ഇനി ക്ലാസിന് പോകാതെ പറ്റില്ല, ലൈസൻസ് വേണമെങ്കിൽ റോഡ് സുരക്ഷ ക്ലാസിൽ കയറിയേ പറ്റു
കൊവിഡ് മഹാമാരി സമയത്താണ് ലൈസൻസ് ടെസ്റ്റ് ലഭിക്കുന്നതിൻ്റെ ഭാഗമായിട്ടുള്ള റോഡ് സുരക്ഷ ക്ലാസിൻ്റെ രേഖ ഒഴിവാക്കിയത്. എന്നാൽ ഇപ്പോൾ വീണ്ടും അത് നിർബന്ധമാക്കുകയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ലേണേഴ്സ് ടെസ്റ്റിൽ വിജയിക്കുന്നവർക്ക് ആഴ്ചതോറും നിശ്ചിതദിവസങ്ങളിൽ ആർ.ടി.ഒ. ഓഫീസുകളിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തും. ഇതിൽ പങ്കെടുത്തതിന്റെ രേഖയുമായി എത്തിയാലെ ലൈസൻസ് ടെസ്റ്റ് നടത്തുകയുള്ളൂ. ക്ലാസിന് കൃത്യമായ സിലബസും നിർദേശങ്ങളും മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിങ്) റെഗുലേഷൻസ് 2017 പ്രകാരം വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങളാണ് രണ്ടു മണിക്കൂർ നീളുന്ന ക്ലാസിൽ നൽകുന്നത്.
ജില്ലകളിലെ ഓരോ ഓഫീലും ഉദ്യോഗസ്ഥരുടെ സൗകര്യാനുസരണം മാറ്റങ്ങളുണ്ടാകാമെങ്കിലും ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ പത്തുവരെയാണ് ക്ലാസുകൾ നടത്തുക എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന വാഹന വകുപ്പിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണം എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദേശം.

ഇനി കൃത്യമായി വാഹനങ്ങൾ പൊളിക്കാനുള്ള അനുമതിക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുമായി അപേക്ഷ നല്‍കണം എന്നും പൊളിച്ചതിനു ശേഷം AMVI പരിശോധിച്ച് മുമ്പ് ചുമത്തിയിട്ടുള്ള പിഴയടക്കമുള്ളവ അടച്ചു തീര്‍ത്ത് വാഹനത്തിന്റെ RC റദ്ദാക്കി എന്ന് ഉറപ്പാക്കണം എന്നുമാണ് പുതിയ നിര്‍ദേശം. മുകളിൽ സൂചിപ്പിച്ചതുപോലെ പൊളിക്കാനായി വാഹനങ്ങൾ കൈമാറുകയും എന്നാല്‍, RC റദ്ദാക്കാത്തതുമായ സാഹചര്യം കൂടി വരുന്നതിനാലാണ് മോട്ടോർ വാഹന വകുപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ കാര്യമായ ബോധവത്കരണം നടത്തുന്നത്.
സ്ക്രാപ്പ് ചെയ്യാൻ അല്ലെങ്കിൽ പൊളിക്കാന്‍ നല്‍കുന്ന വാഹനം ഉടമയറിയാതെ പുനരുപയോഗിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാന്‍ കൂടിയാണിത്. വാഹനത്തിന്റെ പഴക്കം മൂലവും അല്ലെങ്കിൽ അപകടത്തില്‍പ്പെട്ടോ ഉപയോഗശൂന്യമാകുമ്പോള്‍ സാധാരണയായി പൊളിക്കാറുണ്ട്. RC റദ്ദാക്കാതെ പൊളിക്കാനായി ഇത്തരത്തിൽ വാഹനം കൈമാറുമ്പോള്‍ വാഹനത്തിന്റെ രേഖകള്‍ സാധുതയോടെ നിലനില്‍ക്കും. ഇത് പല പ്രശ്നങ്ങൾക്കും വഴിയൊരുക്കാം. പൊളിക്കാൻ നൽകുന്ന വാഹനങ്ങൾക്ക് കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല എങ്കിൽ വാഹനം പൊളിക്കാതെ തകരാറുകള്‍ പരിഹരിച്ച് വീണ്ടും നിരത്തിലിറക്കിയേക്കാം.
ഇത്തരം വാഹനം ഉടമകൾ അറിയാതെ കച്ചവടം ചെയ്യപ്പെടുകയും മോഷണം കള്ളക്കടത്തൽ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. പിന്നീട് എപ്പോഴെങ്കിലും പിടിക്കപ്പെടുമ്പോള്‍ ഇവയുടെ RC റദ്ദാക്കാത്തത് മൂലം വാഹനയുടമ ഈ കുറ്റകൃത്യത്തില്‍ മനസ്സ് അറിയാതെ തന്നെ കുടുങ്ങുന്ന സ്ഥിതി വരെ വന്നേക്കാം.
പൊളിക്കാൻ നൽകിയ വാഹനത്തിന്റെ എന്‍ജിനോ ഷാസിയോ മറ്റ് ഏതെങ്കിലും വാഹനത്തില്‍ ഘടിപ്പിച്ചോ വെട്ടിച്ചേർത്തോ ഉപയോഗപ്പെട്ടേക്കാം. മുഴുവനായി അല്ലെങ്കിലും ഇവയുടെ നമ്പർ മാത്രമായും എടുത്ത് ഉപയോഗിക്കപ്പെടാം. ഏതെങ്കിലും കുറ്റകൃത്ത്യത്തിൽ പിടിക്കപ്പെട്ടാല്‍ ഈ എന്‍ജിന്‍, ഷാസി നമ്പര്‍ എന്നിവ മുഖാന്തരവും RC ഉടമയ്ക്കെതിരേ നടപടി വന്നേക്കാം.
മോഷണങ്ങൾക്കും കുറ്റകൃത്യങ്ങള്‍ക്കുമല്ലാതെ നിരീക്ഷണ ക്യാമറകളിൽ പെടുന്ന നിയമലംഘനങ്ങള്‍ക്കും പിഴയും മറ്റ് സന്ദേശങ്ങളും RC ഉടമയെ തേടി എത്തും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായിട്ടാണ് വാഹനം പൊളിക്കുന്നതിനായി അടുത്തുള്ള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന പുതിയ നിര്‍ദേശം. വണ്ടി പൊളിച്ചതിനു ശേഷവും പരിശോധനയ്ക്ക് വിധേയമാക്കി പരിവാഹൻ വെബ്സൈറ്റിൽ ഉള്‍പ്പെടെ RC റദ്ദായി എന്ന് ഉറപ്പാക്കണം എന്നും അധികൃതര്‍ പറയുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








