കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ നഗരത്തില്‍ അരങ്ങേറി. കിരീട വിജയം ആഘോഷിക്കാനായി ആര്‍സിബി നഗരത്തിലൂടെ വിക്ടറി പരേഡ് നടത്തിയിരുന്നു. ഇതിനിടെ ചിന്നസാമി സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 50 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയെ ഞെട്ടിച്ച ഈ സംഭവത്തിന് പിന്നാലെ ആര്‍സിബി ടീം മാനേജ്മെന്റും കര്‍ണാടക സര്‍ക്കാറും വിമര്‍ശനത്തിന് വിധേയമായി.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് ടീമിനെ സീകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ എത്തിച്ചേരുമെന്ന സൂചനയുണ്ടായിട്ടും മതിയായ സുരക്ഷയൊരുക്കാത്തതാണ് സര്‍ക്കാറിന് വിമര്‍ശനം വരാന്‍ കാരണം. കേസുമായി ബന്ധപ്പെട്ട് ആര്‍സിബി മാനേജ്‌മെന്റിലെ ഒരാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍സിബി നായകന്‍ അല്ലെങ്കിലും ടീമിന്റെ ഐക്കണ്‍ ആയ വിരാട് കോഹ്ലിയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഈ വൈറല്‍ വീഡിയോയില്‍ വിരാട് കോഹ്ലി ഒരു റേഞ്ച് റോവര്‍ ആഡംബര കാറില്‍ സഞ്ചരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ഈ വൈറല്‍ വീഡിയോ ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിന് മുമ്പാണോ അതോ ശേഷമാണോ എടുത്തതെന്ന് ഉറപ്പില്ല. എന്നിരുന്നാലും, വൈറല്‍ വീഡിയോയില്‍ നിരവധി നെറ്റിസണ്‍സ് കടുത്ത ഭാഷയില്‍ കോഹ്‌ലിയെ വിമര്‍ശിക്കുന്നുണ്ട്.

ഇത്രയും ആളുകള്‍ മരിച്ചപ്പോള്‍ താരങ്ങള്‍ എങ്ങിനെയാണ് ഒട്ടും ഖേദമില്ലാതെ സാധാരണ പോലെ പെരുമാറാന്‍ കഴിയുന്നതെന്നാണ് ഒരാള്‍ ചോദിക്കുന്നത്. ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹത്തിന് ഒരു ആഡംബര കാറില്‍ യാത്ര ചെയ്യാന്‍ കഴിയുന്നതെങ്ങിനെയാണെന്നാണ് ഒരു നെറ്റിസണ്‍ എഴുതിയത്. വിരാട് കോഹ്‌ലി ഇന്ത്യ വിടണമെന്ന് വരെ പറയുന്നവരുണ്ട്. ഒരു വശത്ത് വിവാദം കൊഴുക്കുമ്പോള്‍ കോഹ്ലി സഞ്ചരിച്ച ആഡംബര കാറിനെ കുറിച്ച് തിരയുന്ന ആരാധകരും കുറവല്ല.
മുകളില്‍ സൂചിപ്പിച്ചതുപോലെ, ഇതൊരു റേഞ്ച് റോവര്‍ കാറാണ്. വിരാട് കോഹ്ലി അതിന്റെ 4.4 വോഗ് SE ഡീസല്‍ LWB വേരിയന്റിലാണ് സഞ്ചരിച്ചത്. ഈ കാര്‍ നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയിലില്ല. ഇന്ത്യയില്‍ അവസാനമായി വില്‍പ്പനയ്ക്കെത്തിയപ്പോള്‍ 2.71 കോടി രൂപയായിരുന്നു ഈ കാറിന്റെ എക്സ്ഷോറൂം വില.2018 നവംബറില്‍ വിരാട് കോഹ്‌ലിയുടെ പേരില്‍ തന്നെയാണ് ഈ റേഞ്ച് റോവര്‍ വോഗ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈ കാറില്‍ 4.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. പരമാവധി 335 bhp പവറും 740 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 86 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കും ഈ കാറിലുണ്ട്. ഈ കാറിന്റെ നീളം 5,200 mm ആണ്.
നീളമുള്ള കാറായതിനാല്‍ അകത്തളത്തില്‍ ധാരാളം ഇടം ലഭിക്കും. ആകെ 5 പേര്‍ക്ക് ഈ കാറില്‍ സുഖമായി സഞ്ചരിക്കാം. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ ഈ കാറിലുണ്ട്. ഓള്‍-വീല്‍ ഡ്രൈവ് സംവിധാനമുള്ള ഒരു കാറാണിത്. അതിനാല്‍ തന്നെ ഏത് ദുര്‍ഘടമായ പാതയിലൂടെയും നിങ്ങള്‍ക്ക് ഈ കാര്‍ കൊണ്ടുപോകാം. ആഡംബരത്തിന്റെയും പെര്‍ഫോമന്‍സിന്റെയും സംയോജനമായ ഈ കാര്‍ കോഹ്‌ലിയെ കൂടാതെ മറ്റ് നിരവധി സെലിബ്രിറ്റികളും സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം ടെസ്റ്റ് ക്രിക്കറ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ കോഹ്‌ലി രണ്ട് കാറുകള്‍ ഒരുമിച്ച് വാങ്ങിയത് വാര്‍ത്തയായിരുന്നു. കിയ കാര്‍ണിവലും ടൊയോട്ട ഫോര്‍ച്യൂണറും ഒന്നിച്ച് വാങ്ങാനായി 2 കോടിക്ക് മുകളിലാണ് താരം പൊടിച്ചത്. ഫോര്‍ബ്‌സിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ കായിക താരമാണ് വിരാട്. 110 മില്യണ്‍ ഡോളര്‍ അതായത് 1000 കോടി രൂപയ്ക്കടുത്താണ് 36-കാരന്‍. അതുകൊണ്ട് തന്നെ അത്രയും റിച്ചായ ഗരാജും താരത്തിനുണ്ട്.


Click it and Unblock the Notifications








