E85 എഥനോൾ ഇന്ധനം അടിച്ചാൽ വണ്ടിയുടെ മൈലേജും പവറും കുറയുമോ? വായനക്കാരുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ...
രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ശക്തമാക്കുന്നതിനും വിദേശത്തുനിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി പരമാവധി കുറയ്ക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇപ്പോള്‍ കൂടുതല്‍ എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങളും ഫ്ലക്സ്-ഫ്യുവല്‍ വാഹനങ്ങളും രാജ്യത്ത് സജീവമാക്കാന്‍ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിച്ച് വരുന്നു. എന്നാല്‍, ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് വാഹനങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ ഇന്നും നിരവധി തെറ്റായ ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്.
പ്രത്യേകിച്ച് E85 (85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ മിശ്രിതം) പോലുള്ള ഇന്ധനങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് എഞ്ചിനെയും മൈലേജിനെയും ദോഷകരമായി ബാധിക്കുമോ എന്ന് പല വാഹന ഉടമകളും സംശയിക്കുന്നു. ഡ്രൈവ്‌സ്പാര്‍ക്ക് ഇംഗ്ലീഷിന്റെ വായനക്കാരില്‍ ഒരാളായ ആര്‍എസ്‌വി വിനോദ് ഉന്നയിച്ച ചോദ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം അനുമാനങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ എന്തൊക്കെയാണെന്ന് ഈ നമുക്ക് വിശദമായി പരിശോധിക്കാം.

ഉയര്‍ന്ന ഒക്ടേന്‍ റേറ്റിംഗും എഞ്ചിന്‍ പെര്‍ഫോമന്‍സും
ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങിയ ഇന്ധനം എഞ്ചിന്‍ പെര്‍ഫോമന്‍സ് കുറയ്ക്കുമെന്ന ധാരണ പൂര്‍ണമായും തെറ്റാണ്. യഥാര്‍ത്ഥത്തില്‍ വണ്ടിപ്രാന്തന്‍മാര്‍ ഇതിനെ ചെലവ് കുറഞ്ഞ പെര്‍ഫോമന്‍സ് ഇന്ധനമായിട്ടാണ് കാണുന്നത്. സാധാരണ പെട്രോളിനേക്കാള്‍ ഉയര്‍ന്ന ഒക്ടേന്‍ റേറ്റിംഗ് (ഏകദേശം 100 മുതല്‍ 105 RON വരെ) എഥനോളിന് ഉണ്ട് എന്നതാണ് ഇതിന് പ്രധാന കാരണം.
ഈ ഉയര്‍ന്ന ഒക്ടേന്‍ റേറ്റിംഗ് കാരണം, ഫ്ലക്സ്-ഫ്യുവല്‍ എഞ്ചിനുകള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഉയര്‍ന്ന ലോഡിലും എഞ്ചിന്‍ നോക്കിംഗ് (Knocking) തടയാനും സാധിക്കും. കൂടാതെ, എഥനോളിന്റെ ഉയര്‍ന്ന വേപ്പറൈസേഷന്‍ ശേഷി എഞ്ചിന്റെ കംബസ്റ്റന്‍ ചേമ്പറിനെ കൂടുതല്‍ ശീതീകരിച്ച് നിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ ഇത് മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ സഹായിക്കും.
സാധാരണ പെട്രോള്‍ പൂര്‍ണമായി നിര്‍ത്തലാക്കുമോ?
ഫ്ലക്സ്-ഫ്യുവല്‍ വാഹനങ്ങളും E85 ഇന്ധനവും വിപണിയില്‍ എത്തുന്നതോടെ സാധാരണ പെട്രോള്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് പലരും ഭയപ്പെടുന്നുണ്ട്. എന്നാല്‍ ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ന്ന ഇന്ധനങ്ങള്‍ വിപണിയില്‍ എത്തിയാലും നിലവിലുള്ള E20 പെട്രോള്‍ പോലുള്ള പരമ്പരാഗത ഇന്ധനങ്ങള്‍ സാധാരണ പോലെ തന്നെ വരും വര്‍ഷങ്ങളിലും വിപണിയില്‍ ലഭ്യമാകുമെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കുന്നു.
ഉപഭോക്താക്കളുടെ വാഹന എഞ്ചിന് അനുയോജ്യമായ ഇന്ധനം തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന രീതിയിലാണ് എണ്ണക്കമ്പനികള്‍ രാജ്യത്തെ വിതരണ ശൃംഖല വികസിപ്പിക്കുന്നത്. അതിനാല്‍ പുതിയ ഇന്ധനം വിപണിയില്‍ വരുന്നത് പഴയ വാഹനങ്ങളുടെ ഇന്ധന ലഭ്യതയെ ഒരിക്കലും ദോഷകരമായി ബാധിക്കില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

E85 ഇന്ധനം എല്ലാവര്‍ക്കും നിര്‍ബന്ധമാക്കുമോ?
മറ്റൊരു പ്രധാന മിഥ്യാധാരണ, ഭാവിയില്‍ എല്ലാ വാഹന ഉടമകളും നിര്‍ബന്ധമായും E85 പോലുള്ള ഉയര്‍ന്ന എഥനോള്‍ ഇന്ധനങ്ങളിലേക്ക് മാറേണ്ടി വരും എന്നതാണ്. എന്നാല്‍ E85 ഇന്ധനം സാധാരണ കാറുകള്‍ക്കോ ബൈക്കുകള്‍ക്കോ ഉള്ളതല്ല. ഉയര്‍ന്ന എഥനോള്‍ സാന്ദ്രത താങ്ങാന്‍ തക്കവണ്ണം പ്രത്യേകം മെക്കാനിക്കലായി രൂപകല്‍പ്പന ചെയ്ത ഫ്ലക്സ്-ഫ്യുവല്‍ വാഹനങ്ങള്‍ക്ക് (FFV) വേണ്ടി മാത്രമുള്ളതാണത്.
എഥനോളിന്റെ പ്രത്യേക രാസഗുണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്രത്യേക ഫ്യുവല്‍ ലൈനുകളും മെറ്റീരിയലുകളുമാണ് ഫ്ലക്സ്-ഫ്യുവല്‍ എഞ്ചിനുകളില്‍ ഉപയോഗിക്കുന്നത്. സാധാരണ പെട്രോള്‍ എഞ്ചിനുകള്‍ ഇത്തരം ഇന്ധന മിശ്രിതങ്ങള്‍ ഉപയോഗിക്കാന്‍ പാകത്തിലല്ലാത്തതിനാല്‍ പഴയ വാഹനം ഉപയോഗിക്കുന്നവര്‍ ഈ ഇന്ധനം നിര്‍ബന്ധമായി ഉപയോഗിക്കേണ്ട സാഹചര്യം ഒട്ടും തന്നെ ഉണ്ടാകില്ല.
ഫ്ലക്സ്-ഫ്യുവല്‍ സാങ്കേതികവിദ്യ
ഫ്ലക്സ്-ഫ്യുവല്‍ സാങ്കേതികവിദ്യ എന്നത് ഇപ്പോഴും പരീക്ഷണഘട്ടത്തിലുള്ള ഒന്നാണെന്ന് കരുതുന്നവരും കുറവല്ല. എന്നാല്‍ ആഗോളതലത്തില്‍ പതിറ്റാണ്ടുകളായി വിജയകരമായി ഉപയോഗിച്ചുവരുന്ന ഒന്നാണിത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എഥനോള്‍ അധിഷ്ഠിത ഇന്ധനങ്ങളും ഫ്ലക്സ്-ഫ്യുവല്‍ വാഹനങ്ങളും ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. അവിടെ ഭൂരിഭാഗം വാഹനങ്ങളും ഇത്തരം ഒന്നിലധികം ഇന്ധന മിശ്രിതങ്ങളിലാണ് സുഗമമായി ഓടുന്നത്.
ബ്രസീലിയന്‍ മാതൃക പിന്തുടര്‍ന്ന് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളും ഇപ്പോള്‍ ഫ്ലക്സ്-ഫ്യുവല്‍ സാങ്കേതികവിദ്യയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. നമ്മുടെ രാജ്യത്തെ കടുത്ത കാലാവസ്ഥയ്ക്കും റോഡുകള്‍ക്കും അനുയോജ്യമായ രീതിയില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ തക്കവണ്ണമാണ് ഇന്ത്യന്‍ വാഹന നിർമാതാക്കൾ തങ്ങളുടെ എഞ്ചിനുകള്‍ ഇപ്പോള്‍ പരിഷ്‌കരിക്കുന്നത്.

ഇന്ധനക്ഷമതയും കുറഞ്ഞ വിപണി വിലയും
പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ എഥനോളിന് ഊര്‍ജ്ജ സാന്ദ്രത കുറവായതിനാല്‍ ഒരു ലിറ്റര്‍ E85 ഇന്ധനത്തില്‍ നിന്നും ലഭിക്കുന്ന മൈലേജ് സാധാരണ പെട്രോളിനേക്കാള്‍ അല്‍പ്പം കുറവായിരിക്കുമെന്നത് വാസ്തവമാണ്. എന്നാല്‍ ഈ കുറവ് നികത്താന്‍ തക്കവണ്ണം പെട്രോളിനേക്കാള്‍ വളരെ കുറഞ്ഞ വിലയിലായിരിക്കും എഥനോള്‍ കലര്‍ന്ന ഇന്ധനങ്ങള്‍ വിപണിയില്‍ വിതരണം ചെയ്യുക.
ഇതുവഴി വാഹനത്തിന്റെ മൈലേജ് അല്‍പ്പം കുറഞ്ഞാലും കുറഞ്ഞ ഇന്ധനച്ചിലവ് കാരണം കിലോമീറ്റര്‍ അടിസ്ഥാനമാക്കിയുള്ള മൊത്തം റണ്ണിംഗ് കോസ്റ്റ് (Running Cost) സാധാരണ പെട്രോള്‍ വാഹനങ്ങള്‍ക്ക് സമാനമായി തന്നെ നിലനില്‍ക്കും. ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹന ഉടമകളെ സംബന്ധിച്ച് ഇന്ധന ലഭ്യതയിലെ വഴക്കവും പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ തങ്ങളെ കൊണ്ടാവുന്നത ചെയ്യാന്‍ സാധിക്കുന്നു എന്നതുമാണ് നേട്ടം.
ഊര്‍ജ്ജ സുരക്ഷയിലേക്കുള്ള വലിയ ചുവടുവെപ്പ്
ഭാവിയില്‍ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും എഥനോള്‍ കലര്‍ത്തിയ ഇന്ധനങ്ങള്‍ വലിയ പങ്കുവഹിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. എഞ്ചിന്‍ പെര്‍ഫോമന്‍സിനെയും മൈലേജിനെയും കുറിച്ചുള്ള ആശങ്കകള്‍ യഥാര്‍ത്ഥ വസ്തുതകളെ കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നും ഉടലെടുക്കുന്നത് മാത്രമാണ്. ആധുനിക സാങ്കേതികവിദ്യകളെ കുറിച്ച് കൃത്യമായി മനസ്സിലാക്കി അനുയോജ്യമായ ഇന്ധനം തിരഞ്ഞെടുക്കുക വഴി ഓരോ പൗരനും സാമ്പത്തിക ലാഭത്തോടൊപ്പം ഹരിത വിപ്ലവത്തിന്റെ ഭാഗമാകാനും സാധിക്കും.


Click it and Unblock the Notifications