10.50 കോടിയുടെ റോള്‍സ് റോയ്‌സ് വാങ്ങി ആദ്യം ചെയ്തത് കണ്ടോ? പൂജാരി പോലും ഫാനായി പോയി
ഇന്ത്യക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയാല്‍ മതപരമായ ആചാരങ്ങള്‍ പിന്തുടരുന്ന പതിവുണ്ട്. ഹൈന്ദവ വിശ്വാസികള്‍ കാര്‍ അമ്പലത്തില്‍ എത്തിച്ചോ അല്ലാതെയോ പൂജ കഴിപ്പിച്ച ശേഷമായിരിക്കും പുതിയ വാഹനത്തില്‍ യാത്രകള്‍ ആരംഭിക്കുക. ഇന്ത്യയിലാണെങ്കിലും വിദേശത്താണെങ്കിലും ഈ ആചാരങ്ങള്‍ മുടക്കാത്ത ആളുകളുണ്ട്. മാത്രമല്ല അത് എത്ര കുറഞ്ഞ വിലയുള്ള വാഹനവും എത്ര വിലകൂടിയ വാഹനങ്ങളുമാണെങ്കിലും ഇൗ ആചാരത്തിന് മുടക്കം വരാറില്ല. ഇപ്പോള്‍ ബാംഗ്ലൂരില്‍ 10 കോടി രൂപ വില വരുന്ന ഒരു ആഡംബര കാറിന് പൂജ നടത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഓട്ടേമൊബിലി ആര്‍ഡെന്റ് ആണ് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ റോള്‍സ് റോയ്‌സ് കലിനന്‍ സീരീസ് II ഡെലിവറി വീഡിയോ പങ്കുവെച്ചത്. ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡ് പുറത്തിറക്കിയ ആദ്യത്തെ എസ്‌യുവിയാണ് കലിനന്‍. പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കലിനനിന് ആര്‍ട്ടിക് വൈറ്റ് ഫിനിഷും വലിയ പോളിഷ്ഡ് വീലുകളും ലഭിക്കുന്നു. ഡ്യുവല്‍ മന്ദാരിന്‍ കോച്ച്ലൈനും ഉണ്ട്.

4 സീറ്റര്‍ കോണ്‍ഫിഗറേഷനിലുള്ള കാറിന് അര്‍മാഗ്‌നാക് ഫിനിഷിലുള്ള ഇന്റീരിയറാണ് ലഭിക്കുന്നത്. റോള്‍സ് റോയ്‌സിന്റെ ഡെലിവറി ചടങ്ങിനെത്തിയ പൂജാരിയും ഒരു വാഹനപ്രേമിയാണെന്ന് തോന്നുന്നു. കാരണം പൂജാ കര്‍മങ്ങള്‍ക്ക് ശേഷം അദ്ദേഹം കാറിന്റെ അരികില്‍ നിന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് വാഹനം പുതിയ ഉടമയ്ക്ക് കൈമാറി. ഈ കാറിന്റെ ഉടമയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചിട്ടില്ല.
2024 മെയിലാണ് കലിനന്‍ സീരീസ് II ആഗോള തലത്തില്‍ അരങ്ങേറിയത്. സെപ്റ്റംബറില്‍ മോഡല്‍ ഇന്ത്യയിലെത്തി. മുഖംമിനുക്കിയ പതിപ്പ് 10.50 കോടി രൂപ അടിസ്ഥാന വിലയിലാണ് പുറത്തിറക്കിയത്. ബ്ലാക്ക് ബാഡ്ജ് പതിപ്പിന് 12.50 കോടി രൂപയാണ് വില. ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ്‌യുവികളിലൊന്നാണ് കലിനന്‍ ബ്ലാക്ക് ബാഡ്ജ്.

പ്രീ-ഫെയ്സ്ലിഫ്റ്റഡ് കലിനന് 6.95 കോടി രൂപ മാത്രമായിരുന്നു എക്‌സ്-ഷോറൂം വില. ബ്ലാക്ക് ബാഡ്ജിന് 8.20 കോടി രൂപയും എക്‌സ്-ഷോറൂം വിലയുണ്ടായിരുന്നു. ഡിസൈനിലും ടെക്‌നോളജിയിലും വരുത്തിയ പരിഷ്‌കാരങ്ങള്‍ ഈ വില വര്‍ധനവ് ന്യായീകരിക്കുന്നുണ്ട്. 2024 അവസാനത്തോടെയാണ് പുതിയ കലിനനിന്റെ കസ്റ്റമര്‍ ഡെലിവറി തുടങ്ങിയത്.
571 hp പവറും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 എഞ്ചിനാണ് കലിനന്‍ സീരീസ് II എസ്‌യുവിയുടെ ഹൃദയം. അതേസമയം 600 hp പവറും 900 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ബ്ലാക്ക് ബാഡ്ജ് പതിപ്പിലെ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു. ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സംവിധാനവും കാറില്‍ വരുന്നുണ്ട്.

ഫെയ്സ്ലിഫ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കലിനന്‍ സീരിസ് II സ്‌റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇപ്പോള്‍ മോഡലിന് L-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളുള്ള സ്ലിം ഹെഡ്ലാമ്പുകള്‍ ലഭിക്കുന്നു. പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറും വലിയ എയര്‍ ഡാമുകളും കാറിന് ലഭിക്കുന്നു. സൂക്ഷ്മമായ റീസ്‌റ്റൈലിംഗിന് വിധേയമായ ഗ്രില്‍ ഫ്രണ്ട് ഫാസിയയുടെ മൊത്തത്തിലുള്ള ഭംഗി കൂട്ടി. പുതിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്‌കിഡ് പ്ലേറ്റ് നഇകി റിയര്‍ ബമ്പറും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
പുതിയ സെറ്റ് അലോയ് വീലുകളും എസ്‌യുവിക്ക് നല്‍കിയിട്ടുണ്ട്. അകത്തളത്തിലും കാര്യമായ മാറ്റങ്ങളുണ്ട്. കൂടുതല്‍ സാങ്കേതികവിദ്യകളും സവിശേഷതകളും ചേര്‍ത്ത് മുമ്പത്തേക്കാള്‍ ആഡംബരപൂര്‍ണമാക്കിയിട്ടുണ്ട്. ഡാഷ്ബോര്‍ഡില്‍ ഇപ്പോള്‍ ഫാന്റം VIII-ല്‍ കാണപ്പെടുന്നതിന് സമാനമായ ഫുള്‍-വിഡ്ത്ത് ഗ്ലാസ് പാനല്‍ ലഭിക്കുന്നു. ഒരു പുതിയ ഡിസ്‌പ്ലേ കാബിനറ്റും അനലോഗ് ക്ലോക്കും ഒരു മിനിയേച്ചറൈസ് ചെയ്ത ഇല്യൂമിനേറ്റഡ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി മാസ്‌കോട്ടും ഇതില്‍ നല്‍കിയിട്ടുണ്ട്.
സീരീസ് II കലിനന് സ്പിരിറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പും ലഭിക്കുന്നു. മെച്ചപ്പെട്ട ഗ്രാഫിക്‌സും മികച്ച ടച്ച് റെസ്‌പോണസും ഇത് വാഗ്ദാനം ചെയ്യുന്നു. എക്‌സ്റ്റീരിയര്‍ കളറുമായി പൊരുത്തപ്പെടുന്ന നിറം ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് നല്‍കുന്ന തരത്തില്‍ പേഴ്‌സണലൈസേഷന്‍ ചോയ്‌സുകളും കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








