സെക്കന്‍ഡ് ഹാന്‍ഡ് കാർ വാങ്ങിയാലുള്ള ഈ മെച്ചങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ പുതിയത് വേണ്ടെന്ന് പറയും
ലോകത്തെയാകെ നിശ്ചലമാക്കിയ കോവിഡ് മഹാമാരി മനുഷ്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കോവിഡ് വന്ന് പോയ ശേഷം ആളുകളുടെ അടിസ്ഥാന ആവശ്യങ്ങളുടെ കാര്യങ്ങളിലും മാറ്റങ്ങള്‍ സംഭവിച്ചു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ഒരു ഫോര്‍വീലര്‍ വേണമെന്ന ചിന്ത എല്ലാവരിലും വരാന്‍ കോവിഡ് വ്യാപനം കാരണമായെന്ന് പറയാം.
എന്നാല്‍ ഇന്ത്യ പോലൊരു രാജ്യത്ത് ഒരു കാര്‍ വാങ്ങുക എന്നത് ഇന്നും സാധാരണക്കാരായ ആളുകള്‍ക്ക് ഒരു സ്വപ്‌നമായി അവശേഷിക്കുന്നു. ഇന്‍പുട്ട് ചെലവുകള്‍ കൂടുതലാണെന്ന കാരണം പറഞ്ഞ് കാര്‍ കമ്പനികള്‍ വില ഉയര്‍ത്തുകയാണ്. അതിനാല്‍ തന്നെ ഒരു പുതിയ കാര്‍ എന്ന സ്വപ്‌നം പലരും മനസ്സില്ലാമനസ്സോടെ ഉപേക്ഷിക്കുന്നു.

അതിനാല്‍ തന്നെ ഇടത്തരം കുടുംബങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലേക്ക് നീങ്ങുന്നു. ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിന് നിരവധി ഗുണങ്ങളുണ്ട്. വലിയ മുതല്‍മുടക്കില്ലാതെ ഒരു കാര്‍ സ്വന്തം പോര്‍ച്ചില്‍ എത്തിക്കാമെന്നതാണ് ഒന്ന്. ഒരു സെക്കന്‍ഡ് ഹാന്‍ഡ് അല്ലെങ്കില്‍ യൂസ്ഡ് കാര്‍ വാങ്ങുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
മൂല്യം: പുതിയ കാര്‍ വാങ്ങുമ്പോള്‍ സാധാരണയായി നമ്മള്‍ വലിയൊരു തുക മുടക്കേണ്ടതായി വരും. എന്നാല്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ശ്രദ്ധാപൂര്‍വ്വം വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു വലിയ തുക ലാഭിക്കാന്‍ കഴിയും. പുതിയ കാര്‍ വാങ്ങി നിങ്ങള്‍ക്ക് ഒരു അത്യാവശ്യ ഘട്ടത്തില്‍ വില്‍ക്കേണ്ടി വന്നാല്‍ വലിയൊരു തുക കുറയും. എന്നാല്‍ നിങ്ങള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി പെട്ടെന്ന് വില്‍ക്കേണ്ടി വന്നാലും വലിയ തുകയൊന്നും നഷ്ടമാകില്ല.

കുറഞ്ഞ ഇന്‍ഷുറന്‍സ് ചെലവ്: ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് പ്രീമിയം വളരെ കൂടുതലാണ്. ഇതിനായി അധിക തുക നല്‍കണം. എന്നാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ എടുക്കുമ്പോള്‍ ഇത് ഒഴിവാക്കാം. കാറിന്റെ പഴക്കവും ഇന്‍ഷൂറന്‍സ് പ്രീമിയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുറവായിരിക്കും.
സര്‍ട്ടിഫൈഡ് യൂസ്ഡ് കാര്‍ സര്‍വീസ്: ഇന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാനും വില്‍ക്കാനും ഇന്ന് നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുണ്ട്. വിശ്വസനീയമായ സര്‍വീസ് വാഗ്ദാനം ചെയ്യുന്ന നിരവധി സെര്‍ട്ടിഫൈഡ് യൂസ്ഡ് കാര്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്നുണ്ട്. ഒരു പുതിയ കാര്‍ എടുക്കുമ്പോള്‍ ലഭിക്കുന്ന തരത്തിലുള്ള സര്‍വീസും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. ഒട്ടുമിക്ക കാര്‍ ഡീലര്‍മാര്‍ക്കും യൂസ്ഡ് കാര്‍ ഷോറൂമുകള്‍ ഉണ്ട്. ഇടനിലക്കാരില്ലാത്തതിനാല്‍ കസ്റ്റമേഴ്‌സിന് വലിയ ലാഭമാണ് ഇതുവഴി നേടാനാകുക.

വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍: ആദ്യം കാര്‍ വാങ്ങുന്നതിന് മുമ്പ് നമ്മുടെ ആവശ്യം തിരിച്ചറിഞ്ഞ് ഒരു തീരുമാനത്തില്‍ എത്തണം. നിങ്ങള്‍ ഏത് കാര്‍ വാങ്ങാന്‍ ആഗ്രഹിച്ചാലും അതിന്റെ സെക്കന്‍ഡ് ഹാന്‍ഡ് മോഡല്‍ വിപണിയില്‍ ലഭ്യമായിരിക്കും. ബജറ്റിന് അനുസരിച്ച് അനുയോജ്യമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. നിങ്ങളുടെ ബജറ്റ് വെച്ച് നോക്കുമ്പോള്‍ പുതിയ കാറുകളേക്കാള്‍ യൂസ്ഡ് കാറുകളുടെ എണ്ണമായിരിക്കും കൂടുതല്‍. ഉടമയില്‍ നിന്ന് നേരിട്ടോ, ഓഫ്‌ലൈന്‍ ഡീലറില്‍ നിന്നോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയോ വാങ്ങാന്‍ പറ്റും.
കുറഞ്ഞ രജിസ്‌ട്രേഷന്‍ തുക: ഒരു പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ വളരെ നിരക്ക് കുറവാണ് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍. പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ നാലിരട്ടി കുറച്ച് മുടക്ക് മാത്രമേ യൂസ്ഡ് കാറിനുണ്ടാകൂ. ഇക്കാര്യം കൂടി പരിഗണിക്കുമ്പോള്‍ യൂസ്ഡ് കാര്‍ വാങ്ങുന്നതായിരിക്കും നല്ലത്. ഒരു യൂസ്ഡ് കാര്‍ വാങ്ങുന്നതിനും ഇപ്പോള്‍ ലോണ്‍ സൗകര്യം ലഭ്യമാണ്.
എന്നാല്‍ താരതമ്യേന പലിശ നിരക്ക് കൂടുതലായിരിക്കും. എന്നാല്‍ ഡൗണ്‍പെയ്‌മെന്റ് കൂടുതല്‍ കൊടുക്കാനുണ്ടെങ്കില്‍ പലിശ നിരക്ക് കുറക്കാന്‍ പറ്റും. ഓണ്‍ലൈന്‍ ഡീലര്‍ഷിപ്പില്‍ പലതും ഇന്ന് ലോണ്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. പുതിയ കാര്‍ വാങ്ങുമ്പോള്‍ നമുക്ക് വിലപേശലിന് സാധ്യതകള്‍ വിരളമാണ്. എന്നാല്‍ യൂസ്ഡ് കാര്‍ വിപണിയിലും മത്സരം കൂടുതലായതിനാല്‍ വിലപേശാന്‍ വലിയ സാധ്യതകളുണ്ട്. നിങ്ങള്‍ക്ക് നല്ല നാവുണ്ടെങ്കില്‍ നല്ല കാര്‍ ചുളുവിലക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications








