രാഷ്ട്രീയക്കാര്‍ക്കിടയിലും തരംഗമാകാൻ റോള്‍സ്-റോയ്‌സ് ഇവി! ആദ്യം സ്വന്തമാക്കിയത് ഇന്ത്യയിലെ സമ്പന്നനായ എംഎല്‍എ
പണ്ട് കാലത്ത് ലളിത ജീവിതം നയിച്ചിരുന്നവരായിരുന്നു രാഷ്ട്രീയക്കാര്‍. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ആ ധാരണ പൂര്‍ണമായും മാറിക്കഴിഞ്ഞു. ആഡംബര കാറുകളും വലിയ സുരക്ഷാ വാഹനവ്യൂഹവും ഇപ്പോള്‍ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങി പണക്കകാരായവരും, ധനികരായ ശേഷം അധികാരത്തിനായി രാഷ്ട്രീയത്തലിറങ്ങുന്നവരെയും നമുക്ക് കാണാം. കോടീശ്വരന്‍മാരായ രാഷ്ട്രീയക്കാരുടെ കാറുകളിലും ആ ഗമ കാണാം. ഇന്ന് കാറുകള്‍ ഒരു യാത്രാമാര്‍ഗം എന്നതിലുപരി സ്റ്റാറ്റസ് സിംബലും അധികാരത്തിന്റെ പ്രതീകവുമെല്ലാമായി മാറിയതിനാല്‍ രാഷ്ട്രീയക്കാര്‍ വളരെ സൂക്ഷിച്ചാണ് ഓരോ വാഹനവും തെരഞ്ഞെടുക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്ന രാഷ്ട്രീയക്കാരില്‍ ഒരാളാണ് മഹാരാഷ്ട്രയിലെ ഗത്‌കോപാര്‍ ഈസ്റ്റ് മണ്ഡലത്തിലെ എംഎല്‍എയായ പരാഗ് ഷാ. സംസ്ഥാനത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറാണ് പാരഗ് ഷാ. ബിജെപി എംഎല്‍എയായ പരാഗ് ഒരു ഓട്ടോ ഡ്രൈവറെ അടിച്ചതും മാപ്പുപറയാന്‍ വിസമ്മതിച്ചതുമെല്ലാം ഇപ്പോള്‍ വിവാദമായിരിക്കെ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കോടീശ്വരനായ പരാഗ് ഷായുടെ ഗാരാജില്‍ നിരവധി സൂപ്പര്‍-ലക്ഷ്വറി വാഹനങ്ങള്‍ അണിനിരക്കുന്നുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായ മോഡലാണ് റോള്‍സ്-റോയ്‌സ് സ്‌പെക്ടര്‍ ഇവി. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ വെളുത്ത നിറത്തിലുള്ള റോള്‍സ്-റോയ്‌സ് സ്‌പെക്ടര്‍ മുംബൈ നഗരവീഥിയിലൂടെ ഒഴുകി നീങ്ങുന്നത് കാണാം. CS12 വേ്‌ലാഗസ്് എന്ന യൂട്യൂബ് ചാനലിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഈ വാഹനം പരാഗ് ഷായുടെ ഉടമസ്ഥതയിലുള്ളതാണെന്നു വാഹനപ്രേമികള്‍ വിലയിരുത്തുന്നു. എംഎല്‍എയുടെ മകന്‍ മനന്‍ ഷാ ഈ കാറിന്റെ ഡെലിവറിയെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണാമെന്നതിനാല്‍ ഇത് അദ്ദേഹത്തിന്റെ വാഹനമാണെന്ന് ഉറപ്പിക്കാം. അതേസമയം സുരക്ഷാ വാഹനങ്ങള്‍ അകമ്പടിയില്ലാത്തതിനാല്‍ വൈറല്‍ വീഡിയോ ചിത്രീകരിക്കുമ്പോള്‍ എംഎല്‍എ കാറില്‍ ഉണ്ടായിരുന്നില്ലെന്ന് നമുക്ക് അനുമാനിക്കാം.
ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാവ് പുറത്തിറക്കിയ ആദ്യ ഫുള്‍ ഇലക്ട്രിക് കാര്‍ മോഡലാണ് റോള്‍സ്-റോയ്‌സ് സ്‌പെക്ടര്‍. ഇന്ത്യയില്‍ രണ്ട് വേരിയന്റുകളിലാണ് റോള്‍സ് റോയ്‌സ് സ്‌പെക്ടര്‍ വിപണനം ചെയ്യുന്നത്. കാറിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 7.50 കോടി രൂപ വിലയുണ്ട്. ടാക്സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് ന്യൂഡല്‍ഹിയില്‍ ഈ കാറിന്റെ ഓണ്‍റോഡ് വില ഏകദേശം 7.85 കോടി രൂപയാകും.
ഏകദേശം 9.50 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ബ്ലാക്ക് ബാഡ്ജ് വെര്‍ഷനാണ് രണ്ടാമത്തേത്. ഇതിന്റെ ഓണ്‍റോഡ് വില ഏകദേശം 9.96 കോടി രൂപയാണ്. കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ചേര്‍ത്താല്‍ വില അതിലും ഉയരും.റോള്‍സ് റോയ്സ് ഫാന്റം കൂപ്പെ, വ്രെയ്ത്ത് എന്നിവയുടെ ആത്മീയ പിന്‍ഗാമിയായാണ് സ്പെക്ടര്‍ വിശേഷിപ്പിക്കപ്പെടുന്നത്.

ക്ലാസിക് റോള്‍സ്-റോയ്‌സ് ഡിസൈന്‍ ഭാഷ തന്നെ തുടരുന്ന ഈ കൂപ്പെയില്‍ വലിയ ഫ്രണ്ട് ഗ്രില്‍, സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി ഹുഡ് ഓര്‍ണമെന്റ്, സ്ലീക് കൂപ്പെ പ്രാഫൈല്‍ എന്നിവ കാണാം. ഈ കാറിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന് ഇതിന്റെ 'സൂയിസൈഡ് ഡോറുകള്‍' ആണ്. ഐസിഇ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി 23 ഇഞ്ച് അലോയ് വീലുകളുമായി വരുന്ന ആദ്യ റോള്‍സ് റോയ്സ് മോഡല്‍ കൂടിയാണ് സ്‌പെക്ടര്‍.
പിന്‍ഭാഗത്ത് ചരിഞ്ഞ റൂഫ് ലൈനും മിനിമലിസ്റ്റിക് എല്‍ഇഡി ടെയില്‍ ലൈറ്റുകളും ലഭിക്കുന്നു. ഇന്റീരിയറിലെ സ്റ്റാര്‍ലൈറ്റ് റൂഫ്, അത്യാധുനിക ലെതര്‍ അപ്ഹോള്‍സ്റ്ററി, പ്രീമിയം വുഡ് ആന്‍ഡ് ഗ്ലാസ് ഫിനിഷുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ആഡംബര സൗകര്യങ്ങള്‍ റോള്‍സ്-റോയ്‌സിന്റെ സിഗ്‌നേച്ചര്‍ അനുഭവം നല്‍കുന്നു. ശാന്തമായ ക്യാബിനാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.
മെക്കാനിക്കല്‍ വശത്തേക്ക് നീങ്ങിയാല്‍ 102 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന സ്‌പെക്ടര്‍ ഇവി ഫുള്‍ ചാര്‍ജില്‍ ഏകദേശം 520 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഡ്യുവല്‍ മോട്ടോര്‍ സെറ്റപ്പാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. മുന്നിലെയും പിന്നിലെയും ആക്‌സിലുകളില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറുകള്‍ 575 bhp പവറും 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ആക്ടീവ് സസ്പെന്‍ഷന്‍ സിസ്റ്റവും ഫോര്‍-വീല്‍ സ്റ്റിയറിംഗും ഇതിന് ലഭിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 4.5 സെക്കന്‍ഡിനുള്ളില്‍ 0-100kmph വേഗത കൈവരിക്കാന്‍ സ്പെക്ടറിന് സാധിക്കുമെന്നാണ് റോള്‍സ് റോയ്സ് പറയുന്നത്. ഏകദേശം 3 ടണ്‍ ഭാരമുള്ള ഒരു കാറിനെ സംബന്ധിച്ച് ഇത് അതിശയിപ്പിക്കുന്ന പ്രകടനമാണ്.
ഇന്ത്യയിലെ സമ്പന്നരായ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ആഡംബര ഇവികള്‍ക്ക് പ്രിയമേറുന്നുവെന്നതിന്റെ ഉദാഹരണമാണ് പരാഗ് ഷായുടെ പുത്തന്‍ പര്‍ച്ചേസ്. ഇന്ത്യയില്‍ റോള്‍സ് റോയ്‌സ് സ്‌പെക്ടര്‍ ഇവി സ്വന്തമാക്കുന്ന ആദ്യ രാഷ്ട്രീയക്കാരനാണ് പരാഗ് ഷായെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവും അറിയപ്പെടുന്ന വാഹനപ്രേമിയുമായ എംടിബി നാഗരാജ് അടക്കമുള്ളവര്‍ക്ക് ആഡംബര ഇവി വാങ്ങാനുള്ള പ്രചോദനമായിരിന്നും പരാഗ് ഷാ. മാരുതി ഒംനി മുതല്‍ റോള്‍സ് റോയ്‌സ് ഫാന്റവും ഫെറാറിയുമടക്കം നാഗരാജിന്റെ കാര്‍ ശേഖരത്തിലുണ്ട്.


Click it and Unblock the Notifications








