തിരിച്ചു വരവ് ശോഭിക്കുമോ; റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു, പിടിവിടാതെ എംവിഡി
പെർമിറ്റുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ട ഒരു ബസ് സർവീസാണ് റോബിൻ. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് വീണ്ടും സര്‍വീസിനിറങ്ങിയിരിക്കുകയാണ്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് പുറപ്പെട്ടപ്പോൾ തന്നെ എംവിഡി പരിശോധന നടത്തിയിരുന്നു. 41 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. മൈലപ്രയിലാണ് എംവിഡി യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ചത്.
തടസങ്ങൾ പ്രതീക്ഷിച്ചു തന്നെയാണ് സർവീസ് പുനരാരംഭിച്ചതെന്നാണ് റോബിൻ്റെ ഉടമ പറഞ്ഞത്. നാല് ബസുകളാണ് ഇത്തരത്തിൽ സർവീസ് നടത്താനൊരുക്കുന്നത്. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഈ ബസ്സിനെ മോട്ടോർ വാഹന വകുപ്പ് നിരന്തരം വേട്ടയാടുന്നു എന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പടർന്നിരുന്നു.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൻ്റെ ബലത്തിലാണ് റോബിൻ ബസ്സ് ഈ സർവീസ് നടത്തിയിരുന്നത്. ഈ പെർമിറ്റ് കോഴിക്കോട് സ്വദേശിയായ കെ. കിഷോറിൻ്റെ പേരിലാണ് ഈ പെർമിറ്റ്, എന്നിരുന്നാലും നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരുന്നു. എന്നാൽ ഈ പെർമിറ്റ് ട്യൂറിസ്റ്റുകളുമായി യാത്ര ചെയ്യാൻ മാത്രമുള്ളതാണ്. ബസിനു മുന്നിൽ ബോർഡും വെച്ച് യാത്രക്കാർക്ക് ടിക്കറ്റും നൽകി ആളെ കയറ്റി ഇറക്കിയായിരുന്നു റോബിന്റെ സർവ്വീസ്.
ഇത് ഈ പെർമിറ്റ് പ്രകാരം സാധ്യമല്ല എന്ന് അടുത്തിടെ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ശരിക്കും ബസ് ഉടമ വാദിക്കുന്ന ഓൾ ഇന്ത്യ പെർമിറ്റ് എന്നത് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) എന്നാണ്. ഇന്ത്യയിൽ ഏതൊരു സംസ്ഥാനത്തേക്കും പോകാനുള്ള പെർമിറ്റ് ഓൺലൈനിൽ പണമടച്ച് കരസ്ഥമാക്കാവുന്ന ഒരു സംവിധാനമാണിത്. ഈ സംവിധാനത്തിലുടെ തന്നെ നികുതിയും ഓൺലൈനായിട്ട് അടക്കാനാവും.

ചെക്ക്പോസ്റ്റുകളിൽ വ്യത്യസ്ത ടാക്സ് അടച്ച് ഓരോ സംസ്ഥാനത്തേക്കുമുള്ള പെർമിറ്റ് നേടുന്ന മുമ്പ് നിലവിലുണ്ടായിരുന്ന പഴഞ്ചൻ സിസ്റ്റത്തിന് ബദലായിട്ടാണ് കേന്ദ്രം ഇത് അവതരിപ്പിച്ചത്. 2023 ഏപ്രിലിലാണ് ഈ പുത്തൻ പെർമിറ്റ് രംഗത്ത് വരുന്നത്, പഴയ സിസ്റ്റം ടൂറിസം മേഘലയുടെ വളർച്ചയ്ക്ക് ഒരു തടസമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് അവതരിപ്പിക്കുന്നത്.
കടുത്ത നടപടികളാണ് ബസിനെതിരെ മോട്ടോർ വാഹനവകുപ്പ് ഇതുവരെ സ്വീകരിച്ചത്. പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് നിരന്തരം പിഴയും ഈടാക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കുന്ന തരത്തിൽ പെർമിറ്റ് ലംഘനം നടത്തുന്നു എന്ന് കാണിച്ചാണ് അധികൃതർ ബസ് പിടിച്ചെടുത്തിരുന്നത്. മോട്ടോർ വാഹനവകുപ്പ് വാഹനത്തിനെതിരെ കേസും എടുത്തിട്ടുണ്ട്.
പെർമിറ്റ് തുകയിൽ നിന്ന് പ്രവേശനനികുതി ഈടാക്കുന്നില്ല എന്നും, അത് കൊണ്ട് തന്നെ പ്രവേശന നികുതി പ്രത്യേകമായി പിരിക്കാനുളള അധികാരം സംസ്ഥാന സർക്കാരിനുണ്ട് എന്നാണ് പ്രധാനമായും സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മുലത്തിൽ പറയുന്നത്. 2023-ലെ ചട്ട പ്രകാരം കേന്ദ്രത്തിന് ലഭിക്കുന്ന പെര്‍മിറ്റ് തുക ബസ് സര്‍വീസ് നടത്തുന്ന വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വെള്ള നിറത്തിലുള്ള ലക്ഷ്വറി ബസുകൾക്കാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നൽകുന്നത്. അതോടൊപ്പം ബസിന്റെ ബോഡിയുടെ മധ്യഭാഗത്തായി 5 സെന്റീമീറ്റർ വീതിയുള്ള നീല റിബണും ഇതിനായി ഉണ്ടായിരിക്കണം. കൂടാതെ, "ടൂറിസ്റ്റ്" എന്ന വാക്ക് വാഹനത്തിന്റെ ഇരുവശത്തും ഉണ്ടായിരിക്കണം എന്നതും നിർബന്ധമാണ്.
കാലാകാലങ്ങളിൽ, സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ നഗരത്തിന്റെയോ ജില്ലയുടെയോ വിവിധ റൂട്ടുകളിലേക്കുള്ള ബസുകളുടെ ആവശ്യകതയെ ആശ്രയിച്ച് ക്യാരേജ് പെർമിറ്റുകൾ അനുവദിക്കുന്നു. ഈ നഗര റൂട്ടുകളിൽ സ്ഥിരമായി യാത്രക്കാരുമായി സർവ്വീസ് നടത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ബസുകൾക്കോ മറ്റ് സ്വകാര്യ ഓപ്പറേറ്റർമാർക്കോ ഈ പെർമിറ്റുകൾ അനുവദിക്കും.
ഒരു ചാർട്ടേഡ് ബസ് പെർമിറ്റ് ഉടമയ്ക്ക് നഗരത്തിനകത്തോ നഗരത്തിന് പുറത്തോ ഒരു നിശ്ചിത ലക്ഷ്യസ്ഥാനത്തിനായി തന്റെ ക്ലയന്റുമായി കരാർ പ്രകാരം പ്രവർത്തിക്കാൻ കഴിയും. ഇതിനായി ഇടപാടുകാരും ഓപ്പറേറ്റർമാരും തമ്മിൽ ഒരു കരാർ ഉണ്ടാക്കുകയും യാത്രക്കാരുടെ ലിസ്റ്റ് ബസ് ഡ്രൈവറുടെ പക്കൽ ഉണ്ടായിരിക്കുകയും വേണം. ലിസ്റ്റിൽ പറഞ്ഞിരിക്കുന്നവരല്ലാതെ പെർമിറ്റ് ഉടമയ്ക്ക് യാത്രക്കാരെ എടുക്കാൻ കഴിയില്ല.
ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഗുഡ്സ് കാരിയർ പെർമിറ്റ് നിർബന്ധമാണ്. മോട്ടോർ വെഹിക്കിൾസ് ആക്ട് 1988 -ലെ സെക്ഷൻ 79 പ്രകാരമാണ് ഈ പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തിനുള്ളിൽ ഒരു വാഹനം പ്രവർത്തിക്കാൻ ഇത് അനുവദിക്കുന്നു. ഈ പെർമിറ്റ് ഒരു സംസ്ഥാനം നൽകിയതാണെങ്കിലും ബന്ധപ്പെട്ട സംസ്ഥാനത്തിന്റെയോ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയോ അംഗീകാരത്തിലൂടെ വിവിധ സംസ്ഥാനങ്ങളിൽ സാധുതയുള്ളതാണ്.


Click it and Unblock the Notifications








