റോഡ് നന്നാക്കിയാല്‍ മാത്രം പോര സാറേ... ട്രാഫിക് ബോര്‍ഡുകള്‍ക്കും കുറച്ച് പ്രശ്‌നങ്ങളുണ്ട്
അടുത്തിടെയാണ് ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറിയത്. ജനസംഖ്യയുടെ കൂടെ തന്നെ രാജ്യത്തെ വാഹനങ്ങളുടെ എണ്ണവും പെരുകുകയാണ്. ഇന്ന് ഒരു വാഹനമില്ലാത്ത വീട് ഇന്ത്യയില്‍ കുറവായിരിക്കും. ടൂവീലറുകളാണ് എണ്ണത്തില്‍ കൂടുതലെങ്കിലും കോവിഡിന്റെ വരവോടെ ജനങ്ങള്‍ സുരക്ഷിതമായ ഗതാഗത മാര്‍ഗമെന്ന നിലയില്‍ കാറുകളും വാങ്ങി തുടങ്ങിയിട്ടുണ്ട്.
അത് വില്‍പ്പനയിലും പ്രതിഫലിച്ചു. കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ മാറിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഉത്സവകാലത്ത് പല വാഹന നിര്‍മാതാക്കളും റെക്കോഡ് വില്‍പ്പനയാണ് നേടിയത്. വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിലും അധികാരികള്‍ ശ്രദ്ധിക്കുന്നുണ്ട്. അതിന്റെ ഭാഗമായി കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം നിരവധി ലോകോത്തര ഹൈവേകളാണ് അടുത്ത കാലത്തായി തുറന്നത്.

മലയാളികള്‍ക്ക് ഏറെ പ്രയോജനകരമായ ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ് വേ തുറന്നത് അടുത്ത കാലത്താണ്. കേരളത്തിലും ഹൈവേ നിര്‍മാണം തകൃതിയായാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. കേരളത്തിലും മള്‍ട്ടിലെയ്ന്‍ ഹൈവേകള്‍ വരുന്നതോടെ ഗതാഗതം സുഖമമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്ത്യന്‍ റോഡുകളിലെ ട്രാഫിക് ബോര്‍ഡുകള്‍ നിലവാരത്തിനൊത്തുയര്‍ന്നതാണോ. അവയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉള്ളതായി ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അവയെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
ഇന്ത്യയിലെ റോഡ് സൈനുകള്‍ കാലഹരണപ്പെട്ടതും ദൃശ്യപരത കുറഞ്ഞതുമാണെന്ന് പൊതുവേ വിമര്‍ശനമുണ്ട്. രാജ്യത്തെ റോഡുകള്‍ അനുദിനം വികസിച്ച് കൊണ്ടിരിക്കുകയാണെങ്കിലും ഗ്രാമീണ മേഖലകളില്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ സ്ഥിതി അതിദയനീയമാണെന്ന് പറയാതിരിക്കാനാവില്ല. റോഡുകള്‍ തന്നെ മോശമായിരിക്കുമ്പോള്‍ പിന്നെ ട്രാഫിക് ബോര്‍ഡുകളുടെ കാര്യം പറയാതിരിക്കുന്നതല്ലേ ബുദ്ധി. പലയിടത്തും ട്രാഫിക് സൈന്‍ ഹോര്‍ഡിംഗ് തകര്‍ന്നിരിക്കുന്നതായി കാണാം.

അതുമല്ലെങ്കില്‍ ബോര്‍ഡില്‍ എഴുതിയിരിക്കുന്നതോ ചിത്രീകരിക്കുന്നതോ ആയ കാര്യങ്ങള്‍ കൃത്യമായി കാണാനോ മനസ്സിലാക്കാന്‍ സാധിക്കാത്ത വിധം വികൃതമായിരിക്കും. മഴ പെയ്ത് കഴിഞ്ഞാല്‍ റോഡരികില്‍ മരങ്ങളും സസ്യങ്ങളും വളര്‍ന്ന് ട്രാഫിക് ബോര്‍ഡുകളുടെ ദൃശ്യപരത തടസ്സപ്പെടുത്തുന്നതും ഒരു പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ആ ഒരു ട്രാഫിക് ബോര്‍ഡ് കൊണ്ട് നാട്ടുകാര്‍ക്ക് യാതൊരു ഉപകാരവും കാണില്ല.
നീളമേറിയ ഹൈവേകളില്‍ ചിലയിടങ്ങളില്‍ റോഡ് അടയാളങ്ങളൊന്നും കാണാന്‍ സാധിക്കില്ലെന്ന പ്രശ്‌നവുമുണ്ട്. ഇത്തരം ഇടങ്ങള്‍ വരുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു നിര്‍ബന്ധിത ട്രാഫിക് ബോര്‍ഡ് ഉണ്ടായിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. അത് സ്‌കൂള്‍ സൈനോ, സ്പീഡ് ബ്രേക്കറോ, വലിയ വളവുകളോ, ഓവര്‍ടേക്ക് പാടില്ലാത്ത മേഖലയോ മറ്റെന്ത് കാര്യമായാലും ശരി.

ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളില്‍ താരതമ്യേന ചെറുതും രാത്രിയില്‍ പല ഡ്രൈവര്‍മാര്‍ക്കും വായിക്കാന്‍ കഴിയാത്തതുമായ മൈല്‍സ്‌റ്റോണുകള്‍ (നാഴികക്കല്ല്) കാണാം. ഇത് കൊണ്ട് യാതൊരു ഉപകാരവുമില്ല. ഉയര്‍ന്ന റേഡിയം ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ സാധിക്കും. ഇന്നത്തെ ആധുനിക കാറുകള്‍ പുതു പുത്തന്‍ സാങ്കേതികവിദ്യകളുമായിട്ടാണ് വരുന്നത്.
റോഡുകളുടെ നിലവാരം പുരോഗമിക്കുന്നതിന് അനുസരിച്ച് മാറ്റങ്ങള്‍ എല്ലായിടത്തും സാധ്യമാകണം. മോഡേണ്‍ കാറുകള്‍ നൂതന ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് നിരത്തിലെത്തുന്നത്. ഇത്തരം സംവിധാനങ്ങളുടെ സഹായത്തോടെ റോഡിലെ വേഗത പരിധി ട്രാഫിക് അടയാളങ്ങള്‍, ലെയ്ന്‍ മാറ്റം എന്നിവയെ കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.
അതിനാല്‍, പുതിയ കാലത്തിനും പുതിയ വാഹനങ്ങള്‍ക്കും അനുസൃതമായി റോഡ് സൈനുകള്‍ പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ്. റോഡ് വികസനം ശ്രദ്ധിക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കും അര്‍ഹമായ പരിഗണന നല്‍കണം. അതിനാല്‍ റോഡ് സുരക്ഷ നോക്കുമ്പോള്‍ വലിയ പരിഗണന കാല്‍നടയാത്രക്കാര്‍ക്ക് നല്‍കിയാല്‍ നന്നാകും. റോഡുകള്‍ വികസിപ്പിക്കുമ്പോള്‍ അധികാരികള്‍ ഇത്തരം ബോര്‍ഡുകളുടെ കാര്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ അത് സുഗമമായ ഗതാഗതത്തിനും സുരക്ഷക്കും മുതല്‍ക്കൂട്ടാകും.


Click it and Unblock the Notifications








