വിദേശത്തെ ട്രക്കുകള്‍ക്ക് '5 സ്റ്റാര്‍' സൗകര്യങ്ങള്‍, ഇന്ത്യയില്‍ എസി പോലുമില്ല! കാരണം അറിയാമോ?
ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ഗതാഗത രംഗം. അതില്‍ തന്നെ ട്രക്കുകള്‍ അടക്കമുള്ള ചരക്കു വാഹനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് ഡീസല്‍ വില ഉയരുമ്പോള്‍ അത് ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നത്. ഒത്തിരിയാളുകളാണ് ട്രക്കുകളില്‍ ഡ്രൈവര്‍മാരും ക്ലീനര്‍മാരും മറ്റുമായി ജോലി ചെയ്യുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളിലെ ട്രക്കുകളില്‍ പല തരത്തിലുള്ള സൗകര്യങ്ങളുണ്ടെന്ന് നിങ്ങള്‍ പലപ്പോഴും കേട്ടിട്ടുണ്ടാകും. എസി, ടിവി, ഫ്രിഡ്ജ് എന്നിവ ഘടിപ്പിച്ച ട്രക്കുകള്‍ ഓടിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ വീഡിയോകള്‍ കണ്ടിട്ടുണ്ടാകും. യൂറോപ്പിലടക്കം നിരവധി മലയാളികളും ഇത്തരം വലിയ ട്രക്കുകളില്‍ ജോലി ചെയ്യുന്നുണ്ട്.
അവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തങ്ങള്‍ ഓടിക്കുന്ന ട്രക്കുകളിലെ നൂതന സൗകര്യങ്ങള്‍ അടക്കം വിശദീകരിക്കാറുണ്ട്. ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകും പാശ്ചാത്യ രാജ്യങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഇന്ത്യയിലെ ട്രക്ക് ഡ്രൈവര്‍മാരേക്കാള്‍ മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നത്. അതേസമയം ഇന്ത്യയിലെ ട്രക്ക് ഡ്രൈവര്‍മാരുടെ സ്ഥിതി അത്ര നല്ലതല്ലെന്ന് വേണം കരുതാന്‍. നമ്മുടെ രാജ്യത്തെ ട്രക്കുകളില്‍ ഇന്നും എയര്‍ കണ്ടീഷനര്‍ പോലുള്ള അവശ്യ ഫീച്ചറുകള്‍ ലഭ്യമല്ലെന്നതാണ് സത്യം.

ഇന്ത്യയിലും അധികം വൈകാതെ ട്രക്കുകളിലും ലോറികളിലും എസി നിര്‍ബന്ധമാകാന്‍ പോകുകയാണ്. എന്നിരുന്നാലും ഇന്ത്യയെ പോലെ അത്യന്തം ഉഷണം നിറഞ്ഞ കാലാവസ്ഥയുള്ള ഇന്ത്യയിലെ ട്രക്കുകളില്‍ എസിയില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാ?. അതിന് ചില കാരണങ്ങളുണ്ട്. അതാണ് ഇനി വിശദീകരിക്കാന്‍ പോകുന്നത്. ട്രക്കുകളില്‍ എസിയെ ഇന്നും ആഡംബര ഫീച്ചറായി കണക്കാക്കുന്നതിന് പിന്നില്‍ രണ്ട് പ്രധാന കാരണങ്ങളാണുള്ളത്.
തുടക്കത്തില്‍ പറഞ്ഞ പോലെ നമ്മുടെ നാട്ടില്‍ സാധനങ്ങളുടെ വില നിശ്ചയിക്കുന്നത് ഡീസല്‍ വിലയാണ്. അതുകൊണ്ട് തന്നെ ഓരോ തുള്ളി ഡീസലും ലാഭിക്കാനാണ് ട്രക്ക് മുതലാളിമാര്‍ ശ്രമിക്കുക. ഡീസല്‍ ചെലവുകള്‍ കുറച്ചാല്‍ അതുവഴി ലാഭം കൂട്ടുകയും ചെയ്യാം. ഒരു ട്രക്ക് ഓടിക്കാനുള്ള ചെലവിന്റെ 60 ശതമാനം ഇന്ധനത്തിനാണ് ചെലവഴിക്കുന്നത്. ട്രക്കില്‍ എസി ഉപയോഗിച്ചാല്‍ എണ്ണച്ചെലവ് മൂന്ന് മുതല്‍ നാല് ശതമാനം വരെ വര്‍ധിക്കും.

ഇത്തരമൊരു സാഹചര്യത്തില്‍ ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍മാര്‍ എസി ഉപയോഗിച്ചാല്‍ ഡീസല്‍ ഉപഭോഗം കൂടുകയും ട്രാന്‍സ്പോര്‍ട്ട് കമ്പനികളുടെ ചെലവ് കൂടുകയും ചെയ്യും. എന്ന് കരുതി ഇന്ത്യയില്‍ എസി സജ്ജീകരിച്ച ട്രക്കുകള്‍ ഇല്ലെന്നല്ല. എസി ഉള്ള ചില ട്രക്ക് മോഡലുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും അവയുടെ വില്‍പ്പന വളരെ കുറവാണ്. എസിയുള്ള ട്രക്കുകള്‍ ഇന്ത്യയില്‍ വില്‍പ്പന കുറയാനുള്ള മറ്റൊരു കാരണം കൂടിയുണ്ട്.
എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ട്രക്കുകള്‍ക്ക് സാധാരണ ട്രക്കുകളേക്കാള്‍ വില കൂടുതലാണ്. എസി ട്രക്കുകളുടെ വില്‍പ്പന കുറയാന്‍ ഇതും ഒരു കാരണമാണ്. എസിയുള്ള ട്രക്കുകള്‍ വിറ്റുപോകാതെ യാര്‍ഡില്‍ കിടന്നാല്‍ നിര്‍മാതാക്കള്‍ക്ക് അത് വലിയ നഷ്ടം സംഭവിക്കും. വിപണിയില്‍ ആവശ്യക്കാര്‍ കുറവായതിനാല്‍ കമ്പനികള്‍ പരിമിതമായ എസി ട്രക്ക് മോഡലുകള്‍ മാത്രമാണ് പുറത്തിറക്കുന്നത്.

തുടക്കത്തില്‍ പറഞ്ഞ പോലെ മഴയും വെയിലും എല്ലാം അവഗണിച്ച് ജില്ലകളും സംസ്ഥാനങ്ങളും കടന്ന് ദിവസങ്ങളോളം കഷ്ടപ്പെട്ട് വാഹനോടിക്കുന്ന ലോറി ട്രക്ക് ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 2025 മുതല്‍ രാജ്യത്തെ എല്ലാ ട്രക്കുകളിലും എസി ക്യാബിനുകള്‍ നിര്‍ബന്ധമാക്കുമെന്ന പുതിയ നിയമം കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുകയാണ്.
രാജ്യത്തിന്റെ ചരക്ക് ഗതാഗത മേഖലയില്‍ വലിയ പങ്ക് വഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഡ്രൈവര്‍മാര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല മികച്ച ക്യാബിനും സുഖകരമായ ഡ്രൈവിങ്ങ് അനുഭൂതിയും ലഭിക്കുന്നതോടെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അനുമാനം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








