വാറണ്ടി പോകില്ല; കാറും ബൈക്കും ഇഷ്ടമുള്ള വര്‍ക്‌ഷോപ്പില്‍ റിപ്പയര്‍ ചെയ്യാം
പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ നമ്മള്‍ പരിഗണിക്കുന്ന ഒരു കാര്യമാണ് വാറണ്ടി. വന്‍ തുക മുടക്കി വാങ്ങുന്ന വാഹനത്തിന് വാറണ്ടി ലഭിക്കാന്‍ ആവശ്യമായ എന്തും ചെയ്യാന്‍ ഉപഭോക്താക്കള്‍ തയാറാകും. എന്നാല്‍ വാഹന ഉടമകള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു കാര്യമാണ് ഇനി പറയാന്‍ പോകുന്നത്.
നമ്മുടെ കാറിനോ ബൈക്കിനോ മറ്റ് വാഹനങ്ങള്‍ക്കോ ചെറിയ അറ്റകുറ്റപ്പണികള്‍ ഉണ്ടായാല്‍ പോലും അംഗീകൃത സര്‍വീസ് സെന്ററില്‍ കൊണ്ടുപോകുകയാകും പതിവ്. കുഞ്ഞു തകരാറിന് പോലും കഴുത്തറുപ്പന്‍ ലേബര്‍ ചാര്‍ജ് നല്‍കി സര്‍വീസ് ചെയ്യേണ്ടി വരുന്നതില്‍ പലരും സങ്കടപ്പെട്ടിട്ടുണ്ടാകും. വാറണ്ടി നഷ്ടപ്പെടുത്താതിരിക്കുക എന്ന ഒറ്റ ഉദ്ദേശ്യം മാത്രമാണ് ഇതിന് പിന്നില്‍. എന്നാല്‍ ഈ അവസ്ഥക്ക് മാറ്റം വരാന്‍ പോകുന്നു.

യഥാര്‍ഥത്തില്‍ ചെറിയ കാര്യങ്ങള്‍ക്ക് വരെ വാറണ്ടി അസാധുവാക്കുന്നവരാണ് ചില വാഹന നിര്‍മാതാക്കള്‍. എന്നാല്‍ പുറത്തെ വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാലും നിങ്ങളുടെ വാഹനത്തിന്റെ വാറന്റി സംരക്ഷിക്കുന്നതിനായി കേന്ദ്ര ഉപഭോകൃത്യ കാര്യ വകുപ്പ് 'റൈറ്റ് ടു റിപ്പയര്‍' എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. റൈറ്റ് റിപ്പയര്‍ പോര്‍ട്ടല്‍ ഇപ്പോള്‍ സജീവമായിട്ടുണ്ട്.
ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ എന്നിവ ഇതിനകം പോര്‍ട്ടലില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സെല്‍ഫ് റിപ്പയര്‍ മാനുവലുകളും അംഗീകൃത തേര്‍ഡ് പാര്‍ട്ടി വര്‍ക്‌ഷോപ്പുകളുടെ വിശദാംശങ്ങളും ഇതില്‍ പങ്കുവെക്കും. റിപ്പയര്‍ ചെയ്യാനുള്ള അവകാശം ഉടമസ്ഥതയുടെ ആദ്യ ദിവസം മുതല്‍ ഉണ്ടെങ്കിലും ശരിയായ റിപ്പയര്‍ വിവരങ്ങളും മാനുവലുകളും തേര്‍ഡ് പാര്‍ട്ടിയുടെ തൊഴിലാളികളുമായി പങ്കിടാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടും.

ഡയഗ്നോസ്റ്റിക് ടൂളുകളും സ്‌പെയര്‍ പാര്‍ട്സുകളും ഉപഭോക്താക്കള്‍ക്കും വര്‍ക്ക്ഷോപ്പുകള്‍ക്കും കൂടുതല്‍ ആക്സസ് ചെയ്യാനാകും. ഏതായാലും റൈറ്റ് ടു റിപ്പയറിനെ ഒരു വിലങ്ങുതടിയായിട്ടാണോ അതോ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള അവസരമായിട്ടാണോ നിര്‍മാതാക്കള്‍ കാണുക എന്നതാണ് ഇനി അറിയാനുള്ളത്. ഈ സൗകര്യം വിപുലീകരിക്കുന്നതിനായി കൂടുതല്‍ വാഹന നിര്‍മാതാക്കളെ ഉള്‍പ്പെടുത്തുന്നതിനായി ഉപഭോക്തൃ കാര്യ വകുപ്പ് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.
റൈറ്റ് ടു റിപ്പയര്‍ ശരിയായ ചുവടുവെപ്പാണെങ്കിലും ഒറ്റരാത്രി കൊണ്ട് നടപ്പിലാകുമെന്ന് കരുതരുത്. മൊത്തത്തില്‍, ഇലക്ട്രോണിക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോമൊബൈല്‍ ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിങ്ങനെ നാല് പ്രധാന മേഖലകള്‍ റൈറ്റ് ടു റിപ്പയര്‍ ഉള്‍ക്കാള്ളുന്നു. ഉല്‍പ്പന്നങ്ങളും അവയുടെ സ്പെയര്‍പാര്‍ട്ട്സും രൂപകല്‍പ്പന ചെയ്യുന്നതില്‍ നിര്‍മാതാക്കള്‍ക്കാണ് പൂര്‍ണ അവകാശം ഉള്ളത്.
നിര്‍മ്മാതാക്കളുടെ അംഗീകാരമില്ലാത്ത ആളുകളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ വാറന്റി നഷ്ടപ്പെടുമെന്നാണ് ഉല്‍പ്പന്നങ്ങളുടെ വാറണ്ടി കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഒരു കസ്റ്റമര്‍ പണം മുടക്കി ഒരു ഉല്‍പ്പന്നം വാങ്ങുമ്പോള്‍ അതിന്റെ പൂര്‍ണ ഉടമസ്ഥാവകാശം ഉപഭോക്താവിനായിരിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ പണം മുടക്കി വാങ്ങിയ സാധനം പരിഷ്‌ക്കരിക്കാനും മാറ്റങ്ങള്‍ വരുത്താനും ഉപഭോക്താവിന് കഴിയണമെന്നും അതില്‍ നിര്‍മാതാവിന്റെ ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലെന്നുമാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിലപാട്.
കാര്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, സ്പെയര്‍പാര്‍ട്ട്സ് രംഗത്തെ കമ്പനികളുടെ കുത്തക അവസാനിപ്പിച്ച് ഉപഭോക്താവിന് സേവനം എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് അധികാരികള്‍ ലക്ഷ്യമാക്കുന്നത്. കാറുകളായാലും മറ്റ് ഉല്‍പ്പന്നങ്ങളായാലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ നിര്‍മാതാക്കള്‍ വളരെയധികം സമയമെടുക്കുന്നുവെന്നതും കൂടുതല്‍ പണം ഈടാക്കുന്നുവെന്നതും സര്‍ക്കാര്‍ മനസ്സിലാക്കിയിരുന്നു.സ്പെയര്‍ പാര്‍ട്ട്സുകള്‍ ലഭ്യമല്ലാത്ത സാഹചര്യവും പലപ്പോഴും അനുഭവപ്പെടുന്നുണ്ട്. അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും റൈറ്റ് ടു റിപ്പയര്‍ നിയമം ഇതിനോടകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

റൈറ്റ് ടു റിപ്പയര്‍ സ്‌കീമിന് കീഴില്‍ ഹോം അപ്ലയന്‍സസും ഗാഡ്ജറ്റുകളും അടക്കം ഉള്‍ക്കൊള്ളുന്നതും ഏറെ പ്രയോജനകരമാണ്. സാംസങ്, ആപ്പിള്‍, ഹാവല്‍സ്, എച്ച്പി, എല്‍ജി, പാനസോണിക്, ഓപ്പോ തുടങ്ങി നിരവധി ഇലക്ട്രോണിക്സ് ബ്രാന്‍ഡുകള്‍ ഇതിനകം പോര്‍ട്ടലില്‍ ഉണ്ട്. റൈറ്റ് ടു റിപ്പയര്‍ സ്‌കീമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്. പുതുതായി ഇനി ഒരു വാഹനം വാങ്ങുമ്പോള്‍ പോര്‍ടലിലുള്ള നിര്‍മാതാവിന്റെ മോഡല്‍ തെരഞ്ഞെടുക്കുമോ?. നിങ്ങളുടെ പ്രതികരണം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








