ബൈക്കുകളെ ടോളില്‍ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?
ദേശീയ പാതകളിലൂടെ ഇടക്കെങ്കിലും കാറിലോ വലിയ വാഹനങ്ങളിലോ യാത്ര ചെയ്യുന്നവരാണെങ്കില്‍ നിങ്ങള്‍ ടോള്‍ കൊടുക്കുകയോ കൊടുക്കുന്നത് കാണുകയോ ചെയ്തിട്ടുണ്ടാകും. എന്നാല്‍ വലിയ ടോള്‍ പ്ലാസയുടെ ഒരു അറ്റത്ത് കൂടി ഇരുചക്ര വാഹന യാത്രക്കാര്‍ കൂളായി ടോള്‍ കൊടുക്കാതെ പോകുന്നത് കണ്ടിട്ടുണ്ടോ?. ഇന്ത്യയിലെ ടോള്‍ ഗേറ്റുകളില്‍ ബൈക്കുകളില്‍ നിന്ന് മാത്രം നിരക്ക് ഈടാക്കത്തതിന്റെ കാരണമാണ് പറയാന്‍ പോകുന്നത്.

നമ്മുടെ രാജ്യത്ത് ദേശീയ പാതകളില്‍ കേന്ദ്ര സര്‍ക്കാര്‍ ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കുകയും ചെയ്യുന്നു. ഓരോ വാഹനത്തിനും വ്യത്യസ്ത ചാര്‍ജാണ് ഈടാക്കുന്നത്. വാഹനങ്ങളുടെ കാറ്റഗറി അനുസരിച്ചാണ് നിരക്ക്. കാറിന് ഒരു നിരക്ക്, വാനിന് ഒരു നിരക്ക്, ബസുകള്‍ക്ക് ഒരു നിരക്ക്, ട്രക്കുകള്‍ക്ക് ഒരു നിരക്ക് എന്നിങ്ങനെ ഓരോ വാഹനത്തിനും വ്യത്യസ്ത ഫീസ് നിശ്ചയിച്ചിരിക്കുന്നു.

ഫാസ്റ്റടാഗ് സംവിധാനത്തിലൂടെയാണ് കേന്ദ്ര ഗതാഗത വകുപ്പ് ഇപ്പോള്‍ ടോള്‍ പിരിക്കുന്നത്. സമീപഭാവിയില്‍ തന്നെ ഇത് ഒഴിവാകുകയും ജിപിഎസ് സംവിധാനമുളള നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനമുടമയില്‍ നിന്ന് നേരിട്ട് പണം ശേഖരിക്കുന്ന സംവിധാനം കൊണ്ടുവരാന്‍ പോകുകയാണ്.

ഇപ്പോള്‍ വാഹനത്തിന്റെ മുന്‍ഭാഗത്ത് ഗ്ലാസിലോ മറ്റോ ഒട്ടിക്കുന്ന ആര്‍എഫ്‌ഐഡി സ്റ്റിക്കര്‍ സ്‌കാന്‍ ചെയ്താണ് ഓണ്‍ലൈനിലൂടെ ടോള്‍ പിരിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ എല്ലാ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാണ്. അതിനാല്‍ എല്ലാ വാഹനങ്ങളിലും ഈ ഫാസ്റ്റ് ടാഗ് കാര്‍ഡ് കാണാം. ഫാസ്റ്റ് ടാഗ് കാര്‍ഡില്ലെങ്കില്‍ കാറുകള്‍ ഇരട്ടി ടോള്‍ നല്‍കണം.

ഈ ടോള്‍ ബൂത്തുകളിലൂടെ സൗജന്യമായി ചില വാഹനങ്ങള്‍ക്ക് മാത്രമേ കടന്നുപോകാന്‍ അനുവാദമുള്ളൂ. ആംബുലന്‍സുകള്‍, അഗ്‌നിശമന വാഹനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍, ജഡ്ജിമാരുടെ വാഹനങ്ങള്‍ തുടങ്ങിയവ സൗജന്യമായി ടോള്‍ഗേറ്റിലൂടെ കടത്തിവിടും. ഇരുചക്ര വാഹനവും ആ പട്ടികയില്‍ ഉള്‍ക്കൊള്ളുന്നു. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന ഒരാള്‍ ടോള്‍ഗേറ്റിലൂടെ കടന്നുപോകുമ്പോള്‍ ടോള്‍ നല്‍കേണ്ടതില്ല. എന്നാല്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം ടോള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് പലര്‍ക്കും സംശയം തോന്നാം.

എന്തുകൊണ്ടാണ് ബൈക്കുകള്‍ക്ക് മാത്രം ടോള്‍ ഈടാക്കാത്തതെന്ന് അറിയുന്നതിന് മുമ്പ്, ആദ്യം ടോള്‍ ഈടാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയണം. ഗതാഗതം എളപ്പമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്
വന്‍ തുക മുടക്കി കേന്ദ്ര സര്‍ക്കാര്‍ ദേശീയ പാതകള്‍ നിര്‍മിക്കുന്നത്. നല്ല ഗതാഗത സൗകര്യങ്ങള്‍ ഒരു രാജ്യത്തിന്റെ വികസനത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്.

ഹൈവേ റോഡുകള്‍ സാധാരണ റോഡുകളേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ളതായതിനാല്‍ ദേശീയ പാതകളുടെ അറ്റകുറ്റപ്പണിയും വലിയ ദൗത്യമായിരുന്നു. ഹൈവേകളില്‍ യത്രക്കാര്‍ക്കായി വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വലിയ ചെലാവുണ്ട്. ഈ സാഹചര്യത്തിലാണ് ഈ ചെലവുകള്‍ക്കുള്ള പണം റോഡ് ഉപയോക്താക്കളില്‍ നിന്ന് തന്നെ ഈടാക്കാന്‍ നിശ്ചിത ദൂരത്തില്‍ ടോള്‍ഗേറ്റുകളും പ്ലാസകളും സ്ഥാപിക്കുന്നത്.

ടോള്‍ഗേറ്റ് വഴി കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്നാണ് തുക ഈടാക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പണം പ്രദേശത്തെ റോഡ് നന്നാക്കാന്‍ ഉപയോഗിക്കുന്നു. ദേശീയപാത ടോള്‍ ബൂത്തുകളില്‍ ബൈക്കുകള്‍ക്ക് മാത്രമേ സൗജന്യമായി കടന്നുപോകാന്‍ അനുവാദമുള്ളൂ. ഈ വാഹനം ഹൈവേയെ അധികം ബാധിക്കാത്തതാണ് ഇതിന് പ്രധാന കാരണം.

ഭാരത്തിലും വലുപ്പത്തിലും ബൈക്കുകള്‍ വളരെ കുറച്ച് സ്ഥലം മാത്രമേ എടുക്കൂ. അതിനാല്‍ തന്നെ ബൈക്കുകള്‍ ഹൈവേകള്‍ക്ക് വലിയ കേടുപാടുകള്‍ വരുത്തുന്നില്ല. ഇതോടെയാണ് ഇരുചക്രവാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പിന് തോന്നിയത്. എന്നാല്‍ ഇരുചക്രവാഹനങ്ങളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കാന്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്.

പൊതുവെ ദേശീയ പാതകള്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി നിര്‍മ്മിച്ചവയാണ്. നമ്മുടെ നാട്ടില്‍ ബൈക്കുകള്‍ ഹ്രസ്വദൂര യാത്രകള്‍ക്കാണ് ഉപയോഗിക്കുന്നത്. വളരെ കുറച്ച് ആളുകള്‍ മാത്രമേ ബൈക്കില്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താറുള്ളൂ. അതിനാല്‍ ഒരു ടൗണില്‍ നിന്ന് അടുത്തുള്ള മറ്റൊരു ടൗണിലേക്ക് പോകാന്‍ ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ബൈക്കുകളില്‍ നിന്ന് ടോള്‍ ഈടാക്കുന്നത് ന്യായമല്ല.

കൂടാതെ ഇരുചക്രവാഹനങ്ങള്‍ പൊതുവെ സാധാരണക്കാരുടെ ഗതാഗത മാര്‍ഗമാണ്. ദേശീയപാതകളില്‍ ടോള്‍ ഈടാക്കാന്‍ തുടങ്ങിയാല്‍ കൂലിപ്പണിക്കാരടക്കമുള്ള ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. അത്‌കൊണ്ട് കൂടിയാണ് ടോള്‍പ്ലാസകളില്‍ ഇരുചക്ര വാഹനങ്ങളെ സൗജന്യമായി കടത്തി വിടുന്നത്.


Click it and Unblock the Notifications








