14-ാം വിജയത്തോടെ എഫ്1 റെക്കോർഡിട്ട് Max Verstappan; മറികടന്നത് ഷൂമാക്കറിനെയും വെറ്റലിനെയും
ഫോര്‍മുല 1 കാറോട്ട ചരിത്രത്തില്‍ പുത്തന്‍ റെക്കോഡിട്ട് റെഡ്ബുളിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ മാക്‌സ് വെര്‍സ്റ്റപ്പന്‍. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ റെക്കോഡാണ് നെതര്‍ലന്‍ഡുകാരനായ വെര്‍സ്റ്റപ്പന്‍ വെട്ടിപ്പിടിച്ചത്. ഞായറാഴ്ച നടന്ന മെക്‌സിക്കോ ഗ്രാന്‍ഡ്പ്രീയില്‍ താരം സീസണിലെ 14-ാം റേസ് വിജയിച്ചാണ് അതുല്യ നേട്ടം സ്വന്തമാക്കിയത്.

ഇതിഹാസ താരങ്ങളായ മൈക്കല്‍ ഷൂമാക്കര്‍, സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നിവരെയാണ് വെര്‍സ്റ്റപ്പന്‍ പിന്തള്ളിയത്. 2004ല്‍ ഷൂമാക്കര്‍ 13 വിജയങ്ങള്‍ നേടിയപ്പോള്‍ വെറ്റല്‍ 2013ല്‍ ഷൂമാക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി. നേരത്തെ തന്നെ സീസണിലെ ഡ്രെവേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് ഡച്ച് താരം സ്വന്തമാക്കിയിരുന്നു.

നാല് മത്സരങ്ങള്‍ കൂടി ബാക്കി നില്‍ക്കെയായിരുന്നു തുടര്‍ച്ചയായി രണ്ടാം സീസണില്‍ വെര്‍സ്്റ്റപ്പന്‍ ഡ്രൈവേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് നേടിയത്. പിന്നാലെ തന്നെ നമ്പറുകള്‍ക്കായുള്ള ഓട്ടത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് വെര്‍സ്റ്റപ്പന്‍ തുറന്നുപറഞ്ഞിരുന്നു.

'എനിക്ക് കണക്കുകളില്‍ ഒരിക്കലും താല്‍പ്പര്യമില്ലായിരുന്നു. ഞാന്‍ എപ്പോഴും ഈ നിമിഷത്തില്‍ ജീവിക്കുന്നു. ഓരോ വാരാന്ത്യത്തിലും എനിക്ക് കഴിയുന്നതിന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നു. ഞാന്‍ മത്സരങ്ങളില്‍ വിജയിക്കാന്‍ ശ്രമിക്കുന്നു. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാ കണക്കുകളും നിലനിര്‍ത്താന്‍ എനിക്ക് താല്‍പ്പര്യമില്ല. ഇത് അതിശയകരമായ സീസണാണ്, വിജയിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്'-മെക്‌സിക്കോ ഗ്രാന്‍ഡപ്രീ വിജയിച്ചതിന് ശേഷം ഡച്ച് ഡ്രൈവര്‍ പറഞ്ഞു.

416 പോയിന്റുമായാണ് വെര്‍സ്റ്റപ്പന്‍ ഡ്രൈവേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. റെഡ്ബുളിന്റെ തന്നെ മെക്‌സിക്കന്‍ താരം സെര്‍ജിയോ പെരസാണ് 280 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. 275 പോയിന്റുമായി ഫെരാരിയുടെ ചാള്‍സ് ലെക്ലര്‍ക് മൂന്നാം സ്ഥാനത്തുണ്ട്. 216 പോയിന്റുമായി മെര്‍സിഡീസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ അഞ്ചാമതാണ്.

എഫ്1-ല്‍ തന്റെ കരിയറിലെ 34-ാം വിജയം നേടുന്നതിന് മുമ്പ് വെര്‍സ്റ്റപ്പന്‍ ശനിയാഴ്ച പോള്‍ പൊസിഷനിലാണ് തുടങ്ങിയത്. തുടക്കം മുതല്‍ റേസിന്റെ നേതൃത്വം വെര്‍സ്റ്റപ്പനായിരുന്നു. ഇടക്ക് വെര്‍സ്റ്റാപ്പനില്‍ നിന്ന് മെര്‍സിഡീസ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ അല്‍പനേരത്തേക്ക് ലീഡ് നേടി. എങ്കിലും ഡച്ച് ഡ്രൈവര്‍ തന്റെ വേഗത ഉപയോഗിച്ച് മുന്‍ ബ്രിട്ടീഷ് ലോക ചാമ്പ്യനില്‍ നിന്ന് നിയന്ത്രണം പിടിച്ചെടുത്തു.

വെര്‍സ്റ്റപ്പന്റെ സഹതാരം സെര്‍ജിയോ പെരസ് തന്റെ ഹോം ട്രാക്കില്‍ മൂന്നാം സ്ഥാനത്തെത്തി. സത്യസന്ധമായി ഇത് അവിശ്വസനീയമായിരിക്കുന്നുവെന്ന് പെരസ് റേസിന് ശേഷം പറഞ്ഞു. ലൂയിസ് ഹാമില്‍ട്ടണ്‍ തുടര്‍ച്ചയായ രണ്ടാം ആഴ്ചയും രണ്ടാം സ്ഥാനത്തെത്തി. സീസണില്‍ അദ്ദേഹം ആദ്യ വിജയം ഇനിയും സ്വന്തമാക്കിയിട്ടില്ല. ഈ സീസണില്‍ അവസാനത്തെ മത്സരങ്ങളില്‍ ആ കുറവ് മാറ്റുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സുസൂകയില്‍ നടന്ന ജപ്പാന്‍ ഗ്രാന്‍പ്രീയില്‍ ജേതാവായാണ് വെര്‍സ്റ്റപ്പന്‍ തുടര്‍ച്ചയായ രണ്ടം തവണയും വേഗരാജാവായത്. സീസണില്‍ നാലു മത്സരങ്ങള്‍ ശേഷിക്കെയായിരുന്നു നെതര്‍ലന്‍ഡ്സ് ഡ്രൈവറുടെ കിരീടധാരണം.

റെഡ്ബുള്ളിന്റെ തന്നെ സെര്‍ജിയോ പെരസും ഫെറാറിയുടെ ചാള്‍സ് ലാക്ലെര്‍കുമാണ് ജപ്പാന്‍ ഗ്രാന്‍പ്രീയിലും വെര്‍സ്റ്റപ്പനൊപ്പം പോഡിയം അലങ്കരിച്ചത്. സീസണിലെ ആദ്യ മൂന്നില്‍ രണ്ടിലും പോയിന്റ് നേടാന്‍ സാധിക്കാതിരുന്ന ഇടത്തില്‍ നിന്നാണ് ഡച്ച് താരത്തിന്റെ കുതിപ്പ്.

വെര്‍സ്റ്റപ്പന്റെ വിജയം റെഡ് ബുള്‍ ഹോണ്ട എഫ്1 ടീമിന് തങ്ങളുടെ ആദ്യ നിര്‍മാതാക്കളുടെ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാന്‍ സഹായിച്ചു. റെഡ് ബുള്‍ ഈ സീസണില്‍ തുടര്‍ച്ചയായി ഒമ്പത് റേസുകള്‍ നേടിയിട്ടുണ്ട്. ഇത് 2013 ലെ ടീം റെക്കോര്‍ഡിന് തുല്യമാണ്. റെഡ്ബുള്‍ സീസണില്‍ 696 പോയിന്റ് നേടി. 487 പോയിന്റുമായി ഫെരാരിയാണ് രണ്ടാം സ്ഥാനത്ത്. 447 പോയിന്റുമായി മെര്‍സിഡീസ് മൂന്നാമതെത്തി.


Click it and Unblock the Notifications








