E20 പെട്രോൾ അടിച്ചാൽ ടാങ്കിൽ ഉറുമ്പ് കയറുമോ? സോഷ്യൽ മീഡിയ പ്രചാരണത്തിന് പിന്നിലെ സത്യം അറിയാം
ഇന്ത്യന്‍ വാഹന വിപണിയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് എഥനോള്‍ ചേര്‍ത്ത E20 പെട്രോള്‍ (E20 Petrol). ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാനും കാര്‍ഷിക മേഖലയെ സഹായിക്കാനും സര്‍ക്കാര്‍ ഈ നീക്കം ശക്തമാക്കുമ്പോള്‍, ഇതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ ഇപ്പോഴും ഒട്ടനവധി സംശയങ്ങളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എഥനോള്‍ പെട്രോളുമായി ബന്ധപ്പെട്ട് തികച്ചും വിചിത്രമായ ഒരു വാദം അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്നതിനാല്‍ E20 പെട്രോള്‍ അടങ്ങിയ വാഹനങ്ങളിലേക്ക് ഉറുമ്പുകള്‍ ആകര്‍ഷിക്കപ്പെടുന്നു എന്ന രീതിയിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് വാഹന ഉടമകള്‍ക്കിടയില്‍ ഇപ്പോള്‍ വലിയ ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ഞങ്ങളുടെ വായനക്കാരനായ ഹരി കൃഷും ഇതേ സംശയം ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് ഈ വിഷയത്തിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. കരിമ്പ് പോലുള്ള കാര്‍ഷിക വിളകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിനാല്‍ എഥനോളില്‍ പഞ്ചസാരയുടെ അംശം ഉണ്ടാകുമെന്നും ഇത് പ്രാണികളെ ആകര്‍ഷിക്കുമെന്നുമാണ് പൊതുവെ പലരും തെറ്റിദ്ധരിച്ചത്.
വാഹനം ദീര്‍ഘനാള്‍ ഓടിക്കാതെ ഇട്ടാല്‍ ഫ്യുവല്‍ ടാങ്കിലേക്ക് ഉറുമ്പുകള്‍ കൂട്ടത്തോടെ ഇരച്ചുകയറുമെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ പ്രധാന അവകാശവാദം. എന്നാല്‍ മോട്ടോര്‍സൈക്കിളുകള്‍ ആഴ്ചകളോളം ഉപയോഗിക്കാതെ നിര്‍ത്തിയിട്ട സാഹചര്യങ്ങളില്‍ പോലും ഫ്യുവല്‍ ക്യാപ്പിന് സമീപം ഒരൊറ്റ ഉറുമ്പിനെ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത.

ഭാരത് പെട്രോളിയത്തിന്റെ വിശദീകരണം
പ്രചാരണം ശക്തമായതോടെ രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (BPCL) ഈ വിഷയത്തില്‍ ശാസ്ത്രീയ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പെട്രോളില്‍ കലര്‍ത്താന്‍ ഉപയോഗിക്കുന്ന ഫ്യുവല്‍ ഗ്രേഡ് എഥനോള്‍ കടുത്ത ഫെര്‍മെന്റേഷന്‍ (പുളിപ്പിക്കല്‍), ഡിസ്റ്റിലേഷന്‍ (വാറ്റിയെടുക്കല്‍) പ്രക്രിയകളിലൂടെയാണ ഉത്പാദിപ്പിക്കുന്നത്.
ഈ സങ്കീര്‍ണമായ ഉല്‍പ്പാദന പ്രക്രിയയില്‍ തന്നെ അസംസ്‌കൃത വസ്തുക്കളിലെ പഞ്ചസാരയുടെയും മധുരത്തിന്റെയും അവശിഷ്ടങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കപ്പെടുന്നുണ്ടെന്ന് ബിപിസിഎല്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ, ഈ ഇന്ധനത്തില്‍ ചേര്‍ക്കുന്ന ചില പ്രത്യേക ഡെനാച്ചുറന്റുകള്‍ പ്രാണികളെയും ഉറുമ്പുകളെയും സ്വാഭാവികമായി തന്നെ അകറ്റി നിര്‍ത്താന്‍ ശേഷിയുള്ള രാസഘടകങ്ങളാണ്.
പെട്രോള്‍ ഗന്ധവും സാങ്കേതിക വശങ്ങളും
ഇനി ഇതിന്റെ ഗന്ധത്തെ കുറിച്ച് പറയുകയാണെങ്കില്‍, എഥനോള്‍ കലര്‍ത്തിയാലും പെട്രോളിന്റെ തീക്ഷ്ണമായ ഹൈഡ്രോകാര്‍ബണ്‍ മണം തന്നെയാണ് എപ്പോഴും മുന്നിട്ടു നില്‍ക്കുക. ഈ ശക്തമായ ഗന്ധം കാരണം ഉറുമ്പുകള്‍ക്കോ മറ്റ് പ്രാണികള്‍ക്കോ ഇന്ധന ടാങ്കിന് സമീപത്തേക്ക് വരാന്‍ സാധിക്കില്ല എന്നതാണ് ശാസ്ത്രീയ വശം.
മാത്രമല്ല, സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോള്‍ കലര്‍ത്തിയ E20 ഇന്ധനത്തില്‍ നീരാവി രൂപപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടു തന്നെ E20 പെട്രോള്‍ കാരണം വണ്ടിയുടെ ടാങ്കിലും ഫില്ലര്‍ ക്യാപ്പിലും ഉറുമ്പുകള്‍ വട്ടമിടുമെന്ന വാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് പെട്രോളിയം കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നു.

എഥനോള്‍ ഇന്ധനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉറുമ്പുകള്‍ കയറില്ലെങ്കിലും E20 ഇന്ധനം ഉപയോഗിക്കുമ്പോള്‍ വാഹനങ്ങളുടെ സുരക്ഷയ്ക്കായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് എപ്പോഴും നല്ലതാണ്. നിങ്ങളുടെ യഥാര്‍ത്ഥ ആവശ്യത്തിന് അനുസരിച്ച് മാത്രം ഇന്ധനം നിറയ്ക്കാന്‍ ശ്രദ്ധിക്കുക. ആഴ്ചകളോളം വാഹനം പൂര്‍ണമായും ഉപയോഗിക്കാതെ ഇടുമ്പോള്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.
അന്തരീക്ഷത്തിലെ ഈര്‍പ്പം വേഗത്തില്‍ ആഗിരണം ചെയ്യാനുള്ള എഥനോളിന്റെ ശേഷി ദീര്‍ഘനാള്‍ കൊണ്ട് ടാങ്കിനുള്ളില്‍ നേരിയ തുരുമ്പെടുക്കലിന് കാരണമായേക്കാം. അതുകൊണ്ട് കൃത്യസമയത്തോ അല്ലെങ്കില്‍ നിശ്ചിത കാലാവധിക്ക് മുമ്പോ തന്നെ വണ്ടിയുടെ ഫ്യുവല്‍ ഫില്‍ട്ടറുകളും എഞ്ചിന്‍ ഓയിലും മാറ്റി വാഹനം കൃത്യമായി സര്‍വീസ് ചെയ്യാന്‍ ഉടമകള്‍ ശ്രദ്ധിക്കണം.
സാധാരണ പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ എഥനോള്‍ മിശ്രിതങ്ങള്‍ക്ക് കലോറി മൂല്യം അല്‍പ്പം കുറവായതിനാല്‍ ആക്‌സിലറേഷറേറ്ററില്‍ നന്നായി അമര്‍ത്തി ഓടിക്കുന്നത് മൈലേജ് കുറയാന്‍ കാരണമായേക്കും. ചുരുക്കത്തില്‍, സാമൂഹിക മാധ്യമങ്ങളിലെ അടിസ്ഥാനരഹിതമായ വ്യാജ പ്രചാരണങ്ങള്‍ കണ്ട് ഒട്ടും പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് വാഹന ഉടമകള്‍ മനസിലാക്കേണ്ടത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗിച്ചാല്‍ പുതിയ E20 പെട്രോള്‍ തികച്ചും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications