ഒന്നല്ല രണ്ടല്ല എട്ട് ഇരട്ടി! 15 വർഷത്തിന് മുകളിലുള്ള വാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് കുത്തനെ ഉയർത്തി കേന്ദ്രം
രാജ്യത്തെ മോട്ടോർ വാഹന നിയമങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വളരെയധികം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പുത്തൻ എമിഷൻ മാനദണ്ഡങ്ങൾ, സുരക്ഷാ നിലവാരം, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയോടു അനുൂബന്ധിച്ചാണ് അടുത്തിടെ വന്നിട്ടുള്ള പ്രധാന മാറ്റങ്ങളും പരിഷ്കരണങ്ങളും.

ഇതോടു അനുബന്ധിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസത്തിൽ, 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് വീണ്ടും രജിസ്ട്രേഷൻ തുകയും മുടക്കം സംഭിച്ചാൽ കനത്ത പിഴയും ഈടാക്കുന്നതിന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഗ്രീൻ സിഗ്നൽ നൽകി. 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന 1989 -ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ ഭേദഗതിയുടെ ഭാഗമാണ് പുതിയ നിയമം.

ഈ പുതിയ നിയമം അനുസരിച്ച്, 15 വർഷം പഴക്കമുള്ള ഇരുചക്രവാഹനങ്ങൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഇംപോർട്ട് ചെയ്യുന്ന ഫോർ വീലറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയുടെയെല്ലാം ഉടമകളിൽ നിന്നും ഇപ്പോൾ ഈടാക്കുന്ന യഥാർത്ഥ തുകയുടെ ഏകദേശം മൂന്ന് മുതൽ എട്ട് മടങ്ങ് വരെ അധികം ഈടാക്കും.

തൽഫലമായി, 15 വർഷം പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ രജിസ്‌ട്രേഷന് നിലവിലെ ചാർജായ 300 രൂപയിൽ നിന്ന് 1,000 രൂപ ഫീസ് ഇനത്തിൽ ഈടാക്കും, അതേസമയം ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് നിലവിലെ 600 രൂപയിൽ നിന്ന് 5,000 രൂപ നൽകേണ്ടി വരും. ഇറക്കുമതി ചെയ്യുന്ന ഫോർ വീലർ വാഹനങ്ങളുടെ റീ രജിസ്‌ട്രേഷൻ ചാർജ് 15,000 രൂപയിൽ നിന്ന് 40,000 രൂപയായും ഉയർന്നു.

അതുപോലെ, 15 വർഷം പഴക്കമുള്ള ത്രീ വീലർ വാഹനങ്ങളുടെ റീ രജിസ്‌ട്രേഷൻ നിരക്ക് ഇപ്പോൾ 2,500 രൂപയും ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്ക് 10,000 രൂപയുമാണ്.

റീ രജിസ്‌ട്രേഷൻ തീയതിയുടെ സമയപരിധിക്കപ്പുറം എന്തെങ്കിലും കാലതാമസം ഉണ്ടായാൽ, ഇരുചക്ര വാഹനങ്ങൾക്ക് പ്രതിമാസം 300 രൂപയും എല്ലാ ത്രീ വീലറുകൾക്കും ഫോർ വീലറുകൾക്കും 500 രൂപ വീതവും അധിക പിഴ ഈടാക്കും എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നിരുന്നാലും, പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ നിരക്കിൽ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല. അതിനാൽ ഇത് ഇരുചക്ര വാഹനങ്ങൾക്ക് 300 രൂപയും ത്രീ വീലറുകൾക്കും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും 600 രൂപയും ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്ക് 2,500 രൂപയും, ഇറക്കുമതി ചെയ്യുന്ന ഫോർ വീലർ വാഹനങ്ങൾക്ക് 5000 രൂപയുമായി തന്നെ തുടരുന്നു.

ഇവ കൂടാതെ, 15 വർഷത്തിലധികം പഴക്കമുള്ള എല്ലാത്തരം മോട്ടോർ വാഹനങ്ങൾക്കും ഫിറ്റ്‌നസിന്റെ ടെസ്റ്റുകൾക്കും പുതുക്കൽ സർട്ടിഫിക്കറ്റുകൾക്കുമുള്ള നിരക്കുകളും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചു.

ഗിയറുള്ള വാഹനങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് 400 രൂപ, മാനുവൽ ത്രീ വീലറുകൾക്കും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും 800 രൂപ, ഇടത്തരം ഗുഡ്‌സ്/പാസഞ്ചർ വാഹനങ്ങൾക്ക് 800 രൂപ, ഹെവി ഗുഡ്‌സ്/പാസഞ്ചർ വാഹനങ്ങൾക്ക് 1000 രൂപ എന്നിങ്ങനെയാണ് നിരക്ക്.

അതുപോലെ, ഗിയർലെസ്, ഓട്ടോമാറ്റിക് മോട്ടോർ വാഹനങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് 500 രൂപ, ത്രീ വീലറുകൾക്കും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും 1,000 രൂപ, മീഡിയം ഗുഡ്‌സ്/പാസഞ്ചർ വാഹനങ്ങൾക്ക് 1,300 രൂപ, ഹെവി ഗുഡ്‌സ്/പാസഞ്ചർ വാഹനങ്ങൾക്ക് 1,500 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ആവശ്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയെടുകുന്നതിൽ നിങ്ങൾ എന്തെങ്കിലും കാലതാമസം വരുത്തുകയാണെങ്കിൽ, വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ അധികമായി ഈടാക്കും.

ഈ പുതിയ നിയമം പലരെയും തങ്ങളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കി പുതിയവ വാങ്ങാൻ പ്രേരിപ്പിക്കുമെങ്കിലും, പുതിയ വാഹനം വാങ്ങാൻ കഴിയാത്ത ആളുകൾക്ക് ഇത് ഒരു വൻ സാമ്പത്തിക ബാധ്യതയായി മാറും എന്നതിൽ സംശയം ഒന്നുമില്ല.

അതോടൊപ്പം രാജ്യത്ത് ഇവി അഡോപ്ഷൻ വേഗത്തിലാക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാുകൾ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പഴയ വാഹനങ്ങൾ ഘണ്ഡം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന സ്ക്രാപ്പിംഗ് നയവും ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

വരും കാലങ്ങളിൽ പ്രിയപ്പെട്ട പഴയ വാഹനങ്ങൾ കൈവിട്ട് കളയാതെ സൂക്ഷിക്കുക എന്നത് അല്പം ബുദ്ധിമുട്ടും ചെലവേറിയതുമായിരിക്കും എന്നത് നിസംശയം പറയാം.


Click it and Unblock the Notifications