വാഗ്‌ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
വലിയ കാര്യത്തിൽ കൊട്ടിഘോഷിച്ച പരിപാടിയായിരുന്നു നവകേരള സദസ്സ്, അതിന് വേണ്ടി ഒന്നര കോടി രൂപ വിലയുളള ബസ് സജ്ജീകരിച്ചിരുന്നു, പരിപാടിക്ക് ശേഷം അത് മ്യൂസിയത്തിൽ സൂക്ഷിക്കുമെന്നും, ടൂറിസം വകുപ്പ് ഉപയോഗിക്കുമെന്നൊക്കെ കേട്ടെങ്കിലും മാസങ്ങളായി ബസ് പൊടിപിടിച്ചു കിടക്കുകയായിരുന്നു.പരാതികളുയർന്ന സാഹചര്യത്തിലാണ് ബസ് തൂത്ത് തുടച്ച് പുറത്തിറക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും കേരള പര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് യാത്രയ്ക്കുശേഷം പുതുക്കിപ്പണിയുന്നതിനായി കഴിഞ്ഞ ജനുവരിയില്‍ ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് കൈമാറിയിരുന്നു. കെഎസ്ആർടിസിയുടെ ടൂറിസം ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിലുളള മാറ്റങ്ങളാണ് വാഹനത്തിൽ വരുത്തിയിരിക്കുന്നത്.

എന്നാൽ ഗതാഗത മന്ത്രി മാറിയപ്പോൾ ബസിൻ്റെ കാര്യം മറന്നു എന്നാണ് തോന്നുന്നത്, മുഖ്യമന്ത്രിക്ക് ഇരിക്കുന്നതിന് വേണ്ടി അരലക്ഷം രൂപയുടെ സീറ്റ് ആയിരുന്നു ബസിൽ ഘടിപ്പിച്ചത്. ചെലവുകുറഞ്ഞ വിനോദസഞ്ചാര യാത്രകളിലൂടെ ശ്രദ്ധേയമായ കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. വേനല്‍ക്കാലമായതിനാല്‍ ബജറ്റ് ടൂറിസത്തിന് യാത്രക്കാര്‍ ഏറെയുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭാരത് ബെൻസിന്റെ O.F 1624 മോഡൽ ഷാസിയിലാണ് ഈ ബസ് നിർമ്മിച്ചിരിക്കുന്നത്. കർണാടകയിലെ മണ്ഡ്യയിലുള്ള പ്രകാശ് SM കണ്ണപ്പയുടെ ഫാക്ടറിയിലാണ് ഈ ഷാസിയുടെ മുകളിൽ ബസിന്റെ ബോഡി നിർമ്മിച്ചത്. ഏകദേശം 38 ലക്ഷം രൂപയാണ് ബസിന്റെ ഷാസിയുടെ എക്സ്-ഷോറൂം വില, അതോടൊപ്പം ഓൺ റോഡ് വില 44 ലക്ഷത്തിനടുത്ത് എത്തും.

ശുചിമുറി/ ബാത്ത്റൂം ഉൾപ്പടെയുള്ള സൗകര്യങ്ങളുമായിട്ടാണ് ബസ് വരുന്നത്. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് ഈ ബസിനായി സർക്കാർ ചെലവാക്കിയത്. ഈ തുകയെ ചൊല്ലി പ്രതിപക്ഷത്തിന്റെ എതിർപ്പ് ചില്ലറ അല്ലായിരുന്നു. വാഹനത്തെ കുറിച്ച് നമുക്ക് കൂടുതലായി നോക്കിയാൽ, മുന്നിലും പിന്നിലും രണ്ട് ഡോറുകളുമായിട്ടാണ് ബസ് വരുന്നത്.
കൂടാതെ കേരളത്തിന്റെ തനത് സംസ്കാരിക അടയാളങ്ങളാണ് ബസിന്റെ ബോഡിയിൽ ചിത്രീകരിച്ചിരിക്കുന്നത്. 240 bhp പരമാവധി കരുത്ത് പുറപ്പെടുവിക്കുന്ന 7200 സിസി എഞ്ചിനാണ് ഈ ബസിന്റെ ഹൃദയം, കൂടാതെ 380 ലിറ്റർ ഫ്യുവൽ കപ്പാസിറ്റിയും ഇതിനുണ്ട് എന്നത് ശ്രദ്ധേയമാണ്. 12 മീറ്ററോളമാണ് (12000 mm) ഈ നവകേരള ബസിന്റെ നീളം.
കോൺട്രാക്ട് കാര്യേജായിട്ടാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എങ്കിലും ഇത്തരം ബസുകൾക്ക് വ്യവസ്ഥ ചെയ്തിരിക്കുന്ന കളർ കോട് സംബന്ധിച്ച മാനദണ്ഡങ്ങൾ 'നവകേരള' ബസിന് ബാധകമാവില്ല. നിലവിലെ മാനദണ്ഡപ്രകാരം കോൺട്രാക്ട് കാര്യേജുകൾക്ക് വെള്ള നിറമാണ് അനുവദിച്ചിട്ടുള്ള, മാത്രമല്ല സ്റ്റിക്കറുകളും ഇവയിൽ പാടില്ല.രണ്ട് തരം എസി സജ്ജീകരണങ്ങളാണ് ബസിൽ ഉള്ളത്. ബസ് ഓടാതെ നിർത്തിയിടുന്ന സന്ദർഭങ്ങളിൽ പുറത്ത് നിന്നുള്ള ഇലക്ട്രിക് സോഴ്സുമായി ബന്ധിപ്പിച്ച് എസി പ്രവർത്തിപ്പിക്കുന്നതിനുള്ള സംവിധാനമാണ് അധികമായി വാഹനത്തിൽ ഏർപ്പെടുത്തിയത്.
ബസ് ഓടുന്ന അവസരങ്ങളിൽ എഞ്ചിനിൽ നിന്നുള്ള ഊർജം കൊണ്ട് എസി പ്രവർത്തിപ്പിക്കുന്ന നിലവിലെ നോർമൽ സംവിധാനത്തിന് പുറമേയാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രീസ് സ്റ്റാൻഡേർഡ്സ് (AIS) പ്രകാരം ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്, അതോടൊപ്പം തന്നെ ബസിനുള്ളിൽ 180 ഡിഗ്രിയിൽ തിരിയുന്ന സീറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സർക്കാറിനും സർക്കാർ നിർദേശിക്കുന്ന VVIP -കൾക്കും ബസ് ആവശ്യപ്പെടുമ്പോൾ വിട്ടുനൽകണം എന്നാണ് വ്യവസ്ഥ. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായാണ് കോൺട്രാക്ട് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് എന്താണ് ഇതിനെ പറ്റി പറയാനുളളത്. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








