ചെവിക്ക് സമാധാനം കിട്ടണമെങ്കില്‍ ഇനി സീറ്റ്‌ബെല്‍റ്റ് ധരിച്ചോ! നിര്‍ണായക ഉത്തരവുമായി കേന്ദ്രം
റോഡ് ഉപയോക്താക്കളുടെ സേഫ്റ്റി പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് വരാറുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ടാറ്റ സണ്‍സ് ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രി കാര്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെ കാറുകളുടെ റിയര്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇപ്പോള്‍ കാറുകളില്‍ പിന്‍ സീറ്റ്‌ബെല്‍റ്റ് അലാറം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് കരട് വിജഞാപനം പുറത്തിറങ്ങി.
ഇത് പ്രകാരം 2025 ഏപ്രില്‍ 1 മുതല്‍ നിര്‍മ്മിക്കുന്ന എല്ലാ കാറുകള്‍ക്കും പിന്‍ സീറ്റ്‌ബെല്‍റ്റ് അലാറം സൗകര്യം ഉണ്ടായിരിക്കണമെന്നാണ് ഗതാഗത മന്ത്രാലയം അനുശാസിക്കുന്നത്. ഇന്ത്യന്‍ നിയമമനുസരിച്ച് കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ പലരും ഇതിന് വിസമ്മതിക്കുന്നു. നിലവില്‍ കാറുകളിലും മുന്‍നിരയില്‍ സീറ്റ്‌ബെല്‍റ്റ് അലാറം ഇന്‍ബില്‍റ്റായി വരുന്നു. ഡ്രൈവറും ഫ്രണ്ട് സീറ്റ് പാസഞ്ചറും സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാറം മുഴുങ്ങുന്നു.

അരോചകമായ ഈ ശബ്ദം നിമിത്തവും പിഴയില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയുമായി ഒരുപാട് പേര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നു. പിന്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന സൈറസ് മിസ്ത്രി അപകടത്തില്‍ പെടുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു രാജ്യത്ത് റിയര്‍ സീറ്റ്‌ബെല്‍റ്റ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയത്. പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹന നിയമപ്രകാരം 1000 രൂപ പിഴ ചുമത്താം.
എന്നാല്‍ ഫോര്‍വീലറുകളില്‍ യാത്ര ചെയ്യുന്ന ഭൂരിഭാഗം ആളുകളും മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ മാത്രം സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മതിയെന്ന തെറ്റിദ്ധാരണയാണ് വെച്ചുപലര്‍ത്തുന്നത്. അധികാരികളും ഇത് കാര്യമായി ഗൗരവിത്തിലെടുക്കാത്തതിനാല്‍ യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ സഞ്ചരിക്കുന്നു. സീറ്റ്‌ബെല്‍റ്റിന്റെ അഭാവം നിമിത്തം റോഡപകടങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കാനോ ഒരുപക്ഷേ മരണം വരെ സംഭവിക്കാനോ സാധ്യതയുണ്ട്. ഇതിന് തടയിടാനാണ് കാറുകളില്‍ പിന്‍ സീറ്റ്‌ബെല്‍റ്റ് അലാറം സൗകര്യം ഏര്‍പ്പെടുത്താന്‍ കാര്‍ നിര്‍മാതാക്കളോട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

പിന്‍സീറ്റ് യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ ഒരു അലാറം മുഴക്കി അത് ഓര്‍മപ്പെടുത്തുന്നതാണ് ഈ ഫീച്ചര്‍. മുകളില്‍ സൂചിപ്പിച്ച പോലെ ഇതൊരു ഓര്‍മപ്പെടുത്തലാണ്. അലാറത്തിന്റെ മുഴക്കം നിലക്കാന്‍ വേണ്ടിയാണെങ്കില്‍ അതിനായി യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കുമെന്ന് കരുതാം. ഈ ഒരു ഫീച്ചര്‍ കാറുകളില്‍ ഉള്‍പ്പെടുത്തുന്നതോടെ വാഹനാപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ കരുതുന്നത്.
ലോകത്ത് റോഡപകടങ്ങളില്‍ മരിക്കുന്നവരുടെയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നവരുടെയും കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടാണ് റിയര്‍ സീറ്റ്‌ബെല്‍റ്റ് അലാറം പോലുള്ള ഫീച്ചറുകള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നത്. ഇതുപോലെ തന്നെ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന കാറുകളില്‍ 6 എയര്‍ബാഗുകള്‍ 3 പോയിന്റ് സീറ്റ്‌ബെല്‍റ്റും നിര്‍ബന്ധമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. സൈറസ് മിസ്ത്രിയുടെ ദാരുണ അന്ത്യത്തിന് പിന്നാലെ ആയിരുന്നു ഈ നീക്കവും.

എന്നാല്‍ കാറുകളുടെ നിര്‍മാണച്ചെലവ് കൂടുമെന്ന് കാണിച്ച് കാര്‍ നിര്‍മാതാക്കള്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കാനുള്ള നീക്കത്തെ എതിര്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ഈ നിയമം പ്രാബ്യത്തില്‍ വരുന്നത് വൈകുന്നു. പുതിയ വ്യവസ്ഥകളൊന്നും ചേര്‍ക്കാതെ, പിന്‍സീറ്റ് ബെല്‍റ്റ് അലാറം നടപ്പിലാക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും പുതിയ കരട് വിജ്ഞാപനം.
ഡ്രൈവര്‍ക്കും ഫ്രണ്ട് യാത്രക്കാര്‍ക്കും ഇന്‍-ബില്‍റ്റ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ഇതിനകം നിര്‍ബന്ധമാണെങ്കിലും പിന്‍സീറ്റ് യാത്രക്കാര്‍ക്കിടയില്‍ സുരക്ഷാ അവബോധം വര്‍ദ്ധിപ്പിക്കാന്‍ ഈ പുതിയ ഉത്തരവ് വഴി ലക്ഷ്യമിടുന്നു.റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ഈ സംരംഭം യാത്രക്കാരുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നതിനാല്‍ തന്നെ ഞങ്ങള്‍ ഇതിനെ സ്വാഗതം ചെയ്യുന്നു.

അപകടങ്ങളില്‍ യാത്രക്കാരുടെ ജീവന് സംരക്ഷണകവചമൊരുക്കുമെന്ന് ഇതിനോടകം തെളിയിച്ച സീറ്റ്‌ബെല്‍റ്റ് പോലൊരു ഫീച്ചര്‍ വാഹനത്തിനുള്ളിലെ എല്ലാ യാത്രക്കാരും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഉണര്‍ത്തിക്കുകയാണ് ഇത്. പിന്‍സീറ്റ് ബെല്‍റ്റ് അലാറം നിര്‍ബന്ധമാക്കുന്നത് കൊണ്ട് കാറുകളുടെ വില വന്‍തോതില്‍ ഉയരാന്‍ സാധ്യതയില്ല. എന്നിരുന്നാലും നേരിയ തോതിലുള്ള വര്‍ധന ഉണ്ടായോക്കാം.
കാറുകളില്‍ പല നൂതന സുരക്ഷാ സാങ്കേതികവിദ്യകള്‍ വരുന്നുണ്ടെങ്കിലും അവയുടെ കുറ്റമറ്റ പ്രവര്‍ത്തനത്തിന് സീറ്റ്‌ബെല്‍റ്റ് ധരിക്കുക പോലുള്ള അടിസ്ഥാന സുരക്ഷ നടപടികള്‍ നാം കൈക്കൊള്ളേണ്ടതുണ്ട്. സീറ്റ്‌ബെല്‍റ്റും എയര്‍ബാഗും തമ്മിലുള്ള ബന്ധം തന്നെ ഉദാഹരണം. ഏതായാലും അധികാരികളുടെ ഈ നീക്കം നമ്മുടെ നിരത്തുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്ന കൂടുതല്‍ സമഗ്രമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് ഭാവിയില്‍ വഴിയൊരുക്കും.


Click it and Unblock the Notifications








